മോദി സ്തുതി പാര്‍ലമെന്റിലും ആവര്‍ത്തിക്കുമോ എന്ന് ആശങ്ക; ശശി തരൂരിനെ മൂലക്കിരുത്തി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസില്‍ നീക്കം

അവസരം കിട്ടുമ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുന്ന ശശി തരൂരിനെ ലോക്‌സഭയില്‍ മൂലക്കിരുത്തി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ്. ശശി തരൂരമായി രാഹുൽ ഗാന്ധി അടക്കം പലവട്ടം ചര്‍ച്ച നടത്തിയിട്ടും പാര്‍ട്ടി അച്ചടക്കം പാലിക്കാതെയാണ് മുന്നോട്ടു പോകുന്നത്. പ്രവര്‍ത്തക സമിതി അംഗത്തിന്റെ ഭാഗത്ത് നിന്നുള്ള ഈ നടപടിയില്‍ കോണ്‍ഗ്രസിനുളളില്‍ കടുത്ത പ്രതിഷേധമുണ്ട്. എന്നാല്‍ അച്ചടക്ക നടപടി എടുത്ത് രക്തസാക്ഷി പരിവേഷം നല്‍കാതിരിക്കാന്‍ കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
ബിജെപി പാളയം ലക്ഷ്യമിട്ട് തന്നെയാണ് ശശി തരൂരിന്റെ നീക്കങ്ങള്‍ എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ അച്ചടക്ക നടപടി എടുക്കാതെ അവഗണിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അതിന്റെ ഭാഗമായാണ് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം നല്‍കേണ്ട എന്ന തരത്തിലുളള ചര്‍ച്ചകള്‍ നടക്കുന്നത്. മുന്‍നിരയിലാണ് സീറ്റെങ്കിലും സമ്മേളന കാലത്ത് വാ തുറക്കാന്‍ അവസരം നല്‍കില്ല. പ്രത്യേകിച്ചും ഓപ്പറേഷന്‍ സിന്ദൂറിന് കുറിച്ചുള്ള ചര്‍ച്ചകള്‍ വരുമ്പോള്‍ തരൂരിന് സംസാരിക്കാന്‍ കോണ്‍ഗ്രസ് അവസരം കൊടുക്കില്ല. അതിനു കാരണം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി വിദേശത്ത് പോയി കോണ്‍ഗ്രസ് നിലപാടുകള്‍ തള്ളി മോദിക്ക് അനുകൂലമായി സംസാരിച്ചതാണ്. അത് പാര്‍ലമെന്റിലും ആവര്‍ത്തിക്കുമോ എന്ന് കോണ്‍ഗ്രസിന് ആശങ്കയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്ത്തുന്നതിനേക്കാള്‍ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത് അടിയന്തരാവസ്ഥ സംബന്ധിച്ച വിമര്‍ശനത്തിലാണ്. ഇന്ദിരാഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും പേര് പറഞ്ഞുള്ള വിമര്‍ശനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നേതാക്കളുടെ നിലപാട്. അതുകൊണ്ട് തന്നെ അവഗണിച്ച് അപമാനിക്കാനാണ് നീക്കം നടക്കുന്നത്.
ശശി തരൂര്‍ എപ്പോഴും ഉന്നയിക്കുന്നത് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സമയം കുറവാണ് എന്നാണ്. ഒരു മാസം നീണ്ട് നില്‍ക്കുന്ന സമ്മേളനക്കാലത്ത് സംസാരിക്കാനേ കഴിയില്ലെങ്കില്‍ ശശി തരൂര്‍ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഇനി അറിയേണ്ടത്. പാര്‍ട്ടി തീരുമാനത്തിന് എതിരായി തരൂര്‍ മുന്നോട്ടു പോകുന്നത് തടയാന്‍ കര്‍ശന വിപ്പ് നല്‍കുന്നതും പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. വിപ്പ് ലംഘിച്ചാല്‍ ലോക്‌സഭാ അംഗത്വം തന്നെ നഷ്ടമാകും. അത്തരമൊരു സാഹസത്തിന് തരൂര്‍ മുതിരുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here