എസ്ബിഐയിൽ പുതിയ ATM! ഏണി വഴി കയറി പണം പിൻവലിക്കാം

ബാങ്കിങ് ആവശ്യങ്ങൾക്കായി ട്രാക്ടറിന് മുകളിൽ ഏണിവെച്ച് കയറേണ്ട അവസ്ഥയായിരുന്നു ഒഡീഷയിലെ ഭദ്രക് ജില്ലയിലുള്ള എസ്ബിഐ ഉപഭോക്താക്കൾക്ക്. കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി, ബാങ്കിലേക്ക് കയറാനുള്ള പടികൾ അധികൃതർ പൊളിച്ചുമാറ്റിയതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.
ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിലേക്ക് കയറാൻ വഴിയല്ലാതായതോടെ, ഉപഭോക്താക്കൾക്കും ജീവനക്കാർക്കും വലിയ ബുദ്ധിമുട്ടായി. പണം പിൻവലിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ആളുകൾ ട്രാക്ടറിൽ വെച്ച ഏണി ഉപയോഗിച്ചാണ് ബാങ്കിൽ കയറിയത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. സെക്യൂരിറ്റി ജീവനക്കാരനും മറ്റൊരാളും സാധനങ്ങൾ നൽകി സഹായിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
നവംബർ 20, 21 തീയതികളിലാണ് പൊളിച്ചുമാറ്റൽ നടപടി നടന്നത്. ചരംപ മാർക്കറ്റ് മുതൽ ഭദ്രക് റെയിൽവേ സ്റ്റേഷൻ വരെയുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. കൈയേറ്റ ഭൂമിയിൽ നിർമ്മിച്ച നിരവധി കടകൾ, വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ പൊളിച്ചുമാറ്റിയ കൂട്ടത്തിൽ എസ്ബിഐ കെട്ടിടത്തിന്റെ മുൻഭാഗവും പടികളും ഉൾപ്പെട്ടിരുന്നു.
കൈയേറ്റം ഒഴിപ്പിക്കേണ്ടതിനെക്കുറിച്ച് പൊതു അറിയിപ്പുകൾ നൽകിയിരുന്നെന്നും, ഒഴിഞ്ഞു പോകാൻ രണ്ട് ദിവസത്തെ സമയം നൽകിയിരുന്നെന്നും അധികൃതർ അറിയിച്ചു. ബാങ്കിനും കെട്ടിട ഉടമയ്ക്കും കൈയേറ്റത്തെക്കുറിച്ച് പലതവണ നോട്ടീസ് നൽകിയിട്ടും നടപടി എടുത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി. സബ് കളക്ടർ, തഹസിൽദാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പൊളിച്ചുമാറ്റൽ.
പൊളിച്ചുമാറ്റലിന് ശേഷം, ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ബാങ്കിൽ എത്താനായി തിങ്കളാഴ്ച മുതൽ ബാങ്ക് അധികൃതർ ഏണി സ്ഥാപിച്ചു. രണ്ട് ദിവസത്തോളം ഈ താൽക്കാലിക സംവിധാനം ഉപയോഗിക്കേണ്ടി വന്നു. പൊതുജന പ്രതിഷേധം ശക്തമായതിനെ തുടർന്ന്, കെട്ടിട ഉടമ ബുധനാഴ്ച സ്റ്റീൽ പടികൾ സ്ഥാപിക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here