സർക്കാരിലും പാർട്ടിയിലും പ്രതീക്ഷ നശിച്ച് നവീൻ ബാബുവിൻ്റെ കുടുംബം; മുഖ്യമന്ത്രിയോട് ഇനി ദുഖം പറഞ്ഞിട്ടെന്ത് കാര്യം? രൂക്ഷവിമർശനം

കണ്ണൂർ എഡിഎം ആയിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചപ്പോഴെല്ലാം ശക്തമായ എതിർപ്പാണ് സർക്കാർ ഉന്നയിച്ചത്. അതോടെ ആ അധ്യായം അടഞ്ഞത് പോലെയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നവീൻ ബാബുവിൻ്റെ ഭാര്യയും റവന്യൂ വകുപ്പിലെ സീനിയർ സൂപ്രണ്ടുമായ മഞ്ജുഷ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. സമകാലിക മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിപിഎമ്മിൻ്റേയും സർക്കാരിൻ്റേയും ഇരട്ടത്താപ്പിനെതിരെ മഞ്ജുഷ തുറന്നടിക്കുന്നത്.

നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണെന്നും പ്രതിയായ പി പി ദിവ്യയെ സംരക്ഷിക്കില്ല എന്നുമൊക്കെയാണ് സിപിഎമ്മും സർക്കാരും പറഞ്ഞിരുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കത്തിൽ പറഞ്ഞെങ്കിലും സിബിഐ അന്വേഷണം വേണമെന്ന തങ്ങളുടെ ആവശ്യത്തെ സർക്കാർ ശക്തമായി എതിർക്കുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ കണ്ട് പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞിട്ട് എന്ത് കാര്യം എന്നാണ് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ ചോദിക്കുന്നത്.

നവീൻ ബാബുവിനെ അഴിമതിക്കാരനാണെന്ന് വരുത്തിത്തീർക്കാനാണ് പോലീസ് തുടക്കം മുതലേ ശ്രമിച്ചത്. അതിനുള്ള ചോദ്യങ്ങളുമായാണ് മൊഴിയെടുക്കാൻ തൻ്റെ അടുക്കൽ വന്നത്. അദ്ദേഹത്തിൻ്റെ കോൾ ലിസ്റ്റ് എടുത്ത പ്രതിയാക്കേണ്ടവരുടെ കോൾ ലിസ്റ്റ് പോലീസ് എടുത്തതുമില്ല. ഗൂഢാലോചനയുടെ സാധ്യത അന്വേഷിക്കാത്തതും നവീൻ ബാബുവിനെതിരെ പരാതിക്കാരനായി രംഗത്തെത്തിയ പ്രശാന്തിനെ പ്രതിയാക്കാത്തതും ഉൾപ്പടെയുള്ള പിഴവുകൾ പ്രകടമാണ്. പ്രശാന്ത് ഏറെ സംശയിക്കത്തക്ക ആളാണ്. പ്രശാന്തിനെ രക്ഷിക്കുക വഴി അവർക്ക് സ്വയം രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മഞ്ജുഷ പറഞ്ഞു.

പ്രശാന്ത് ആരുടേയോ ബിനാമി ആണ്. ആ ദിശയിലേക്ക് അന്വേഷണം പോലീസ് കൊണ്ടു പോയില്ല. പ്രശാന്തിനെ പ്രതിയാക്കുകയും കലക്ടറെ മാറ്റി നിർത്തി അന്വേഷിക്കുകയും ചെയ്തിരുന്നെങ്കിൽ അല്പമെങ്കിലും സത്യം തെളിയുമായിരുന്നു. കളക്ടറെ ശരിക്കും അവർ പ്രൊട്ടക്റ്റ് ചെയ്തു നിർത്തിയിരിക്കയാണ്. ഇതൊക്കെയാണ് സംശയം വർദ്ധിപ്പിക്കുന്നതെന്ന് മഞ്ജുഷ ചൂണ്ടിക്കാട്ടി. പാർട്ടിയും സർക്കാരും നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണെന്ന് പറയുന്നതല്ലാതെ ഒരു കാര്യത്തിലും ഇവർ ഞങ്ങൾക്കൊപ്പമില്ല. സർക്കാരിൻ്റെ എതിർപ്പാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. സർവീസിൽ കയറിയ കാലം മുതൽ ഭർത്താവ് എൻജിഒ യൂണിയൻ അംഗമായിരുന്നു. പക്ഷേ, ആപത്ത് വന്നപ്പോൾ കൂടെ നിൽക്കാൻ അവരുണ്ടായിരുന്നില്ല.

ഞങ്ങൾ കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞത് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പോയതോടെ എല്ലാവരുമങ്ങ് മാറി. സി ബി ഐ അന്വേഷണ കാര്യത്തിൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ എം വി ഗോവിന്ദൻ സിബിഐ അന്വേഷണം ആവശ്യമില്ലാ എന്ന് പ്രഖ്യാപിച്ചു. സിബിഐ വരരുതെന്ന് അവർക്ക് പൂർണമായും ആഗ്രഹമുണ്ടെന്ന് മഞ്ജുഷ പറഞ്ഞു.

പോലീസ് അന്വേഷണം നേർവഴിക്ക് പോകുമെന്ന് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. നവീൻ ബാബുവിൻ്റെ മരണം ആത്മഹത്യയാണെന്ന് തീരുമാനമെടുത്തിട്ടാണ് അന്വേഷണം തുടങ്ങിയത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഒരു അന്വേഷണ സംവിധാനത്തിൽ നിന്ന് നീതി കിട്ടില്ലെന്നുറപ്പാണ്. എല്ലാം തിരക്കഥ പോലെ തയ്യാറാക്കിയാണ് അന്വേഷണം നടത്തിയതെന്ന് മഞ്ജുഷ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top