ഷാഫിയുടേത് ‘ചുവപ്പുമഷി’ പ്രയോഗമെന്ന് സിപിഎം ആക്ഷേപം; ശിവദാസമേനോന്റെ ചോര വാരി ഷർട്ടിൽ തേച്ച നേതാവിനെ അറിയാമോ?

കോഴിക്കോട് പേരാമ്പ്ര സികെജി കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് മര്‍ദനമേറ്റ ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിന് ശസ്ത്രക്രിയ വേണ്ടി വന്നു. ഇന്നലത്തെ സംഘര്‍ഷത്തില്‍ അദ്ദേഹം ചോരയൊലിപ്പിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നപ്പോള്‍, ചുവന്ന മഷി മൂക്കിലും ഷര്‍ട്ടിലും കോരിയൊഴിച്ച് ‘ഷാഫി ഷോ’ നടത്തുകയാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ സിപിഎം പരിഹാസം.
സോഷ്യല്‍ മീഡിയ കാലത്തിന് മുമ്പ് ലാത്തിയടിയേറ്റ സഹപ്രവര്‍ത്തകന്റെ ചോര സ്വന്തം ഷര്‍ട്ടിൽ വാരിതേക്കുന്ന നേതാവിൻ്റെ ദൃശ്യങ്ങള്‍ ജനം കണ്ടത് സൂര്യ ടിവിയിലൂടെ ആയിരുന്നു. 2003ലെ മുത്തങ്ങ പോലീസ് വെടിവയ്പിൽ പ്രതിഷേധിച്ച് പാലക്കാട്ട് സിപിഎം നടത്തിയ എസ്പി ഓഫീസ് മാര്‍ച്ചിനുനേരെ പോലീസ് അതിക്രൂര ലാത്തിച്ചാര്‍ജ് നടത്തി. മുന്‍ മന്ത്രി ടി ശിവദാസമേനോൻ്റെ തലപൊട്ടി ചോരയൊലിച്ചു. ഈ സമയം ഇദ്ദേഹത്തെ താങ്ങിയെടുക്കാനെത്തിയ എന്‍എന്‍ കൃഷ്ണദാസ് ആണ് പെട്ടെന്ന് തൻ്റെ കയ്യിൽ പുരണ്ട ചോര വെള്ള ഷർട്ടിലേക്ക് തേച്ചത്.
സൂര്യ ടിവിയുടെ പാലക്കാട് ലേഖകനായിരുന്ന എസ്‌വി അയ്യരാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അക്കാലത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ കണ്ട വാര്‍ത്തകളിൽ ഒന്നായിരുന്നു ഇതെന്ന് സൂര്യാ ടിവി ലേഖകനായിരുന്ന എംഎസ് സനില്‍ കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. പിറ്റേന്ന് മലയാള മനോരമ പത്രവും ഫോട്ടോ സഹിതം ഇത് പ്രസിദ്ധീകരിച്ചതായി സനില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പക്ഷേ, ഇതൊന്നും കൃഷ്ണദാസിൻ്റെ രാഷ്ടീയ വളര്‍ച്ചയെ ബാധിച്ചില്ല. നാല് തവണ പാലക്കാട് നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
“മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ പൊലീസ് അതിക്രൂരമായ മര്‍ദനവും വെടിവെപ്പുമാണ് നടത്തിയത്. അതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കേരളമൊട്ടാകെ പ്രകടനങ്ങള്‍ നടന്നു. പാലക്കാട്ട് എസ്പി ഓഫീസിലേക്ക് നടന്ന മാര്‍ച്ചിന് നേതൃത്വം നല്‍കിയത് ശിവദാസമേനോനായിരുന്നു. മുന്‍ മന്ത്രിയെന്ന പരിഗണന പോലും നല്‍കാതെയാണ് സമാരാധ്യനായ ശിവദാസമേനോനെ തല്ലിച്ചതച്ചത്. വളഞ്ഞിട്ടാക്രമണത്തില്‍ തലയ്ക്കുള്‍പ്പെടെ മാരകമായ പരിക്കേറ്റു’ – ഇങ്ങനെയാണ് അന്ന് ‘ചിന്ത’ വാരിക റിപ്പോര്‍ട്ട് ചെയ്തത്.
മര്‍ദ്ദനത്തെത്തുടര്‍ന്ന് ദിവസങ്ങളോളം അദ്ദേഹം ഐസിയുവിലായിരുന്നു. ശിവദാസമേനോന് മര്‍ദനമേറ്റത് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. സമഗ്ര അന്വേഷണം വേണമെന്ന മേനോന്റെ ആവശ്യത്തിന് ഒടുവിൽ ആന്റണി സര്‍ക്കാര്‍ വഴങ്ങി. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് സിപിഎം നിയമസഭയില്‍ സര്‍ക്കാര്‍ നടപടികളോട് സഹകരിക്കാര്‍ തയ്യാറായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here