ഭാഗ്യം തുണച്ചിട്ടും സഞ്ജുവിന് രക്ഷയില്ല; ഫ്രോഡ് പ്ലെയർ എന്ന് വിളിച്ച് ആരാധകർ; ലോകകപ്പ് ടീമിലെ സ്ഥാനം തുലാസിൽ!

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലൂടെ ലഭിച്ച സുവർണ്ണാവസരം സഞ്ജു സാംസൺ വീണ്ടും പാഴാക്കിയതോടെ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും ബാറ്റിംഗിൽ പരാജയപ്പെട്ട സഞ്ജുവിനെതിരെ ‘ഫ്രോഡ് പ്ലെയർ’ എന്നാണ് പല നെറ്റിസൺസും വിശേഷിപ്പിച്ചത്. ടി20 ലോകകപ്പിന് തൊട്ടുമുൻപുള്ള നിർണ്ണായക പരമ്പരയിൽ സഞ്ജുവിന്റെ ഈ പതനം ആരാധകരെ ഏറെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

ശുഭ്മാൻ ഗില്ലിന് പകരം ഓപ്പണറായി ടീമിലേക്ക് തിരിച്ചെത്തിയ സഞ്ജുവിന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. നാഗ്പൂരിൽ നടന്ന ഒന്നാം ടി20യിൽ എട്ടു റൺസ് മാത്രം എടുത്ത് പുറത്തായ സഞ്ജു, റായ്‌പൂരിലെ രണ്ടാം മത്സരത്തിൽ അഞ്ച് പന്തിൽ നിന്ന് ആറ് റൺസ് മാത്രമാണ് നേടിയത്. രണ്ടാമത്തെ പന്തിൽ ഭാഗ്യത്തിന്റെ തുണയിൽ സിക്സർ നേടിയ സഞ്ജു ആരാധകരെ നിരാശയിലാഴ്ത്തി.

Also Read : ടീം വിടാൻ ആവശ്യപ്പെട്ടത് സഞ്ജു സാംസൺ തന്നെ; രഹസ്യം വെളിപ്പെടുത്തി RR ഉടമ

സഞ്ജു നൽകിയ അനായാസ ക്യാച്ച് ന്യൂസീലൻഡ് ഫീൽഡർ ഡെവോൺ കോൺവെയുടെ നിന്നും നഷ്ടപ്പെടുകയായിരുന്നു. കോൺവെയുടെ കയ്യിൽ തട്ടി പന്ത് ബൗണ്ടറി കടന്ന് സിക്സാവുകയും ചെയ്തു. ആ ഭാഗ്യം മുതലാക്കി ഒരു വലിയ സ്കോർ പടുത്തുയർത്തുന്നതിന് പകരം, തൊട്ടടുത്ത പന്തുകളിൽ അനാവശ്യ ഷോട്ടിന് മുതിർന്നാണ് സഞ്ജു വിക്കറ്റ് തുലച്ചത്. ആ സിക്സർ ലഭിച്ചില്ലായിരുന്നെങ്കിൽ സ്‌കോറോന്നും നേടാതെ മടങ്ങേണ്ടി വരുമായിരുന്നു എന്നതും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

സഞ്ജുവിനെതിരെ എക്‌സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളുമാണ് ഉയരുന്നത്. ലഭിക്കുന്ന അവസരങ്ങൾ സഞ്ജു അനാവശ്യ ഷോട്ടുകളിലൂടെ കളഞ്ഞുകുളിക്കുകയാണെന്നും, സോഷ്യൽ മീഡിയയിലെ പിആർ വർക്കുകൾ കൊണ്ടാണ് സഞ്ജു ടീമിൽ തുടരുന്നതെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

Also Read : ‘തലക്ക്’ പകരക്കാരൻ എത്തുന്നു; സഞ്ജു സാംസൺ ചെന്നൈയിലേക്ക് ; ചർച്ചക്ക് കാരണം മാനേജരുടെ ലൈക്ക്

സഞ്ജുവിന്റെ പരാജയം ചൂണ്ടിക്കാട്ടി ഗില്ലിനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന്റെ സ്ഥാനം ഇതോടെ ചോദ്യചിഹ്നമായിരിക്കുകയാണ്. വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി മത്സരിക്കുന്ന ഇഷാൻ കിഷൻ മികച്ച പ്രകടനം പുറത്തെടുക്കുന്നത് സഞ്ജുവിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്നു.

സഞ്ജുവും ഓപ്പണർ അഭിഷേക് ശർമ്മയും തുടക്കത്തിൽ പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും (82*) ഇഷാൻ കിഷന്റെയും (76) തകർപ്പൻ ബാറ്റിംഗിന്റെ കരുത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തി. പരമ്പരയിലെ ബാക്കിയുള്ള മൂന്ന് മത്സരങ്ങൾ സഞ്ജുവിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. തന്റെ ബാറ്റിംഗ് ശൈലിയിലെ പിഴവുകൾ തിരുത്തി തിരിച്ചു വന്നില്ലെങ്കിൽ ലോകകപ്പ് സ്വപ്നങ്ങൾ സഞ്ജുവിന് കൈവിട്ടുപോയേക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top