രാഹുല്‍ മാങ്കൂട്ടത്തില്‍ ഏകനായി ഇരിക്കണം; കോണ്‍ഗ്രസും സതീശനും അടുപ്പിക്കില്ല; അവധിക്കും നിയമസഭയുടെ അനുമതി വേണം

ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ നേരിടേണ്ടിവരിക വലിയ വെല്ലുവിളി. തിങ്കളാഴ്ച ആരംഭിക്കുന്ന സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് രാഹുലിന് മുന്നില്‍ തടസങ്ങളൊന്നുമില്ല. പങ്കെടുത്താല്‍ യുഡിഎഫ് ബ്ലോക്കിന് പുറത്ത് ഒറ്റയ്ക്ക് ഇരിക്കേണ്ടി വരും. രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ വിവരം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കറെ രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
രാഹുല്‍ സഭയില്‍ ഹാജരായില്ലെങ്കിലും എംഎല്‍എ സ്ഥാനത്ത് തുടരാം. തുടര്‍ച്ചയായി 60 ദിവസം സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നാൽ മാത്രമേ നടപടികള്‍ ഉണ്ടാകൂ. എന്നാല്‍ നിലവില്‍ സഭ സമ്മേളിക്കുന്നത് സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 9 വരെയാണ്. ഇതിനിടയില്‍ അവധികള്‍ വരുന്നതിനാല്‍ വെറും 12 ദിവസമാണ് സമ്മേളനം. അടുത്ത വര്‍ഷമാദ്യം നടക്കുന്ന ഇടക്കാല ബജറ്റ് സമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കാതിരുന്നാലും അവധി 60 ദിവസത്തിലധികം ആകില്ല. രാഹുല്‍ അവധി എടുത്ത് മാറട്ടെ എന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
നിയമസഭാംഗത്തിന് എങ്ങനെ അവധി എടുക്കാം
നിയമസഭാംഗങ്ങളുടെ അവധി സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ റൂള്‍സ് ഓഫ് പ്രൊസീജ്യേഴ്സ് (Rules of Procedures) അഥവാ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളില്‍ നല്‍കിയിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 190ലെ നാലാം വകുപ്പ് അനുസരിച്ചാണ് അവധിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവധി എത്ര ദിവസത്തേക്കാണെന്നും, തുടങ്ങുന്ന ദിവസവും അവസാനിക്കുന്ന ദിവസവും നല്‍കണം. കാരണവും വ്യക്തമാക്കേണ്ടതുണ്ട്. കൂടാതെ ഒരുതവണ എടുക്കുന്ന അവധി 60 ദിവസത്തില്‍ കൂടുതലാകരുതെന്നും നിയമം പറയുന്നു.
എന്നാല്‍ അപേക്ഷ കൊണ്ടുമാത്രം അവധി ലഭിക്കില്ല. ചട്ടം അനുസരിച്ച് അനുവദിക്കേണ്ടത് സഭയാണ്. അവധിയപേക്ഷ സ്പീക്കര്‍ വായിക്കും, സഭക്ക് എതിര്‍പ്പില്ലല്ലോ എന്ന് ചോദിക്കും. എതിര്‍പ്പ് ഉണ്ടായില്ലെങ്കില്‍ അനുമതി നല്‍കും. ആരെങ്കിലും എതിര്‍ത്താല്‍ സ്പീക്കര്‍ സഭയുടെ അഭിപ്രായം ആരായുകയും ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുകയും ചെയ്യും. സഭയില്‍ മറ്റു ചര്‍ച്ചകളൊന്നും ഉണ്ടാകില്ല. അവധി ലഭിച്ച ദിവസങ്ങള്‍ക്കിടയില്‍ അംഗം സഭയില്‍ എത്തിയാൽ അന്ന് മുതലുള്ള അവധി റദ്ദാകുകയും ചെയ്യും.
ചട്ടം അനുസരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ അവധിക്കായി അപേക്ഷിക്കുകയാണെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കേണ്ടി വരും. പാര്‍ട്ടി സസ്പെന്‍ഷന്‍ ഒരു കാരണമായി അവതരിപ്പിക്കാന്‍ കഴിയില്ല. ആരോഗ്യ കാരണങ്ങള്‍ അവതരിപ്പിക്കാന്‍ സാങ്കേതികമായി കഴിഞ്ഞാലും ജനങ്ങള്‍ക്ക് മുന്നില്‍ അത് ന്യായീകരിക്കാന്‍ കഴിയില്ല. സമ്മേളന കാലയളവില്‍ സ്ഥലത്തുണ്ടായിരുന്നില്ല എന്ന കാരണവും പറയാനാകില്ല. എന്നാല്‍ ഇവയ്ക്കെല്ലാം ഉപരിയായി ഉയരുന്ന മറ്റൊരു വലിയ ധാര്‍മിക പ്രശ്നം ഇതിന് പിന്നിലുണ്ട്.
ഒരു എംഎല്‍എ തുടര്‍ച്ചയായി നിയമസഭയില്‍ ഹാജരാകുന്നില്ല എന്നത് അയാള്‍ പ്രതിനിധീകരിക്കുന്ന നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരോട് ചെയ്യുന്ന അനീതിയാണെന്ന് പറയേണ്ടി വരും. വോട്ടര്‍മാരോട് കാട്ടുന്ന അനാദരവായിരിക്കും അത്. എംഎല്‍എ എന്ന നിലയില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുകയും വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ പ്രതിനിധീകരിക്കാന്‍ സഭയില്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകും?
തിരഞ്ഞെടുക്കപ്പെട്ട് ഒരുകൊല്ലം തികയും മുമ്പേ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ പുറത്താകേണ്ടി വന്ന ദുര്യോഗവും രാഹുലിനുണ്ട്. കഴിഞ്ഞ നവംബറില്‍ പാലക്കാട് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഷാഫി വടകരയില്‍ നിന്ന് ലോക്‌സഭാംഗമായ പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2021-ല്‍ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷാഫി പാലക്കാട് വിജയിച്ചത്. 2016-ല്‍ ഷാഫിക്ക് കിട്ടിയ 17,483 വോട്ടിന്റെ റെക്കോർഡ് മറികടന്ന് 18,724 വോട്ടിന്റെ തിളക്കമാര്‍ന്ന ഭൂരിപക്ഷം നേടിയാണ് രാഹുല്‍ ജയിച്ചത്.
ഏറെ വാഴ്ത്തലുകളും ആരവങ്ങളും നേടിയ ഈ യുവ നേതാവ് സഭയുടെ കാലാവധി അവസാനിക്കുന്നതിന് മുന്നേ നാണക്കേടിന്റെ പടുകുഴിയില്‍ പതിച്ചത് പാര്‍ട്ടിക്കും വോട്ടര്‍മാര്‍ക്കും വലിയ തിരിച്ചടിയായി. ആദ്യമായി സഭയില്‍ താരപരിവേഷത്തില്‍ ആണ് എത്തിയതെങ്കില്‍ ഇപ്പോള്‍ നാണംകെട്ട് വീടിന് പുറത്ത്് ഇറങ്ങാതെ ഇരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here