സ്‌കൂൾ അധികൃതരെ കുറ്റപ്പെടുത്തി വിദ്യാഭ്യാസമന്ത്രി; കെഎസ്ഇബിയെ പഴിചാരി സ്‌കൂൾ; മിഥുന്റെ മരണത്തിൽ തർക്കം മുറുകുന്നു

കൊല്ലം തേവലക്കര സ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ വലിയ തർക്കങ്ങൾ ഉടലെടുത്തിരിക്കുകയാണ്. ക്ലാസ് തുടങ്ങും മുൻപ് കുട്ടികൾ കളിക്കുമ്പോൾ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴാണ് അപകടം ഉണ്ടായത്. സ്‌കൂൾ അധികൃതർക്കെതിരെ വലിയ ആരോപങ്ങളാണ് വിദ്യാഭ്യാസ മന്ത്രി ഉന്നയിച്ചിരിക്കുന്നത്

“എച്ച്എമ്മും മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ വൈദ്യുതി ലൈൻ? അവർക്കൊക്കെ എന്താണു ജോലി? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണ്ടേ. കേരളത്തിലെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്‌ടർക്കു നോക്കാൻ പറ്റില്ലല്ലോ. ഒരു സ്‌കൂളിൻ്റെ അധിപനായി ഇരിക്കുമ്പോൾ സർക്കാരിൽ നിന്നുള്ള നിർദേശം ഇല്ലെങ്കിലും കാര്യങ്ങൾ നോക്കേണ്ടേ? ഒരു മകനാണു നഷ്‌ടപ്പെട്ടത്. അനാസ്‌ഥയുണ്ടെങ്കിൽ വിട്ടുവീഴ്ചയില്ലാതെ നടപടി എടുക്കും, എന്നാണ് മന്ത്രി പറഞ്ഞത്.

Also Read : ഒരുവർഷത്തിൽ ഷോക്കേറ്റ് മരണം 241 !! മരിച്ചത് 90 ശതമാനവും സാധാരണക്കാർ; ഷോക്കിംഗ് കണക്കുകൾ…

കഴിഞ്ഞ മെയ് മാസം തന്നെ വൈദ്യുതി ലൈനിന്റെ അപകടാവസ്ഥ കെഎസ്ഇബിയെ അറിയിച്ചിരുന്നുവെന്നും ലൈന്‍ മാറ്റാനുള്ള യാതൊരു നടപടിയും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പറഞ്ഞു. വിഷയത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു.

അതേസമയം അപകടസാധ്യത സ്‌കൂളിനെ അറിയിച്ചിരുന്നു എന്നാണ് കെഎസ്ഇബിയുടെ ഭാഷ്യം. രണ്ട് ദിവസം മുൻപ് ഇക്കാര്യം സ്കൂൾ അധികൃതരോട് പറഞ്ഞിരുന്നു. അസിസ്റ്റൻ്റ് എൻജിനീയറുമായി ചർച്ചയും നടത്തി. ഷോക്കേൽക്കാത്ത വിധത്തിൽ വൈദ്യുതി ലൈൻ വലിക്കാമെന്നും കെഎസ്ഇബി വിശദീകരിച്ചു.

Also Read : സ്കൂൾ സമയമാറ്റം; നിർദേശങ്ങളുമായി സമസ്‌ത; തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് ശിവൻകുട്ടി

താഴ്ന്നുകിടന്ന ലൈന്‍ മാറ്റണമെന്ന നിര്‍ദേശം കെഎസ്ഇബി അഗണിച്ചതാണ് അപകടത്തിന് കാരണമായതെന്ന് വ്യാപക ആക്ഷേപം ഉയരുന്നുണ്ട്. സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ചയുണ്ടായെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. അന്വേഷണത്തിന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ നാളെ ABVPയും KSUവും വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ, വൈദ്യുതി വകുപ്പുകളുടെ ഭാഗത്തുനിന്ന് ഉണ്ടായത് മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽ കൃഷ്‌ണൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top