ടീം വിടാൻ ആവശ്യപ്പെട്ടത് സഞ്ജു സാംസൺ തന്നെ; രഹസ്യം വെളിപ്പെടുത്തി RR ഉടമ

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറിയത് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽ ഉടമ മനോജ് ബദാലെ. ടീം വിട്ടത് സഞ്ചുവിന്റെ സ്വന്തം ആവശ്യപ്രകാരമായിരുന്നു എന്ന് മനോജ് ബദാലെ അറിയിച്ചു. ടീമിന്റെ മോശം പ്രകടനത്തിൽ സഞ്ജു വൈകാരികമായി തളർന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐപിഎൽ 2025 സീസണിന്റെ അവസാനത്തോടു കൂടിയാണ് സഞ്ജു ടീം വിടാനുള്ള ആഗ്രഹം തങ്ങളെ അറിയിച്ചതെന്ന് രാജസ്ഥാൻ റോയൽസിന്റെ യൂട്യൂബ് ചാനലിലൂടെ മനോജ് ബദാലെ വ്യക്തമാക്കി.
Also Read : നമ്മുടെ പയ്യൻ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക്; രാജസ്ഥാന് പുതിയ നായകൻ
“സഞ്ജു ആദ്യമായി ടീം വിടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് സീസണിന്റെ അവസാനത്തിൽ കൊൽക്കത്തയിൽ വച്ചായിരുന്നു. അദ്ദേഹം വളരെ സത്യസന്ധനായ വ്യക്തിയാണ്. വ്യക്തിപരമായും വൈകാരികമായും അദ്ദേഹം തളർന്നിരുന്നു,” ബദാലെ പറഞ്ഞു. സഞ്ജുവിന്റെ ആവശ്യം കേട്ടപ്പോൾ ആദ്യം വലിയ മനഃപ്രയാസം തോന്നിയെങ്കിലും ഫ്രാഞ്ചൈസിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത കണക്കിലെടുത്ത് തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു എന്നും ബദാലെ പറഞ്ഞു.2021-ൽ സഞ്ജുവിനെ ക്യാപ്റ്റനാക്കിയത് ഉയർന്ന വെല്ലുവിളിയുള്ള നീക്കമായിരുന്നെങ്കിലും അദ്ദേഹം ആ ഉത്തരവാദിത്തം മികച്ച രീതിയിൽ നിറവേറ്റിയെന്നും ബദാലെ ഓർമ്മിപ്പിച്ചു.
Also Read : രാഹുല്‍ ആശാന്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടു; സഞ്ജു ഇനി എന്ത് തീരുമാനം എടുക്കും
2025 സഞ്ജുവിന് വെല്ലുവിളി നിറഞ്ഞ സീസണായിരുന്നു. പരിക്ക് കാരണം പല മത്സരങ്ങളും കളിക്കാനായില്ല. ഒരു അർധസെഞ്ചുറി മാത്രമാണ് നേടാനായത്. എട്ട് പോയന്റോടെ രാജസ്ഥാൻ കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്തായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് പോലുള്ള ഒരു വലിയ ടീമിലേക്കുള്ള കടന്നുവരവ് സഞ്ജു സാംസന്റെ കരിയറിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 18 കോടി രൂപക്കാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്. പകരം രവീന്ദ്ര ജഡേജ, സാം കറൺ എന്നിവർ രാജസ്ഥാനിലേക്ക് എത്തി. സഞ്ജുവിന്റെ ഈ കൂടുമാറ്റം ചെന്നൈയുടെ ബാറ്റിംഗ് നിരയ്ക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here