മുന്നറിയിപ്പില്ലാതെ സെക്രട്ടറിയേറ്റ് ഉപരോധം; തലസ്ഥാനത്ത് വൻ പൊലീസ് സന്നാഹവും… വാസ്തവം അറിഞ്ഞപ്പോൾ ജനത്തിന് കൗതുകവും

അവധി ദിനമായിട്ടും സെക്രട്ടറിയേറ്റിന് മുന്നിൽ പതിവില്ലാത്ത ആൾകൂട്ടം. ഞായറാഴ്ചയായിട്ട് ഇതെന്ത് പൊല്ലാപ്പ് എന്ന ആശങ്കയിലായി നാട്ടുകാർ. നിലവിൽ രാഷ്ട്രീയപ്പാർട്ടികൾ ഒന്നും സമരങ്ങൾ പ്രഖ്യാപിച്ചിട്ടുമില്ല, പക്ഷേ സെക്രട്ടറിയേറ്റിനെ വലയംചെയ്ത് പോലീസും സമരക്കാരും. കൂടാതെ പുതുതായി ചില ഫ്ലക്സ് ബോർഡുകളും ബാനറുകളും ഉയർന്നിട്ടുണ്ട്. മൊത്തത്തിൽ ഒരു സമരാന്തരീക്ഷം.

ഒടുവിൽ പ്രമുഖരായ ചില സിനിമാ പ്രവർത്തകരെ കണ്ടപ്പോഴാണ് കാര്യം പിടികിട്ടിയത്. സിനിമക്കാർക്കിടയിലെ രാഷ്ട്രീയക്കാരനും, സമരനായകനുമായ ബി ഉണ്ണികൃഷ്ണൻ ആണ് ഈ സിനിമാറ്റിക് സമരത്തിൻ്റെ നായകനെന്ന് വ്യക്തമായതോടെ മാധ്യമ സംഘങ്ങളും സെക്രട്ടേറിയറ്റു പരിസരത്ത് ഒഴുകിയെത്തി.

ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന രാഷ്ട്രീയ സിനിമയുടെ ചിത്രീകരണം ഒരുമാസത്തോളമായി തിരുവനന്തപുരത്ത് നടക്കുകയായിരുന്നു. അതിൻ്റെ അവസാന ദിനമാണ് സോളാർ സമരകാലത്തെ സെക്രട്ടറിയേറ്റ് ഉപരോധത്തെ അനുസ്മരിപ്പിക്കും വിധമുള്ള ഈ സമരചിത്രീകരണം. സിനിമക്കായി3000 ത്തോളം പോലീസുകാരെ അണിനിരത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ 1000ത്തോളം യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥരാണ്. തലസ്ഥാനത്ത് പൊലീസുകാർക്ക് അംഗബലം കുറവായതിനാൽ, കുട്ടിക്കാനത്തെ കെഎപി അഞ്ചാം ബറ്റാലിയനിൽ നിന്നുള്ള പൊലീസുകാരെയാണ് എത്തിച്ചിരിക്കുന്നത്.

എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. ഇവരുടെ ഓരോരുത്തരുടെയും എണ്ണവും റാങ്കും കണക്കാക്കി തുക ഒടുക്കിയാണ് സേവനം വാടകക്ക് എടുത്തിരിക്കുന്നത്. ഇവരുടെ എണ്ണം കണക്കാക്കി പോലീസ് വാഹനങ്ങളും ഉണ്ട്. ഏറെക്കാലത്തിനു ശേഷമാണ് സെക്രട്ടറിയേറ്റിനു മുൻപിൽ സിനിമ ചിത്രീകരണം അനുവദിക്കുന്നത്. സുരക്ഷാമേഖലയെന്ന് കണക്കാക്കി സെക്രട്ടേറിയറ്റിനുള്ളിലും പരിസരത്തും സിനിമ ചിത്രീകരണം വിലക്കി തീരുമാനം ഉണ്ടായിരുന്നു.

പ്രത്യേക അനുമതി വാങ്ങിയാണ് ബി ഉണ്ണികൃഷ്ണൻ ചിത്രീകരണം ആരംഭിച്ചത്. സിനിമയിൽ മുഖ്യമന്ത്രിയായി വേഷമിടുന്നത് ബാലചന്ദ്രമേനോനാണ്. നിവിൻ പോളിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉമ്മൻ ചാണ്ടിക്കെതിരെ ഇടതുപക്ഷം സമരപരമ്പരകൾ തീർത്ത സോളാർ സമരകാലത്തെ സെക്രട്ടറിയേറ്റ് ഉപരോധത്തിന് സമാനമായിരുന്നു സന്നാഹങ്ങൾ. ബി ഉണ്ണികൃഷ്ണൻ്റെ ആർഡി ഇല്യൂമിനേഷൻസും ശ്രീഗോകുലം മൂവീസും ചേർന്നാണ് നിർമാണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here