നിർമ്മാതാക്കൾ തമ്മിൽ പോര് മുറുകുന്നു; സാന്ദ്രയുടെ പട്ടി ഷോയ്ക്ക് മറുപടി പറയാൻ സമയമില്ലെന്ന് വിജയ് ബാബു

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർമ്മാതാക്കൾ തമ്മിൽ പോര് മുറുക്കുന്നു. സിനിമ നിർമാതാക്കളായ സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിലാണ് സോഷ്യൽ മീഡിയയിലൂടെ പരസ്പരം പോരടിക്കുന്നത്. സാന്ദ്ര തോമസ് കോടതിയിൽ തിരിച്ചടി നേരിട്ടതോടെയാണ് വിജയ് ബാബു സാന്ദ്രക്കെതിരെ പോസ്റ്റിട്ടത്. ഇപ്പോൾ അതിന് മറുപടിയായാണ് സാന്ദ്ര ഫെയ്സ്ബുക്ക് പേജിലൂടെ പ്രതികരിച്ചത്. വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാമെന്നും എന്നാൽ പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുമോ എന്ന കാര്യത്തിലാണ് പേടിയെന്നാണ് സാന്ദ്ര പോസ്റ്റിട്ടത് .
വിജയ് ബാബുവും ഇതിനു മറുപടിയുമായി രംഗത്തെത്തിയിരുന്നു. നിയമം പരിശോധിക്കുന്നത് തന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ്. നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ്, അത് കോടതി വിലയിരുത്തും. സാന്ദ്ര ഇനി ഓക്കാനിക്കുമ്പോൾ സൂക്ഷ്മത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്നെന്നും വിജയ് ബാബു പ്രതികരിച്ചിരുന്നു. കൂടാതെ സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിംസ് ഹൗസിനെ പ്രതിനിധീകരിക്കാനും യോഗ്യതയില്ലെന്ന പഴയ പോസ്റ്റും പങ്കുവച്ചിരുന്നു.
സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ഉപയോഗിച്ച് ജനശ്രദ്ധ നേടുന്നത് നല്ല കാര്യമല്ല. തന്നെ കൂടുതൽ പ്രകോപിപ്പിക്കരുതെന്നും, അങ്ങനെ ഉണ്ടായാൽ 2010 മുതലുള്ള ചാറ്റുകൾ പുറത്തുവിടുമെന്നും വിജയ് ബാബു ഭീഷണി സ്വരത്തിൽ പറഞ്ഞിരുന്നു. തനിക്കു മൃഗങ്ങളെ ഇഷ്ടമാണെന്നും, അവർ മനുഷ്യരേക്കാൾ നന്ദി ഉള്ളവരാണെന്നും പോസ്റ്റിൽ പറഞ്ഞു. കുറുനരിയുടെ ചിത്രത്തിനൊപ്പമാണ് ഈ പോസ്റ്റ് പങ്കുവച്ചത്. പിന്നീട് മറ്റൊരു പോസ്റ്റിൽ താനൊരു നായ്കുട്ടിയെ വാങ്ങിയെന്നും സാന്ദ്രയുടെ പട്ടി ഷോയ്ക്കു മറുപടി പറയാൻ സമയമില്ലെന്നും വിജയ് ബാബു പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here