SV Motors SV Motors

കേന്ദ്രസർക്കാരിന് തിരിച്ചടി; ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയ നടപടി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: നിലവിലെ ഇഡി ഡയറക്ടർ സഞ്‌‌ജയ്‌‌കുമാർ മിശ്രയ്‌‌ക്ക്‌ മൂന്നാമതും കാലാവധി നീട്ടിനൽകിയ കേന്ദ്രസർക്കാർ നടപടി റദ്ദാക്കി സുപ്രീംകോടതി. മൂന്നാം തവണയും കാലാവധി നീട്ടിയത് നിയമവിരുദ്ധമാണെന്നും 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കാനും കോടതി നിർദേശം നൽകി. സഞ്‌ജയ്‌കുമാർ മിശ്രയ്‌ക്ക്‌ ജൂലൈ 31 വരെ തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

2021ലെ ഡോ. ജയ താക്കൂർ v. യൂണിയൻ ഓഫ് ഇന്ത്യ/ഒആർഎസ് കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഇവിടെയും നടന്നിരിക്കുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബിആർ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച്, മിശ്രയ്ക്ക് നൽകിയ നീട്ടിയ കാലാവധി സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ച് 2021ൽ പുറപ്പെടുവിച്ച വിധിക്ക് വിരുദ്ധമാണെന്നും വിലയിരുത്തി. സുപ്രിംകോടതി വിധി പ്രകാരം , 2021 നവംബറിനുശേഷം മിശ്രയ്ക്ക് കാലാവധി നീട്ടിനൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു.

2018 നവംബറിലാണ് മിശ്ര ആദ്യമായി ഇഡി ഡയറക്ടറായി നിയമിതനായത്. ഈ കാലാവധി 2020 നവംബറിൽ അവസാനിച്ചു. 2020 മെയ് മാസത്തിൽ അദ്ദേഹത്തിന് 60 വയസ്സും തികഞ്ഞിരുന്നു. എന്നാല്‍ 2018 ലെ രണ്ടുവർഷ കാലാവധി എന്ന ഉത്തരവ് മൂന്നുവർഷമാക്കി മാറ്റിക്കൊണ്ട് രാഷ്ട്രപതി പരിഷ്കരണം നടത്തിയതായി കേന്ദ്രസർക്കാർ ഉത്തരവിട്ടു. 2020 നവംബർ 13-നുണ്ടായ ഈ ഉത്തരവിനെതിരെ കോമൺ കോസ് എന്ന എൻജിഒ സുപ്രീംകോടതിയെ സമീപിച്ചു.

2021 സെപ്റ്റംബറിലെ വിധിയിൽ സുപ്രീംകോടതി ഈ പരിഷ്‌കരണത്തിന് അംഗീകാരം നൽകിയെങ്കിലും മിശ്രയ്ക്ക് കൂടുതൽ കാലാവധി നീട്ടിനൽകാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിധിക്കുശേഷം, കേന്ദ്ര വിജിലൻസ് കമ്മീഷൻ (സിവിസി) നിയമം ഭേദഗതി ചെയ്തുകൊണ്ട് ഇഡി ഡയറക്ടറുടെ കാലാവധി അഞ്ച് വർഷം വരെ നീട്ടാനുള്ള നിയമം കേന്ദ്രസർക്കാർ പാർലമെന്റില്‍ പാസാക്കി.

ഈ തീരുമാനത്തിനെതിരായ ഹർജികളിലാണ് സഞ്‌‌ജയ്‌‌കുമാർ മിശ്രയുടെ കാലാവധി നീട്ടിക്കൊണ്ടുള്ള നടപടി സുപ്രീംകോടതി തടഞ്ഞത്. ഇഡി ഡയറക്ടറുടെ കാലാവധി 5 വർഷം വരെ നീട്ടാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകിക്കൊണ്ടുള്ള കേന്ദ്ര വിജിലൻസ് കമ്മീഷൻ നിയമത്തിൽ (സിവിസി ആക്‌ട്) നിയമസഭ നടത്തിയ ഭേദഗതികൾ കോടതി ശരിവച്ചെങ്കിലും, ഈ പരിഷ്കരണത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലെ ഡയറക്ടർക്ക് കൂടുതൽ കാലാവധി നീട്ടിനൽകാനാകില്ലെന്ന് കോടതി ആവർത്തിച്ചു.

അതേസമയം, ഇഡി അന്വേഷണം നേരിടുന്ന രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാനാണ് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് പാർട്ടി നേതാക്കളായ ഹർജിക്കാർ കോടതിയ സമീപിച്ചത് എന്ന കേന്ദ്രസർക്കാർ വാദം കോടതി നേരത്തെ തള്ളിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top