കാസക്കെതിരെ കത്തോലിക്ക സഭ; ക്രിസ്ത്യാനികളെ ഒറ്റിക്കൊടുക്കുന്ന ക്രൈസ്തവ നാമധാരികളെ തിരിച്ചറിയണമെന്ന് ദീപികയില്‍ എഡിറ്റോറിയല്‍

വര്‍ഗീയ വാദികളുടെ കംഗാരു കോടതികള്‍ ട്രെയിനിലും തെരുവിലും ക്രിസ്ത്യാനികളെ വിചാരണ ചെയ്യുകയാണ്, വടക്കെ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയും കേരളത്തില്‍ ക്രിസ്ത്യാനികളോട് പ്രേമം നടിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് അവരുടെ കേരള ഘടകം തിരിച്ചറിയണമെന്ന് കത്തോലിക്ക സഭ മുഖപത്രമായ ദീപിക. ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് മുഖപ്രസംഗത്തിലെ അതിരൂക്ഷ വിമര്‍ശനം.

ALSO READ : മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്രംഗ്ദൾ അതിക്രമം; അവസാനമില്ലാത്ത ക്രൈസ്തവ പീഡനങ്ങള്‍

ബിജെപിക്കും സംഘപരിവാറിനൊപ്പം ചേര്‍ന്ന് ക്രിസ്ത്യാനികളെ ഒറ്റിക്കൊടുക്കുന്ന ക്രിസംഘികളെയും അവരുടെ കാസ പോലുള്ള സംഘടനകളെയും ദീപിക കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. ‘ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ 2024 വരെ ക്രൈസ്തവര്‍ക്ക് നേരെ 4316 അതിക്രമങ്ങള്‍ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനും ഹിന്ദുത്വ ശക്തികള്‍ ചവിട്ടി മെതിക്കുന്ന ക്രൈസ്തവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കാനും സംഘപരിവാറിനൊപ്പം ക്രിസ്ത്യന്‍ നാമ – ശുഭ്ര വസ്ത്രധാരികളും അവരുടെ ദല്ലാളന്‍മാരും ഒളി സംഘടനകളുമുണ്ട്. പക്ഷേ, റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് തെളിയിക്കുകയോ കേസുകളില്‍ അന്വേഷണം നടത്തുകയോ ചെയ്യില്ല’ കന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന’ എന്ന എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ALSO READ : മലയാളി കന്യാസ്ത്രീകളെ പോലീസിൽ ഏൽപ്പിച്ച് ഹിന്ദുത്വ സംഘടനകൾ; സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാൻ ഭയപ്പെടുന്ന സ്ഥിതിയെന്ന് സിറോ മലബാർസഭ

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ (റെയില്‍വെ ടിടിഇ) ന്യൂനപക്ഷങ്ങളെ ചോദ്യം ചെയ്യാന്‍ തീവ്രമത സംഘടനകളെ വിളിച്ചു വരുത്തുക, യാത്രക്കാരെ മതസംഘടനകള്‍ ആള്‍ക്കൂട്ട വിചാരണ നടത്തുക, പിന്നീട് കര്‍ശന നിര്‍ദ്ദേശത്തോടെ പോലീസിന് കൈമാറുക, മത രാജ്യങ്ങളില്‍ നടക്കുന്ന ഇത്തരം ഏര്‍പ്പാടുകള്‍ ബിജെപി അറിയാതെയാണോ എന്ന ചോദ്യമാണ് ദീപിക ഉയര്‍ത്തുന്നത്.

ALSO READ : ഇന്ത്യയില്‍ ക്രൈസ്തവ വേട്ടകള്‍ വര്‍ദ്ധിക്കുന്നു; ഇടപെടണമെന്ന് വത്തിക്കാനോട് ആവശ്യപ്പെട്ട് യുസിഎഫ്

തുടരെത്തുടരെ ക്രൈസ്തവ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിക്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും പ്രതികരിക്കാതിരിക്കുന്ന ബിജെപി കേരള ഘടകത്തിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കാസ പോലുള്ള തട്ടിക്കൂട്ട് തീവ്ര വര്‍ഗീയ സംഘടനകളെ കത്തോലിക്ക സഭയിലെ ചില മെത്രാന്മാര്‍ തുടക്കത്തില്‍ പ്രോത്സാഹിപ്പിച്ചിരുന്നു എങ്കിലും അവര്‍ സംഘപരിവാറിനൊപ്പം ചേര്‍ന്ന് തീവ്രവര്‍ഗീയത പരത്തുന്നതിലെ ആപത്ത് തിരിച്ചറിഞ്ഞതോടെ അവരെ തള്ളിപ്പറയാന്‍ തയ്യാറായി എന്നത് ശ്ലാഘനീയമായ കാര്യമാണ്.

ALSO READ : ബിജെപിയുടെ ക്രൈസ്തവസ്‌നേഹം വോട്ടുതട്ടാന്‍ മാത്രം; ക്രൂരമായ വേട്ടയാടൽ വ്യാപകം; ഒരക്ഷരം മിണ്ടാതെ നേതൃത്വം

ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴിച്ച് ഏതാണ്ട് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ബിജെപി വിചാരിച്ചാല്‍ വര്‍ഗീയതയെ തളയ്ക്കാം. പക്ഷേ, അധികാരത്തിന്റെ അക്രമോത്സുക രഥം കേരളത്തില്‍ മാത്രമായി ഒഴിവാക്കാനാവുന്നില്ലെന്നും ദീപിക വിമര്‍ശിക്കുന്നുണ്ട്.

ALSO READ : പത്ത് വര്‍ഷത്തെ മോദി ഭരണകാലത്ത് ക്രൈസ്തവര്‍ക്ക് നേരെ 4316 ആക്രമണങ്ങള്‍; ന്യൂനപക്ഷ വേട്ടക്കെതിരെ നടപടിയില്ലെന്ന് യുസിഎഫ്

മുസ്ലീം വിരോധം പറഞ്ഞ് സംസ്ഥാനത്തെ ഒരു പറ്റം ക്രൈസ്തവരുടെ വോട്ട് വരും തിരഞ്ഞെടുപ്പുകളില്‍ സംഘടിപ്പിക്കാമെന്ന ബിജെപിയുടെ മോഹത്തിന് കന്യാസ്ത്രീകളുടെ അറസ്റ്റ് കനത്ത തിരിച്ചടിയാവുകയാണ്.

ദീപിക മുഖ പ്രസംഗത്തിൻ്റെ പൂർണ രുപം :

കന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന

രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വര്‍ഗീയവാദികള്‍ ഛത്തിസ്ഗഡില്‍ വിചാരണ ചെയ്തത്. ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ തനിക്കു കുറ്റവാളികളെന്നു തോന്നിയ കന്യാസ്ത്രീകളെയും ഒപ്പമുള്ളവരെയും ചോദ്യം ചെയ്യാന്‍ മതസംഘടനാ പ്രവര്‍ത്തകരെ വിളിച്ചുവരുത്തുന്നു. പിന്നെ, പാഞ്ഞെത്തിയ വര്‍ഗീയവാദികളുടെ ആള്‍ക്കൂട്ട വിചാരണ. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത്… സ്ഥിരം കുറ്റപത്രം! നിജസ്ഥിതി വെളിപ്പെടുത്തുന്ന രേഖകളെല്ലാമുണ്ടെങ്കിലും വര്‍ഗീയവാദികളുടെ ഉത്തരവു പ്രകാരം പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജുഡീഷല്‍ കസ്റ്റഡിയിലാക്കുന്നു. തടയാനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീര്‍വാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാള്‍സംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുകയാണ്. രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വര്‍ഗീയവാദികള്‍ ബന്ദിയാക്കിയത്. ഛത്തിസ്ഗഡിലെ ദുര്‍ഗ് റെയില്‍വേസ്റ്റേഷനിലാണ് ഇത്തവണ അവരെത്തിയത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്കു പോകാനെത്തിയ കണ്ണൂര്‍, അങ്കമാലി സ്വദേശികളും ഗ്രീന്‍ഗാര്‍ഡന്‍ സിസ്റ്റേഴ്‌സ് (എഎസ്എംഐ) സന്യാസിനീ സഭാംഗങ്ങളുമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെയും ഒരു ആദിവാസി പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പെണ്‍കുട്ടികളെയുമാണ് ടിടിഇ തടഞ്ഞത്. കന്യാസ്ത്രീകള്‍ക്കൊപ്പം ആഗ്രയില്‍ ജോലിക്കു പോകുകയാണെന്ന് യുവതികള്‍ പറഞ്ഞെങ്കിലും ടിടിഇ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. പാഞ്ഞെത്തിയ ബജ്രംഗ്ദള്‍കാര്‍, ആള്‍ക്കൂട്ട വിചാരണയ്‌ക്കൊടുവില്‍ കന്യാസ്ത്രീകള്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിനു കൊണ്ടുപോകുകയാണെന്നു കണ്ടെത്തി! തങ്ങള്‍ ക്രൈസ്തവരാണെന്നും പ്രായപൂര്‍ത്തിയായ തങ്ങള്‍ക്കു ജോലിക്കു പോകാന്‍ മാതാപിതാക്കളുടെ സമ്മതപത്രമുണ്ടെന്നും യുവതികള്‍ പറഞ്ഞെങ്കിലും ബജ്രംഗ്ദള്‍കാരുടെ നിര്‍ദേശമനുസരിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും യുവതികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ന്യൂനപക്ഷങ്ങളെ ചോദ്യംചെയ്യാന്‍ തീവ്രമതസംഘടനകളെ വിളിച്ചുവരുത്തുക, യാത്രക്കാരെ മതസംഘടനകള്‍ റെയില്‍വേസ്റ്റേഷനില്‍ ആള്‍ക്കൂട്ട വിചാരണ നടത്തുക, പിന്നീട് കര്‍ശന നിര്‍ദേശത്തോടെ പോലീസിനു കൈമാറുക… മതരാജ്യങ്ങളില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്നു ബിജെപിക്ക് അറിയാതെയാണോ ദുരൂഹതയേറുന്നു. വര്‍ഗീയവാദികളുടെ കംഗാരു കോടതികള്‍ ന്യൂനപക്ഷങ്ങളെ ട്രെയിനിലും തെരുവിലും വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും മാത്രമല്ല, അവരുടെ ആരാധനാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമൊക്കെ ആയുധങ്ങളുമായി കടന്നുകയറി ആക്രമണം അഴിച്ചുവിടുകയുമാണ്. കഴിഞ്ഞ മേയ് 31നാണ് ഒഡിഷയിലെ ബെറാംപുരിനടുത്ത ഖൊര്‍ധ റോഡ് റെയില്‍വേസ്റ്റേഷനില്‍ റൂര്‍ക്കല രാജറാണി എക്‌സ്പ്രസിനുള്ളില്‍ കന്യാസ്ത്രീക്കും കൂടെയുണ്ടായിരുന്ന കുട്ടികള്‍ക്കും നേരേ ബജ്രംഗ്ദള്‍ അക്രമം അഴിച്ചുവിട്ടത്. ആരോപണം മതപരിവര്‍ത്തനം തന്നെ. പോലീസ് പതിവുപോലെ കാഴ്ചക്കാരായിരുന്നു. അതിന് ഒരാഴ്ച മുന്പായിരുന്നു ഒഡിഷയിലെതന്നെ ചാര്‍ബതി കാര്‍മല്‍ നികേതനിലെത്തിയ ഒന്പതംഗ അക്രമിസംഘം കൊള്ളയടിക്കുകയും രണ്ടു വൈദികരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ക്രിസ്മസും ഈസ്റ്ററുമൊക്കെ പരസ്യമായി ആഘോഷിക്കണമെങ്കില്‍ സംഘപരിവാറിന്റെ ഔദാര്യം വേണ്ടിവന്നിരിക്കുന്നു. വര്‍ഗീയവാദികള്‍ എപ്പോള്‍ ചോദിച്ചാലും സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിക്കൊള്ളണം. ബൈബിളിനും ക്രൂശിതരൂപത്തിനുമൊക്കെ പരോക്ഷ വിലക്ക്. സന്യസ്തര്‍ക്ക് അവരുടെ വേഷത്തില്‍ പുറത്തിറങ്ങാനാകാത്ത സ്ഥിതി. ദുര്‍ഗിലെ ടിടിഇയെ ആരാണു പഠിപ്പിച്ചത് ബജ്രംഗ്ദളാണ് പോലീസും കോടതിയുമെന്ന് അതാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്ന വര്‍ഗീയവത്കരണം. ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ 2024 വരെ ക്രൈസ്തവര്‍ക്കെതിരേ 4,316 അക്രമസംഭവങ്ങള്‍ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനും ഹിന്ദുത്വ ചവിട്ടിമെതിക്കുന്ന ക്രൈസ്തവര്‍ക്കെതിരേ കുറ്റപത്രം തയാറാക്കാനും സംഘപരിവാറിനൊപ്പം ക്രിസ്ത്യന്‍നാമ-ശുഭ്രവേഷധാരികളായ ദല്ലാള്‍മാരും അവരുടെ ഒളിസംഘടനകളുമുണ്ട്. പക്ഷേ, റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നു തെളിയിക്കുകയോ കേസുകളില്‍ അന്വേഷണം നടത്തുകയോ ചെയ്യില്ല. ഛത്തിസ്ഗഡിലേതു കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. കന്യാസ്ത്രീകള്‍ക്കെതിരേ മൊഴി നല്‍കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചെന്ന് സിബിസിഐ വനിതാ കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റര്‍ ആശ പോള്‍ പ്രതികരിച്ചു. മുന്പും നിരവധി തവണ ക്രൈസ്തവനേതാക്കള്‍ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയുമൊക്കെ കണ്ട് നിവേദനം നല്‍കിയതാണ്. ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയച്ചിട്ടുണ്ട്. മെത്രാന്മാരും പ്രതിപക്ഷവും അഭ്യര്‍ഥിച്ചിട്ടുവേണോ ഈ പരമോന്നത നേതാക്കള്‍ക്കു കാര്യങ്ങളറിയാന്‍ ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴിച്ച് ഏതാണ്ട് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ബിജെപി വിചാരിച്ചാല്‍ വര്‍ഗീയതയെ തളയ്ക്കാം. പക്ഷേ, അധികാരത്തിന്റെ ആ അക്രമോത്സുകരഥം കേരളത്തില്‍ മാത്രമായി ഒഴിവാക്കാനാകുന്നില്ല. ഛത്തീസ്ഗഡിലും ഒറീസയിലുമുള്‍പ്പെടെ കന്യാസ്ത്രീകള്‍ക്കു കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും കൊടുക്കുന്ന രാഷ്ട്രീയം ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലിംകളും ഉള്‍പ്പെടുന്ന മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെയും സ്‌നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top