നാണംകെട്ട് പാകിസ്ഥാൻ; ആയിരക്കണക്കിന് പാക് ഭിക്ഷാടകരെ പുറത്താക്കി അറബ് രാജ്യങ്ങൾ

ഭിക്ഷാടനത്തിന് എത്തിയ 24,000 പാകിസ്ഥാൻ പൗരന്മാരെ നാടുകടത്തി സൗദി അറേബ്യ. പാകിസ്ഥാനിൽ നിന്നുള്ള ഭിക്ഷാടകരുടെ ഒഴുക്ക് തടയാൻ ഇസ്ലാമാബാദിന് സൗദി ഭരണകൂടം കർശന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നടപടി. സൗദി അറേബ്യയ്ക്ക് പുറമെ യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളും പാകിസ്ഥാൻ പൗരന്മാർക്ക് മേൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ഈ വർഷം മാത്രം ഭിക്ഷാടനവുമായി ബന്ധപ്പെട്ട് 24,000 പാകിസ്ഥാൻ പൗരന്മാരെയാണ് സൗദി അറേബ്യ തിരിച്ചയച്ചത്. ഇതിന് പുറമെ ദുബായ് 6,000 പേരെയും അസർബൈജാൻ 2,500 പേരെയും ഭിക്ഷാടനത്തിന്റെ പേരിൽ നാടുകടത്തിയിട്ടുണ്ട്.
ഉംറ വിസകൾ ഉപയോഗിച്ച് മക്കയിലും മദീനയിലും എത്തുന്ന പലരും ഭിക്ഷാടനത്തിൽ ഏർപ്പെടുന്നത് ഗൗരവകരമായ പ്രശ്നമാണെന്ന് സൗദി മതകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇത് തുടർന്നാൽ പാകിസ്ഥാനിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകരെ അത് ദോഷകരമായി ബാധിക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകി. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്നാരോപിച്ച് ഭൂരിഭാഗം പാകിസ്ഥാൻ പൗരന്മാർക്കും യുഎഇ വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read : ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി ഇന്ത്യ; ഉത്തരം മുട്ടി പാകിസ്ഥാൻ
ഭിക്ഷാടനം പാകിസ്ഥാനിൽ ഒരു സംഘടിത വ്യവസായമായി മാറിയിരിക്കുകയാണെന്നും അത് ഇപ്പോൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുകയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗൾഫ് രാജ്യങ്ങളിൽ ഭിക്ഷാടനത്തിന് പിടിയിലാകുന്നവരിൽ 90 ശതമാനവും പാകിസ്ഥാൻ പൗരന്മാരാണെന്ന് പാകിസ്ഥാൻ ഓവർസീസ് സെക്രട്ടറി തന്നെ മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാകുന്നത് തടയാൻ പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി സംഘടിത ഭിക്ഷാടന സംഘങ്ങളെ തടയുന്നതിന്റെ ഭാഗമായി 66,154 യാത്രക്കാരെയാണ് പാകിസ്ഥാനിലെ വിവിധ വിമാനത്താവളങ്ങളിൽ തടഞ്ഞത്. സൗദി അറേബ്യയുടെ നടപടി പാകിസ്ഥാനെ വലിയ നയതന്ത്ര പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് പലരെയും ഇത്തരത്തിൽ വിദേശരാജ്യങ്ങളിൽ ഭിക്ഷാടനത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here