‘ഷാരൂഖ് ഖാൻ രാജ്യദ്രോഹി’! ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതിൽ രൂക്ഷവിമർശനവുമായി ബിജെപി

ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഐപിഎൽ ടീമിലെടുത്തതിന് പിന്നാലെ നടൻ ഷാരൂഖ് ഖാനെ ‘രാജ്യദ്രോഹി’ എന്ന് വിളിച്ച് ബിജെപി നേതാവ് സംഗീത് സോം. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെ അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ അവിടുത്തെ കളിക്കാരെ ഐപിഎല്ലിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
‘ഒരു വശത്ത് ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമ്പോൾ മറുവശത്ത് അവിടുത്തെ കളിക്കാരെ ഐപിഎല്ലിൽ വാങ്ങുകയാണ്. രാജ്യദ്രോഹിയായ ഷാരൂഖ് ഖാൻ ഒൻപത് കോടി രൂപ നൽകിയാണ് മുസ്തഫിസുർ റഹ്മാനെ വാങ്ങിയത്. ഇങ്ങനെയുള്ളവർക്ക് ഈ രാജ്യത്ത് ജീവിക്കാൻ അവകാശമില്ല,’ എന്നാണ് ഉത്തർപ്രദേശിലെ ബിജെപി മുൻ എംഎൽഎ കൂടിയായ സംഗീത് സോം പറഞ്ഞത്. മുസ്തഫിസുർ റഹ്മാനെ പോലുള്ള താരങ്ങൾ ഇന്ത്യയിലെത്തിയാൽ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, ഷാരൂഖ് ഖാൻ മുസ്ലിം ആയതുകൊണ്ട് മാത്രമാണ് ബിജെപി അദ്ദേഹത്തെ വേട്ടയാടുന്നതെന്ന് കോൺഗ്രസ് നേതാവ് സുരേന്ദർ രാജ്പുത് ആരോപിച്ചു. സംഗീത് സോമിന്റേത് വെറും വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള തന്ത്രമാണെന്ന് ബിജെപി സഖ്യകക്ഷിയായ ഓം പ്രകാശ് രാജ്ഭറും പരിഹസിച്ചു.
ബംഗ്ലാദേശിലെ മൈമൻസിംഗിൽ ദീപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് തീക്കൊളുത്തിയ സംഭവത്തെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഇപ്പോൾ അത്യന്തം വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഐപിഎൽ താരലേലത്തെ ചൊല്ലിയുള്ള വിവാദം പുകയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here