“മതപഠനം കഴിഞ്ഞു മതി പൊതുപഠനമെന്ന”സമസ്ത നിലപാട് തള്ളി ദീപിക; മതമൗലികവാദികള്‍ക്ക് വഴി വെട്ടാന്‍ അവസരം നല്‍കരുത്

വിദ്യാഭ്യാസ സമയം മതപഠനത്തിന് അനുസരിച്ച് ക്രമീകരിക്കണമെന്ന സമസ്തയുടെ നിലപാടിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക. ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍നിന്നു മാറ്റരുതെന്നു പറയുന്നവര്‍ തന്നെ, മതപഠനം കഴിഞ്ഞു മതി പൊതുപഠനം എന്നു പറയുകയാണെന്ന കടുത്ത വിമര്‍ശനമാണ് ‘സീസറിനുള്ളത് ദൈവത്തിന് വേണ്ട’ എന്ന എഡിറ്റോറിയല്‍ ഉന്നയിക്കുന്നത്.

‘മദ്രസപഠനത്തിനു മതം നിഷ്‌കര്‍ഷിക്കുന്ന അത്രയും സമയം ഉണ്ടാക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നു വാദിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. മറ്റു മതസ്ഥര്‍ തങ്ങളുടെ ആരാധനകള്‍ക്കും മതപഠനങ്ങള്‍ക്കും ഒഴിവുദിവസങ്ങളിലാണ് സമയം കണ്ടെത്തിയിട്ടുള്ളത്. അതുപോലും സര്‍ക്കാര്‍ പലപ്പോഴും പ്രവൃത്തിദിനമാക്കിയിട്ടുണ്ട്. അതേസമയം, വെള്ളിയാഴ്ചകളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്കു പ്രാര്‍ഥിക്കുന്നതിനുവേണ്ടി അധ്യയന സമയം ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്. പുതിയ സ്‌കൂള്‍ സമയക്രമത്തിലും അത് ഒഴിവാക്കിയിട്ടുണ്ട്. അതിനു പുറമേയാണ്, എല്ലാ മതസ്ഥര്‍ക്കും മതമില്ലാത്തവര്‍ക്കും വേണ്ടിയുള്ള പൊതുവിദ്യാഭ്യാസത്തിന്റെ സമയം മദ്രസ പഠനത്തിനുവേണ്ടിയും ഒഴിവാക്കണമെന്ന ആവശ്യം. സമാന ആവശ്യങ്ങള്‍ മറ്റുള്ളവരും ഉന്നയിച്ചാല്‍ കാര്യങ്ങള്‍ എവിടെയെത്തും?’ ദീപിക ചോദിക്കുന്നു.

ALSO READ : സ്കൂൾ സമയമാറ്റം; നിർദേശങ്ങളുമായി സമസ്‌ത; തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് ശിവൻകുട്ടി

‘ഓണത്തിനും ക്രിസ്മസിനും 10 ദിവസം വീതം അവധി നല്‍കുമ്പോള്‍ പെരുന്നാളിന് ഒരു ദിവസം മാത്രമേ അവധി നല്‍കുന്നുള്ളുവെന്നും ഇത് ചൂണ്ടിക്കാണിച്ചാല്‍ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കപ്പെടുമെന്നും സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി 2022 ഡിസംബറില്‍ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചിരുന്നു. പക്ഷേ, മറ്റാര്‍ക്കും നല്‍കാത്ത പ്രാര്‍ഥനാസൗകര്യം എല്ലാ വെള്ളിയാഴ്ചയും തങ്ങള്‍ക്കു ലഭിക്കുന്നതോ അതിനെ മറ്റുള്ളവര്‍ മാനിക്കുന്നതോ അദ്ദേഹം മറന്നു. മറ്റു ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. സിബിഎസ്ഇയില്‍ ഉള്‍പ്പെടെ കേന്ദ്ര സിലബസില്‍ പഠിക്കുന്ന മദ്രസ വിദ്യാര്‍ഥികള്‍ക്ക് മദ്രസ പഠനത്തിനു സമയമില്ലെങ്കിലും ആര്‍ക്കും പരാതിയുള്ളതായി കേട്ടിട്ടില്ല. മദ്രസയിലെയും പൊതുവിദ്യാലയങ്ങളിലെയും പഠനസമയം വര്‍ധിക്കുന്നത് കുട്ടികളെ ക്ഷീണിതരാക്കുമെന്ന വാദവും ചിലര്‍ ഉന്നയിച്ചു കണ്ടു. അതില്‍ കാര്യമുണ്ട്. പക്ഷേ, സ്‌കൂള്‍ പഠനത്തിനു പുറമേ, സ്വന്തം കുട്ടികള്‍ക്കുമേല്‍ രണ്ടു മണിക്കൂര്‍ മദ്രസ പഠനംകൂടി ചുമത്തിയവരുടേതാണ് ഈ രോദനം. മദ്രസ പഠനസമയത്തില്‍നിന്ന് 15 മിനിറ്റ് കുറച്ചാല്‍ ഇതു പരിഹരിക്കാവുന്നതല്ലേ?’ ഈ ചോദ്യമാണ് ദീപിക ഉയര്‍ത്തുന്നത്.

ALSO READ : സ്‌കൂള്‍ ക്ലാസുകളിലെ പഠനസമയം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്; മതപഠനത്തെ ബാധിക്കുമെന്ന് മുസ്ലിം മതസംഘടനകള്‍

സ്‌കൂള്‍ സമയമാറ്റ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ആവര്‍ത്തിച്ചിട്ടുണ്ട്. സമസ്തയുടെയും പോഷക സംഘടനകളുടെയും സംയുക്ത യോഗം അതിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തില്‍ കത്തോലിക്ക സഭയുടെ മുഖപത്രമെഴുതിയ എഡിറ്റോറിയലിനോട് മുസ്ലീം സംഘടനകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.

ALSO READ : സമുദായത്തിൻ്റെ വോട്ട് വാങ്ങിയെന്ന് ഓർമ്മ വേണമെന്ന് സമസ്ത; ചർച്ചയ്ക്ക് തയ്യാർ, സമയം അറിയിച്ചാൽ മതി; സ്‌കൂൾ സമയമാറ്റത്തിൽ നിലപാട് മയപ്പെടുത്തി ശിവൻകുട്ടി

സ്‌കൂള്‍ സമയം രാവിലെയും വൈകിട്ടുമായി അര മണിക്കൂര്‍ വര്‍ദ്ധിപ്പിക്കുന്നത് മദ്രസ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സമസ്തയുടെയും മറ്റും നിലപാട്. സമയമാറ്റം പുന.പരിശോധിക്കണമെന്ന് സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. പക്ഷേ സര്‍ക്കാര്‍ ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top