വിശ്വപൗരനെ കോൺഗ്രസുകാർക്ക് വേണ്ടാതായി; പഞ്ചായത്ത് തിരഞ്ഞെടുപ്പു കാലത്ത് തരൂരിനെ മണ്ഡലത്തിൽ കാണാനില്ല

പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ നേതാക്കളും പാർട്ടികളും ഒന്നടങ്കം തയ്യാറെടുപ്പ് നടത്തുമ്പോഴും കളത്തിലെങ്ങും ഇറങ്ങാതെ തിരുവനന്തപുരം എം പി ശശി തരൂർ. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം രണ്ടോ മൂന്നോ തവണ മാത്രമാണ് എം പി മണ്ഡലത്തിലെത്തിയത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഏത് നേരവും പ്രഖ്യാപിക്കാനിരിക്കെ വിശ്വപൗരൻ്റെ പൊടിപോലുമില്ലാ കണ്ടുപിടിക്കാൻ എന്ന അവസ്ഥയിലാണ്. കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗമായ തരൂരിനെ തിരഞ്ഞെടുപ്പ് പ്രക്രിയകളിലോ സ്ഥാനാർത്ഥി നിർണയത്തിലോ പാർട്ടി നേതൃത്വം അടുപ്പിക്കുന്നുമില്ല.

കഴക്കൂട്ടം, വട്ടിയൂർകാവ്, തിരുവനന്തപുരം സെൻട്രൽ, നേമം എന്നീ അസംബ്ലി മണ്ഡലങ്ങളിലെ വാർഡുകൾക്കു പുറമെ കോവളം മണ്ഡലത്തിലെ നാല് വാർഡുകൾ കൂടി ഉൾപ്പെട്ടതാണ് തിരുവനന്തപുരം കോർപ്പറേഷൻ. കൂടാതെ പാറശാല, നെയ്യാറ്റിൻകര, കോവളം എന്നീ മണ്ഡലങ്ങളിലെ മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് കൂടി ഉൾപ്പെട്ടതാണ് തിരുവനന്തപുരം ലോക്സഭ മണ്ഡലം. പാറശാല നിയോജക മണ്ഡലത്തിൽ ഒമ്പത് പഞ്ചായത്തുകൾക്കു പുറമെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ഉണ്ട്. നെയ്യാറ്റിൻകര മണ്ഡലത്തിൽ ഒരു മുനിസിപ്പാലിറ്റിയും 5 പഞ്ചായത്തുകളും 2 ബ്ലോക്ക് പഞ്ചായത്തുകളും, കോവളത്ത് 6 പഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും.

Also Read : അമിത്ഷാക്ക് കൈയ്യടിച്ച് ശശിതരൂര്‍; കോണ്‍ഗ്രസ് ബെഞ്ചിലിരുന്ന് ബിജെപിക്ക് വിസിലടിക്കുന്ന വിശ്വപൗരന്‍

ഇത്രയും തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെട്ടതാണ് തിരുവനന്തപുരം ലോക്സഭ മണ്ഡലം. ശശി തരൂരിൻ്റ വിജയത്തിന് നിർണായക പങ്ക് വഹിച്ച പ്രാദേശിക നേതാക്കളെ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തിരിഞ്ഞുപോലും നോക്കാതെ മുങ്ങി നടക്കുകയാണ് വിശ്വപൗരനായ കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗം. പാർട്ടിയുടെ എംപിമാരും എംഎൽഎമാരും ഒന്നടങ്കം തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയിട്ടും ശശി തരൂരിൻ്റെ സാന്നിധ്യം തിരുവനന്തപുരത്ത് കാണാനില്ല.

കോർപ്പറേഷനിലെ 100 വാർഡുകളിലേക്കുമുള്ള സ്ഥാനാർത്ഥി നിർണയം കെ മുരളിധരൻ്റെ നേതൃത്വത്തിൽ ഏതാണ്ട് 80 ശതമാനവും പൂർത്തിയായി കഴിഞ്ഞു. കാര്യമായ പ്രതിഷേധങ്ങൾ ഇല്ലാതെ സ്ഥാനാർത്ഥി നിർണയത്തിൽ മേൽക്കൈ നേടിയത് മുരളിധരൻ്റെ അനിതര സാധാരണമായ വിജയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്ഥാനാർത്ഥികളാക്കാൻ തനിക്ക് വേണ്ടപ്പെട്ടവരായി പോലും ആരുടെയും പേരുകൾ തരൂർ നൽകിയിട്ടില്ല എന്നാണ് ജില്ലാ കോൺഗ്രസ് നേതാക്കൾ അറിയിച്ചത്. പാർട്ടിയുടെ പ്രധാന പരിപാടികളിലൊന്നും പങ്കെടുക്കാതെ, പദവികൾ നല്കിയ രാഷ്ട്രീയ പ്രസ്ഥാനത്തെ തൻ്റെ വാക്കുകളിലൂടെയും എഴത്തുകളിലൂടെയും ദുർബലപ്പെടുത്തുന്ന പണിയിലാണ് അദ്ദേഹം ഏർപ്പെട്ടിരിക്കുന്നത്.

Also Read : ശശി തരൂരിനെ കോണ്‍ഗ്രസുകാര്‍ ഇത്രയും വെറുത്തോ; ഫെയ്‌സ്ബുക്കില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം ഇട്ട വിശ്വപൗരന്‍ എയറില്‍

എല്ലാ സൗഭാഗ്യങ്ങളും നേടിയ ശേഷം കോൺഗ്രസിനോട് തരൂർ നന്ദികേടാണ് കാണിക്കുന്നതെന്ന് വികാരമാണ് പാർട്ടിക്കുള്ളിൽ പൊതുവേ ഉള്ളത്. ഹരിയാനയിലെ വോട്ട് ചോരിയെക്കുറിച്ച് വെളിപ്പെടുത്തലുകൾ രാഹുൽ ഗാന്ധി നടത്തിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. ബിജെപിക്ക് അലോസരം ഉണ്ടാക്കുന്നതൊന്നും കഴിഞ്ഞ ഒന്നു രണ്ട് വർഷമായി തരൂർ പറയാറില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിക്കുകയും സുഖിപ്പിക്കുകയുമാണ് അദ്ദേഹത്തിൻ്റെ പ്രധാന പണി.

കെപിസിസി നേതൃത്വം തരൂരിനെ പാടെ അവഗണിച്ച മട്ടാണ്. ദൈനം ദിനപരിപാടികളിലൊന്നും പങ്കെടുക്കാതെ പാർട്ടിക്കെതിരെ കലാപക്കൊടിയുമായി നടക്കുന്ന വർക്കിംഗ് കമ്മറ്റി അംഗത്തെ അവഗണിച്ച് മൂലക്കിരുത്താനാണ് സംഘടനയുടെ തീരുമാനം. കഴിഞ്ഞ 16 വർഷത്തിനിടയിൽ മണ്ഡലത്തിൽ കാര്യമായ വികസനമൊന്നും കൊണ്ടുവരാത്ത എംപിയുടെ സാന്നിധ്യം പോലും കോൺഗ്രസുകാർ ആഗ്രഹിക്കുന്നില്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പേര് പറഞ്ഞ് മണ്ഡലത്തിലെങ്ങാനും എത്തിയാൽ തന്നെ അത് പാർട്ടിക്ക് ബാധ്യതയാകുമെന്ന പേടിയും പലർക്കും ഉണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top