സെല്‍ഫ് ഗോളുകള്‍ ഏറ്റുവാങ്ങി സംസ്ഥാന ബിജെപി നേതൃത്വം; കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ ജനരോഷം ആളിക്കത്തുമ്പോള്‍ മിണ്ടാട്ടം മുട്ടി ക്രിസംഘികള്‍

ക്രൈസ്തവര്‍ക്ക് നേരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തുടരെത്തുടരെ അക്രമങ്ങള്‍ ഉണ്ടായിട്ടും പ്രതികരിക്കാതിരിക്കുന്ന കേരള ഘടകത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷം. വരാനിരിക്കുന്ന പഞ്ചായത്ത് – നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പരമാവധി ക്രൈസ്തവ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ കേക്കും കെട്ടിപ്പിടുത്തവുമായി ക്രിസ്ത്യാനികളുടെ വീടുകളിലും അരമനകളിലും കയറി നടക്കുന്നതിനിടയിലാണ് ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്. ബിജെപിയുടെ ക്രിസ്ത്യന്‍ മുഖങ്ങളെന്നറിയപ്പെടുന്ന കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, പിസി ജോര്‍ജ്, ഷോണ്‍ ജോര്‍ജ്, അനൂപ് ആന്റണി, എകെ ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി തുടങ്ങിയവര്‍ മിണ്ടാട്ടം മുട്ടി നടക്കയാണ്.

ALSO READ : കാസക്കെതിരെ കത്തോലിക്ക സഭ; ക്രിസ്ത്യാനികളെ ഒറ്റിക്കൊടുക്കുന്ന ക്രൈസ്തവ നാമധാരികളെ തിരിച്ചറിയണമെന്ന് ദീപികയില്‍ എഡിറ്റോറിയല്‍

പരമാവധി ‘ഇസ്ലാമോ ഫോബിയ’ വളര്‍ത്തി ക്രൈസ്തവ വോട്ടുകള്‍ നേടാന്‍ കാസ പോലുള്ള സംഘടനകളെ കൂട്ടുപിടിച്ച് പ്രചരണങ്ങള്‍ നടത്തിവരികയാണ്. മുനമ്പം പോലുള്ള വൈകാരിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രശ്‌ന പരിഹാരം നേടിക്കൊടുക്കുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നടന്നില്ല. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് കേരളത്തില്‍ പറയുകയും വടക്കേ ഇന്ത്യയില്‍ അവരെ വേട്ടയാടി ഇല്ലാതാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് കേരളത്തിലിനി അധികം വില പോവുമെന്ന് തോന്നുന്നില്ല. ക്രൈസ്തവ വേട്ടക്കെതിരെ പേരിനു പോലും അപലപിക്കാന്‍ തയ്യാറാകാത്ത സംസ്ഥാന ബിജെപി നേതൃത്വത്തിന് മരുന്നിനു പോലും ക്രിസ്ത്യന്‍ വോട്ടുകള്‍ കിട്ടാനിടയില്ല. ബിജെപിയെ പിന്തുണയ്ക്കുന്ന നാമ മാത്രമായ ക്രിസംഘികള്‍ പോലും നാട് വിട്ട അവസ്ഥയിലാണ്.

ALSO READ : മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്രംഗ്ദൾ അതിക്രമം; അവസാനമില്ലാത്ത ക്രൈസ്തവ പീഡനങ്ങള്‍

സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ രംഗത്ത് വന്നതോടെ ബിജെപിക്ക് ന്യൂനപക്ഷ വോട്ടുകള്‍ കിട്ടാക്കനിയായി മാറും. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് ചില കത്തോലിക്ക മെത്രാന്‍മാരെ പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കിയതുകൊണ്ട് തൃശൂരില്‍ നിന്ന് സുരേഷ് ഗോപിക്ക് ജയിക്കാനായി. എന്നാല്‍ അനുദിനം ന്യൂനപക്ഷ വേട്ട തുടരുന്ന സാഹചര്യത്തില്‍ ബിജെപിക്ക് രഹസ്യ പിന്തുണ നല്‍കിയ മെത്രാന്‍മാരും ചുവടു മാറ്റിക്കഴിഞ്ഞു.

ALSO READ : ഇന്ത്യയില്‍ ക്രൈസ്തവ വേട്ടകള്‍ വര്‍ദ്ധിക്കുന്നു; ഇടപെടണമെന്ന് വത്തിക്കാനോട് ആവശ്യപ്പെട്ട് യുസിഎഫ്

18 ശതമാനം വരുന്ന ക്രൈസ്തവ വോട്ടുകളില്‍ കുറഞ്ഞത് അഞ്ചു ശതമാനം വോട്ടുകളെങ്കിലും സമാഹരിച്ചാല്‍ മാത്രമേ നിയമസഭയില്‍ സീറ്റുകള്‍ നേടാനാവുകയുള്ളു. എപ്പോഴൊക്കെ സംസ്ഥാന ബിജെപി നേതൃത്വം ക്രൈസ്തവ വോട്ട് നേടാന്‍ ശ്രമിക്കുമ്പോഴൊക്കെ വടക്കേ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ സംഘപരിവാര്‍ അക്രമം അഴിച്ചുവിടുന്നത് പതിവാണ്. അത്തരം അക്രമങ്ങള്‍ മലയാള മാധ്യമങ്ങള്‍ വലിയ തോതില്‍ ആഘോഷിക്കുകയും ബിജെപിയെ പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്നുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top