നീലനെ സ്ത്രീവിഷയത്തിൽ പെടുത്തിയതിൽ സിപിഎം ഗൂഢാലോചന!! പാര്‍ട്ടി നിർദേശം നിരാകരിച്ചതിന് ശിക്ഷയെന്ന് നായനാരുടെ സെക്രട്ടറി

1996-2001 കാലത്ത് ഇകെ നായനാര്‍ മന്ത്രിസഭയിലെ വനം, ഗതാഗത മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാരെ ലൈംഗിക അപവാദത്തിൽ കുടുക്കിയത് സിപിഎം തീരുമാനപ്രകാരമെന്ന് കലാകൗമുദി വാരിക. നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുരളീധരന്‍ നായര്‍ ഇക്കാര്യം കേരളകൗമുദി എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ബി സി ജോജോയോട് വെളിപ്പെടുത്തിയിരുന്നു എന്നാണ് കലാകൗമുദി പുതിയ പതിപ്പിൽ എസ് ജഗദീഷ് ബാബു (കേരളകൗമുദി മുന്‍ ലേഖകന്‍) എഴുതുന്നത്. ‘കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും അജ്ഞാത യുവതിയും’ എന്ന ലേഖനത്തിലാണ് ഈ വന്‍ വെളിപ്പെടുത്തല്‍.
പാര്‍ട്ടിക്ക് താല്‍പര്യമുള്ള മലപ്പുറത്തെ വ്യവസായിക്കു വേണ്ടിയാണ് നീലനെ കുടുക്കിയത് എന്നാണ് പറഞ്ഞിരിക്കുന്നത്. ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ ഓഫീസ് മുറിയില്‍ വെച്ച് മന്ത്രി നീലന്‍ കടന്നുപിടിച്ചു എന്നായിരുന്നു പരാതി. ആരോപണത്തിന്റെ പേരില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. ഇതെല്ലാം സിപിഎം ഒരുക്കിയ കെണിയായിരുന്നു എന്നാണ് മുരളീധരന്‍ നായരുടെ തുറന്നു പറച്ചില്‍.

“അടുത്തകാലത്ത് അന്തരിച്ച കേരള കൗമുദിയുടെ എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്ന ബി സി ജോജോ മരിക്കുന്നതിന് ഒരുമാസം മുമ്പ് എന്നെ വിളിച്ച് സംസാരിക്കുമ്പോൾ നീലലോഹിതദാസിന്റെ രാജിയെക്കുറിച്ച് നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന മുരളീധരന്‍ നായര്‍ നടത്തിയ വെളിപ്പെടുത്തല്‍ പറഞ്ഞിരുന്നു. രോഗബാധിതനായി കിടക്കുമ്പോഴാണ് മുരളീധരന്‍ നായര്‍ ജോജോയെ കാണണമെന്ന് ആവശ്യപ്പെട്ടത്. വീട്ടില്‍ ചെന്ന ജോജോയോട് തനിക്ക് കുറ്റബോധമുള്ള ഒരു സംഭവം പറയാനാണ് വിളിപ്പിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് നീലലോഹിതദാസിന്റെ രാജിക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന് ഏറ്റുപറഞ്ഞത്.
“മലപ്പുറത്തുകാരനായ ഒരു വ്യവസായി നടത്തിയ മരം കൊള്ളയുടെ കേസായിരുന്നു ഇതിന് പിന്നില്‍. കേസ് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നായനാര്‍ വനംമന്ത്രി നീലനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എഴുതി നല്‍കണമെന്ന നിലപാടാണ് നീലന്‍ സ്വീകരിച്ചത്. ഇക്കാര്യം അന്ന് എല്‍ഡിഎഫ് കണ്‍വീനറായിരുന്ന വി എസ് അച്യുതാനന്ദനെ നേരില്‍ കണ്ട് മന്ത്രി അറിയിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ താല്‍പര്യം നടപ്പാക്കാനാണ് നായനാര്‍ നീലനോട് ആവശ്യപ്പെട്ടത്. അഴിമതി ഉണ്ടെങ്കില്‍ അത് അനുസരിക്കേണ്ട എന്ന് വിഎസ് പറഞ്ഞു.”
“വിഎസ് നല്‍കിയ ബലത്തിലായിരുന്നു നീലലോഹിതദാസിന്റെ ഉറച്ച നിലപാട്. ഈ സംഭവത്തിന്റെ അനന്തരഫലമായിരുന്നു ഐഎഎസുകാരിയുടെ ആരോപണം എമെന്നാണ് മുരളീധരന്‍ നായര്‍ രോഗശയ്യയില്‍ കിടന്നു കൊണ്ട് ജോജോയോട് നടത്തിയ ഏറ്റുപറച്ചില്‍. ഓരോ സ്ത്രീപീഡനക്കേസിൻ്റെയും പിന്നില്‍ ഇത്തരം ദുരൂഹമായ സംഭവങ്ങള്‍ ഉണ്ടെന്ന് കാണാം” എന്നാണ് ജഗദീഷ് ബാബു എഴുതിയിരിക്കുന്നത്.

പാര്‍ട്ടിക്ക് താല്‍പര്യമുള്ള വ്യവസായിക്കു വേണ്ടി ഒരുമന്ത്രിയെ ലൈംഗിക ആരോപണത്തില്‍ കുരുക്കി ഒഴിവാക്കി എന്ന അതിഗുരുതര ആരോപണമാണ് ഇതോടെ പുറത്തുവരുന്നത്. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന ഇകെ നായനാര്‍, മുരളീധരന്‍ നായര്‍, ബിസി ജോജോ, വിഎസ് അച്യുതാനന്ദന്‍ എന്നിവര്‍ മൺമറഞ്ഞു. നീലനും നളിനി നെറ്റോയുമാണ് ഇനി ഈ നിജസ്ഥിതി വെളിപ്പെടുത്തേണ്ടത്. ആരോപണത്തോടെ നീലന്‍ രാഷ്ട്രീയത്തില്‍ നിന്ന് അപ്രസക്തനാവുകയും ഏതാണ്ട് നിഷ്‌കാസിതനാവുകയും ചെയ്തു.
1999ല്‍ നായനാര്‍ മന്ത്രിസഭയില്‍ വനം – ഗതാഗത മന്ത്രിയായിരുന്ന ജനതാദളിന്റെ നീലലോഹിതദാസ് നാടാര്‍ക്കെതിര പരാതി നല്‍കിയത് അന്നത്തെ ഗതാഗത സെക്രട്ടറി യും പിന്നീട് ചീഫ് സെക്രട്ടറിയുമായി വിരമിച്ച നളിനി നെറ്റോ ആയിരുന്നു. ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി നാടാര്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് നളിനി നെറ്റോ നല്‍കിയ പരാതി. 1999 ഡിസംബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here