സ്കൂൾ സമയമാറ്റം; നിർദേശങ്ങളുമായി സമസ്‌ത; തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് ശിവൻകുട്ടി

സ്കൂൾ സമയമാറ്റ വിഷയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും മുസ്ലിം മത സംഘടനയായ സമസ്തയും തമ്മിലുള്ള തർക്കങ്ങൾ മുറുകുകയാണ്. സ്കൂൾ സമയമാറ്റം മദ്രസ വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കും എന്നുള്ളതാണ് സമസ്തയുടെ വാദം. പ്രത്യേകം ഒരു മതവിഭാഗത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് സർക്കാർ സ്കൂളുകളുടെ പ്രവർത്തിസമയത്തിൽ മാറ്റം വരുത്താൻ കഴിയില്ല എന്നുള്ളതായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ നിലപാട്. പിന്നീട് വിഷയത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാം എന്ന് മന്ത്രി നിലപാട് മാറ്റുകയായിരുന്നു.
വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമസ്ത നിര്‍ദേശങ്ങള്‍ അറിയിക്കും. സമയമാറ്റത്തിലെ അധിക അരമണിക്കൂര്‍ വൈകിട്ടത്തേക്ക് മാറ്റുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് സമസ്ത മുന്നോട്ട് വക്കുന്നത്. പാദ വാർഷിക അർധ വാർഷിക, മധ്യവേനലവധികള്‍ കുറച്ച് കൊണ്ട് അധ്യയന സമയം കൂട്ടാം. മറ്റു സംസ്ഥാനങ്ങളുടെ അധ്യയന രീതി കൂടി പരിഗണിക്കുക തുടങ്ങിയ നിർദേശങ്ങൾ മുന്നോട്ടുവെക്കും.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ജിഫ്രി മുത്തുക്കോയ തങ്ങളെയാണ് ചർച്ചക്ക് ക്ഷണിച്ചിരിക്കുന്നത്. തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും ആ തീരുമാനം അവരെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ചർച്ചയെന്നും മന്ത്രി പറഞ്ഞു. സമയമാറ്റവുമായി ഒരു നിലക്കും യോജിച്ചുപോകാൻ സാധിക്കില്ല എന്നതാണ് സമസ്തയുടെ നിലപാട്. 12 ലക്ഷത്തോളം വിദ്യാർത്ഥികൾ സമസ്തയുടെ മദ്രസകളിൽ മാത്രമായി പഠിക്കുന്നുണ്ട്. അത്രയും കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന ഒരു വിഷയത്തിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിൽ തന്നെയാണ് സമസ്ത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here