തിരുവനന്തപുരം കാത്തിരിക്കുന്നു, പക്ഷേ സഞ്ജു പുറത്താകുമോ? ഗ്രീൻഫീൽഡ് മത്സരത്തിന് മുൻപേ അനിശ്ചിതത്വം

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായതോടെ സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര കരിയർ വീണ്ടും പ്രതിസന്ധിയിൽ. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ മാറ്റ് ഹെൻറിയുടെ പന്തിൽ ഗോൾഡൻ ഡക്കായി സഞ്ജു മടങ്ങിയത് ആരാധകരെയും ടീം മാനേജ്‌മെന്റിനെയും ഒരുപോലെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

ഈ പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 10, 6, 0 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സമ്പാദ്യം. തന്റെ സ്വാഭാവിക ശൈലിയിൽ കളിക്കാൻ കഴിയാതെ വിക്കറ്റ് നഷ്ടപ്പെടുത്തടുന്ന സഞ്ജുവിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. സമ്മർദ്ദഘട്ടങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത താരത്തിന്റെ മാനസികമായ കരുത്തില്ലായ്മയാണ് പുറത്തായ രീതികളിൽ നിന്ന് വ്യക്തമാകുന്നത്. ഗുവാഹത്തിയിൽ പുറത്തായപ്പോൾ തന്റെ സമയം അവസാനിക്കുകയാണെന്ന ബോധ്യം സഞ്ജുവിന്റെ ശരീരഭാഷയിൽ പ്രകടമായിരുന്നു.

വിക്കറ്റ് നഷ്ടമായതിന് ശേഷം സഞ്ജു ക്രീസിൽ കുറച്ചുനേരം നിശ്ചലനായി നിന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സാധാരണയായി പുറത്താകുമ്പോൾ കാണിക്കാറുള്ള ദേഷ്യമോ നിരാശയോ അല്ല, മറിച്ച് ഒരുതരം നിസ്സംഗതയായിരുന്നു ആ മുഖത്ത്. തുടർച്ചയായി ലഭിക്കുന്ന അവസരങ്ങൾ മുതലാക്കാൻ കഴിയാത്തതിന്റെ സമ്മർദ്ദം സഞ്ജുവിനെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയിൽ നിന്ന് വ്യക്തമാണ്. ഓരോ പന്തിലും ഒരു വലിയ ഷോട്ടിന് ശ്രമിക്കുന്നത് ഈ സമ്മർദ്ദത്തിന്റെ ഫലമാണെന്ന് വിലയിരുത്തപ്പെടുന്നു.

Also Read : ഭാഗ്യം തുണച്ചിട്ടും സഞ്ജുവിന് രക്ഷയില്ല; ഫ്രോഡ് പ്ലെയർ എന്ന് വിളിച്ച് ആരാധകർ; ലോകകപ്പ് ടീമിലെ സ്ഥാനം തുലാസിൽ!

2025 ജനുവരി മുതൽ കളിച്ച 14 മത്സരങ്ങളിൽ നിന്ന് വെറും 17 ആണ് സഞ്ജുവിന്റെ ബാറ്റിംഗ് ശരാശരി. ഒമാനെതിരെ നേടിയ ഒരു അർദ്ധ സെഞ്ചുറി മാത്രമാണ് ഇതിൽ ഏക ആശ്വാസം. മികച്ച പേസ് ബൗളർമാരുള്ള ടീമുകൾക്കെതിരെ സഞ്ജുവിന്റെ കണക്കുകൾ ഏറെ പിന്നിലാണ്. ന്യൂസിലൻഡിനെതിരെ വെറും 5.2 ഉം ഇംഗ്ലണ്ടിനെതിരെ 10.2 ഉം ആണ് താരത്തിന്റെ ശരാശരി.

ബെഞ്ചിൽ അവസരത്തിനായി കാത്തിരിക്കുന്ന ശ്രേയസ് അയ്യർ സഞ്ജുവിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കൂടാതെ പരിക്ക് മാറി തിലക് വർമ്മ തിരിച്ചെത്തുന്നതോടെ സഞ്ജുവിന്റെ സ്ഥാനം ടീമിൽ കൂടുതൽ പരുങ്ങലിലാകും. ലോകകപ്പിന് വെറും രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ലഭിച്ച സുവർണ്ണാവസരങ്ങൾ സഞ്ജു പാഴാക്കിയത് ടീം മാനേജ്‌മെന്റിനെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കും.

പരമ്പരയിലെ അഞ്ചാം മത്സരം നടക്കുന്നത് സഞ്ജുവിന്റെ സ്വന്തം തട്ടകമായ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. പതിനായിരക്കണക്കിന് വരുന്ന മലയാളി ആരാധകർ സഞ്ജുവിന്റെ പ്രകടനം നേരിട്ട് കാണാൻ കാത്തിരിക്കുകയാണ്. എന്നാൽ ഫോം ഔട്ട് തുടരുന്ന സാഹചര്യത്തിൽ, സഞ്ജുവിനെ പ്ലേയിംഗ് ഇലവനിൽ നിലനിർത്താൻ ടീം മാനേജ്‌മെന്റ് തയ്യാറാകുമോ എന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top