ചട്ടങ്ങൾ മറികടന്ന് എസ്‌എഫ്ഐ നേതാവിന്റെ പിഎച്ച്ഡി പ്രവേശന പരീക്ഷ; എസ്‌എഫ്ഐകാർക്ക് എന്തുമാകാം?

സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും, എസ്എഫ്ഐ നേതാവുമായിരുന്ന ആഷിഖ് ഇബ്രാഹിംകുട്ടിക്ക് എംടെക് പരീക്ഷ പാസാകാതെ ചട്ടവിരുദ്ധമായി പ്രവേശന പരീക്ഷ എഴുതിച്ച്പി എച്ച്ഡിക്ക് പ്രവേശനം നൽകിയതായി പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്. എംടെക് പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ഒന്നാം സെമസ്റ്റർ പരീക്ഷ പാസാകാതെയാണ് തൃശൂർ ഗവ:എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലാണ് ഇബ്രാഹിമിന് പിഎച്ച്ഡിക്ക് പ്രവേശനം നൽകിയത്. സാങ്കേതിക സർവ്വകലാശാല വിസിയുടെ ചുമതല വഹിക്കുന്ന ഡോ:സജി ഗോപിനാഥിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പിഎച്ച്ഡി പ്രവേശന പരീക്ഷ എഴുതാൻ ചട്ട വിരുദ്ധമായി ആഷിക്കിന് അനുമതി നൽകിയത്.

ഒന്നാം സെമെസ്റ്റർ പരീക്ഷ പാസായില്ല എന്ന വിവരം മറച്ചുവച്ച് സിൻഡിക്കേറ്റ് അംഗമെന്ന സ്വാധീനം ഉപയോഗിച്ചാണ് പ്രവേശന പരീക്ഷ എഴുതാൻ സർവ്വകലാശാലയിൽ നിന്ന് പ്രത്യേക അനുമതി നേടിയത്. എല്ലാ സെമസ്റ്ററും പാസ്സായ അവസാന സെമസ്റ്റർ പരീക്ഷ എഴുതി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മാത്രമാണ് പിഎച്ച്ഡി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും എഴുതുവാനും യൂണിവേഴ്സിറ്റി ചട്ടങ്ങളിൽ വ്യവസ്ഥയുള്ളത്. അവസാന സെമസ്റ്ററിന്റെ പരീക്ഷഫലം ജൂലൈ 2024 ൽ പ്രസിദ്ധീകരിച്ചിരുന്നു. 2024 ആഗസ്റ്റിലാണ് പ്രവേശനപരീക്ഷ നടന്നത്. എന്നാൽ ആഷിഖ് പ്രവേശനപരീക്ഷ എഴുതികഴിഞ്ഞ ശേഷവും ഒന്നാം സെമസ്റ്ററിൽ മതിയായ ഹാജരില്ലാത്തത്കൊണ്ട് വീണ്ടും കോളേജിൽ പഠനം തുടരുകയായിരുന്നു. ഒന്നാം സെമിസ്റ്റർ പാസ്സാകാതെ ക്രമവിരുദ്ധമായി പിഎച്ച്ഡിക്ക് പ്രവേശനം നേടിയ ശേഷം സർവ്വകലാശാല ഡോക്ടറൽ കമ്മിറ്റി കൂടുന്നതിനു മുമ്പ് മുഴുവൻ മാർക്കലിസ്റ്റുകളും പരിശോധിച്ചപ്പോഴാണ് പ്രവേശനപരീക്ഷ എഴുതുമ്പോഴും, പ്രവേശനസമയത്തും എംടെക് പാസ്സായിട്ടി ല്ലെന്നും, പ്രവേശന പരീക്ഷക്ക് അനുമതിനൽകിയത് തന്നെ ചട്ടവിരുദ്ധമായാണെന്നും,റിസർച്ച് സെക്ഷൻ കണ്ടെത്തിയത്.
തുടർന്ന് റിസർച്ച് ഡീനി നെ അധിക്ഷേപിച്ച യുവ നേതാവ് ഡീനിനെ ഡെപ്യൂട്ടേ ഷൻ തസ്തികയിൽ തുടരാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ നാലാം സെമസ്റ്റർ പാസായ വിദ്യാർത്ഥി പിഎച്ച്ഡി പ്രവേശന സമയത്ത് ഒന്നാമത്തെ സെമസ്റ്റർ പാസായിട്ടില്ലെന്നും, ചട്ട വിരുദ്ധമായാണ് പ്രവേശന പരീക്ഷ എഴുതിയതെന്നുമുള്ള രേഖകൾ വിസി ഡോ:കെ. ശിവപ്രസാദിന് റിസർച്ച് ഡീൻ കൈമാറിയിരിക്കുകയാണ്.അതിനിടെ സിപിഎം ഉന്നത കേന്ദ്രങ്ങൾ ഇടപെട്ട് ഐഎച്ച്ആർഡിയിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ വിലക്കിയതിനെ തുടർന്ന് സർവ്വകലാശാലയ്ക്ക് ഡീനിന്റെ സേവനം നിർത്തലാക്കേണ്ടതായി വന്നു. എംടെക് പാസാകാത്ത സിൻഡിക്കേറ്റ് അംഗമായിരുന്ന എസ്എഫ്ഐ നേതാവിന് ചട്ട വിരുദ്ധമായി നൽകിയ പിഎച്ച്ഡി പ്രവേശനം റദ്ദാക്കണമെന്നും, പ്രവേശനം നൽകിയ തൃശൂർ ഗവ:കോളേജ് പ്രിൻസിപ്പലിനെതിരെ നടപടി കൈകൊള്ളണമെന്നും സമാനമായ ക്രമക്കേടുകൾ പരീക്ഷ വിഭാഗത്തിൽ നടന്നിട്ടുണ്ടോ എന്ന് പ്രത്യേക സമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സാങ്കേതിക സർവ്വകലാശാല വിസിക്ക് നിവേദനം നൽകി

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here