കോണ്‍ഗ്രസ് നിര്‍ദേശിച്ചവരെ തഴഞ്ഞു; തരൂരിനെ ചുമതലയേല്‍പ്പിച്ചു; വിശ്വപൗരനെ ലക്ഷ്യമിട്ട് മോദിയുടെ നീക്കങ്ങള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഏഴ് പ്രത്യേക സമിതികള്‍ രൂപീകരിച്ചപ്പോള്‍ പൂര്‍ണ്ണമായും തള്ളിയത് കോണ്‍ഗ്രസ് നിര്‍ദേശം. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, മുന്‍ ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, എംപിമാരായ സയീദ് നസീര്‍ ഹുസൈന്‍, രാജാ ബ്രാര്‍ എന്നിവരുടെ പട്ടികയാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍ കേന്ദ്രം ചുമതല ഏല്‍പ്പിച്ചത് തിരുവനന്തപുരം എംപി ശശി തരൂരിനെ ആയിരുന്നു.
പാര്‍ട്ടിയുമായി യാതൊരു ആലോചനയും നടത്താതെ ക്ഷണം ശശി തരൂര്‍ സ്വീകരിക്കുകയും ചെയ്തു. യുഎന്‍ രക്ഷാസമിതിയിലെ അംഗരാജ്യങ്ങള്‍ ഉള്‍പ്പടെയാണ് സര്‍വ്വകക്ഷി സംഘങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഒരു സംഘത്തെയാണ് ശശി തരൂര്‍ നയിക്കുന്നത്. രവി ശങ്കര്‍ പ്രസാദ് (ബിജെപി), സഞ്ജയ് കുമാര്‍ ഝാ (ജെ.ഡി.യു), ബൈജയന്ത് പാണ്ഡെ (ബി.ജെ.പി), കനിമൊഴി കരുണാനിധി (ഡിഎംകെ), സുപ്രിയ സുലെ (എന്‍സിപി), ശ്രീകാന്ത് ഏക്‌നാഥ് ഷിന്ദേ (ശിവസേന) എന്നിവരാണ് മറ്റ് സംഘങ്ങളെ നയിക്കുക.
തങ്ങള്‍ നിര്‍ദേശിക്കാത്ത തരൂരിനെ നിയോഗിച്ചതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട് യുഎന്നിലടക്കം പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്താനാണ് ഈ തീരുമാനമെന്നാണ് ബിജെപിയുടെ ന്യായീകരണം. എന്നാല്‍ പാര്‍ട്ടി നിലപാടുകള്‍ തള്ളി ആവര്‍ത്തിച്ച് മോദി സ്തുതി നടത്തുകയും കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തുകയും ചെയ്യുന്ന ആളാണ് ശശി തരൂര്‍. അതുകൊണ്ട് തന്നെ ഈ നീക്കത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ബിജെപിക്ക് ഉണ്ടെന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here