സരിതയോട് പ്രതികരിക്കാതെ താരങ്ങളും സംഘടനയും; തിരഞ്ഞടുപ്പു കാലത്ത് എൽഡിഎഫ് വീണ്ടും ഇറക്കുമെന്ന് സോഷ്യൽ മീഡിയ

താരസംഘടനയായ അമ്മയുടെ തെരെഞ്ഞടുപ്പിന് നൽകിയ നോമിനേഷൻ പിൻവലിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഏറെക്കാലമായി വാർത്തകളിൽ നിന്നും വിട്ടുനിന്ന സോളാർ കേസ് പ്രതിയുടെ അപ്രതീക്ഷിത എൻട്രി. നടൻ ബാബുരാജിനെതിരെ ഫെയ്സ്ബുക്കിലൂടെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ചുകൊണ്ടാണ് സരിത വീണ്ടും രംഗപ്രവേശനം നടത്തിയത്. തൻ്റെ ചികിത്സക്ക് മോഹൻലാൽ നൽകാമെന്നേറ്റ തുക ബാബുരാജ് വാങ്ങി അയാളുടെ കെഎഫ്സിയിലെ ലോൺ അടച്ചുതീർത്തു എന്നാണ് സരിത ഉന്നയിച്ച ആരോപണം.
ആരോപണം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായെങ്കിലും ബാബുരാജ് ഒരുവാക്കും വിശദീകരണം നൽകിയിട്ടില്ല. ആരോപണം നിഷേധിച്ചതുമില്ല. എന്നാൽ ഇതിന് പിന്നാലെയാണ് അമ്മ ഭാരവാഹി ആകാനുള്ള മത്സരത്തിൽ നിന്ന് പിന്മാറാൻ തീരുമാനം ഉണ്ടായത്. സരിതയെ സഹായിക്കാൻ മോഹൻലാൽ ഇടപെട്ട സാഹചര്യവും വ്യക്തമല്ല. അതേസമയം സരിത വീണ്ടും സജീവമാകാനുള്ള പുറപ്പാടിലാണോ എന്ന ചോദ്യം അവരുടെ പോസ്റ്റിന് കീഴിലും അല്ലാതെയും പലരും ഉന്നയിക്കുന്നുണ്ട്. എല്ലാത്തിനും എങ്ങും തൊടാത്ത മറുപടികളും വരുന്നുണ്ട്.
സരിതയുടെ വാർത്തകൾ, വാർത്താ പ്ലാറ്റുഫോമുകളിൽ വരുമ്പോൾ പുലിവാൽ കല്യാണം സിനിമയിൽ സലിം കുമാർ പറയുന്ന ‘കൊച്ചി എത്തി’ എന്ന ഡയലോഗിന് ഓർമ്മിപ്പിക്കുംവിധം ‘ഇലക്ഷൻ എത്തി’ എന്ന് കമന്റടിക്കുന്നവരുമുണ്ട്. ബാബുരാജിനെതിരെ ആരോപണം ഉയർത്തിയപ്പോൾ പണ്ട് ഉമ്മൻചാണ്ടിക്കെതിരെ പീഡന പരാതി ഉയർത്തിയത് പോലെ തട്ടിപ്പ് ആണെന്ന് പറയുന്നവരുമുണ്ട്. എൽഡിഎഫിനായി അങ്കപുറപ്പാടിന്റെ ട്രെയ്‌ലറാണ് ‘അമ്മ’ തിരഞ്ഞെടുപ്പിലെ സരിതയുടെ ഇടപെടലെന്നും ചർച്ചകളുണ്ട്.
എന്നാൽ സരിത ഇപ്പോൾ അസുഖബാധിതയായി വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അമ്മ ഇന്ദിര വ്യക്തമാക്കി. മോഹന്‍ലാല്‍ മാത്രമല്ല മറ്റ് പലരും ചികിത്സക്കായി സഹായിച്ചിട്ടുണ്ട് എന്നും ആരോപണത്തിൻ്റെ വിശദാംശങ്ങൾ തനിക്കറിയില്ല എന്നും ഇന്ദിര പറയുന്നു. സരിതക്ക് സംസാരിക്കാൻ കഴിയുന്ന അവസ്ഥയല്ലെന്നും മകനും മറ്റുള്ളവരുമാണ് ഫെയ്സ്ബുക്കിൽ എഴുതാൻ സഹായിക്കുന്നതെന്നും അവർ വിശദീകരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here