മർദിച്ചത് വടകര കൺട്രോൾ റൂം സിഐ; പേര് വെളിപ്പെടുത്തി ഷാഫി പറമ്പിൽ

പേരാമ്പ്രയിലെ സംഘർഷത്തിനിടെ തന്നെ മർദിച്ച പോലീസുദ്യോഗസ്ഥനെ തിരിച്ചറിയാൻ മുഖ്യമന്ത്രിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പിൽ. തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അഭിലാഷ് ഡേവിഡിനെതിരെ ഷാഫി പറമ്പിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. മാഫിയാ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16-ന് സസ്പെൻഷനിലായ ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. ഇയാളെ പിരിച്ചുവിട്ടു എന്നും മുൻപ് വാർത്ത വന്നിരുന്നു. ഇയാൾ വഞ്ചിയൂർ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണെന്നും എംപി ആരോപിച്ചു.
Also Read : പോലീസിൽ ഗൂഡാലോചന!! ഷാഫിയെ തല്ലിയ ലാത്തി കണ്ടെത്താൻ എഐ ടൂൾ കൊണ്ട് പരിശോധനയെന്ന് എസ്പി
ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പേരാമ്പ്രയിൽ പോലീസ് ആസൂത്രിതമായി ആക്രമണം നടത്തിയതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. പോലീസിന്റെ കൈയിലിരുന്ന ഗ്രനേഡ് പൊട്ടിയാണ് തനിക്ക് പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ റൂറൽ എസ്പി പോലും മർദനം നടന്നതായി സമ്മതിച്ച ശേഷം എഐ ടൂൾ ഉപയോഗിച്ച് ആളെ തിരിച്ചറിഞ്ഞ് നടപടിയെടുക്കും എന്ന് പറഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. സിപിഎം ഇടപെടലിനെ തുടർന്നാണ് എസ്പി അന്വേഷണം നിർത്തിയതെന്നും, ഇതുവരെ തൻ്റെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘർഷമോ കല്ലേറോ ഇല്ലാത്ത സമയത്താണ് ഉദ്യോഗസ്ഥൻ തന്നെ മർദിച്ചതെന്നും ഒരു ഉദ്യോഗസ്ഥൻ രണ്ടു തവണ അടിക്കുകയും മൂന്നാമത്തെ അടി മറ്റൊരു ഉദ്യോഗസ്ഥൻ തടയുകയുമാണ് ചെയ്തതെന്നും എംപി വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here