അങ്ങനെ താമരയേയും ഉള്‍പ്പെടുത്തി; വിവാദങ്ങളില്ലാതെ കലോത്സവം നടത്താന്‍ മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം

64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ വേദികളുടെ പേര് സംബന്ധിച്ച് വിവാദങ്ങള്‍ക്ക് അവസാനം. തൃശ്ശൂരിലെ വേദികള്‍ക്ക് പൂക്കളുടെ പേരാണ് നല്‍കിയിരിക്കുന്നത്. 249 മത്സരങ്ങള്‍ നടത്താനായി 25 വേദികളാണ് സജ്ജമാകുന്നത്. സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുല്‍മോഹര്‍, ചെമ്പരത്തി, കര്‍ണികാരം, നിത്യകല്ല്യാണി, പനിനീര്‍പ്പു, നന്ത്യാര്‍വട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂവ്, ആമ്പല്‍പ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂ, ജമന്തി, തെച്ചിപ്പൂവ, താഴമ്പൂ, ചെണ്ടുമല്ലി തുടങ്ങിയ പൂക്കളുടെ പേരുകള്‍ നല്‍കി.
ദേശീയ പുഷ്പമായിട്ടും താമരയെ ഒഴിവാക്കി. ഇതോടെ ബിജെപി പ്രതിഷേധവുമായി രംഗത്ത് എത്തി. ബിജെപിയുടെ ചിഹ്നമായതിനാലാണ് ഒഴിവാക്കിയതെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം കൂടി വന്നതോടെ വിവാദം കനത്തു. ബിജെപിയും യുവമോര്‍ച്ചയും പ്രതിഷേധം ശക്തമാക്കി. ഇതോടെ നിലപാട് മാറ്റിയിരിക്കുകയാണ് മന്ത്രി.
താമരയുടെ പേര് വേദിക്കിട്ട് വിവാദം അവസാനിപ്പിച്ചിരിക്കുകയാണ് മന്ത്രി. 15-ാം നമ്പര്‍ വേദിയുടെ ഡാലിയ എന്ന പേര് മാറ്റിയാണ് താമരക്ക് സ്ഥാനം നല്‍കിയത്. ജനുവരി 14 മുതല്‍ 18 വരെയാണ് ഇത്തവണത്തെ കലോത്സവം. ഔദ്യോഗിക ഉദ്ഘാടനം ജനുവരി 14-ന് രാവിലെ 10 മണിക്ക് തേക്കിന്‍കാട് മൈതാനത്തെ എക്സിബിഷന്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിക്കും. .കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ് ഗോപി മുഖ്യാതിഥി ആയി പങ്കെടുക്കും. ഉദ്ഘാടന ചടങ്ങില്‍ ‘സര്‍വംമായ’ എന്ന സിനിമയിലൂടെ ‘ഡെലേലു’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ റിയ ഷിബു പ്രത്യേക അതിഥിയായി പങ്കെടുക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here