എന്നെ ഒന്ന് പുറത്താക്കൂ എന്ന് ശശി തരൂര്‍; തിരഞ്ഞെടുപ്പ് കാലത്തും മോദിക്ക് സ്തുതി പാടല്‍; അവഗണിച്ച് അപമാനിച്ച് കോണ്‍ഗ്രസ്

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊള്ളുന്നതിനിടയിലും സ്വന്തം പാര്‍ട്ടിക്ക് പാരവെക്കാന്‍ ഒട്ടും മടിക്കാതെ ശശി തരൂര്‍ എംപി. ബിജെപി സര്‍ക്കാരിന്റെ വികസന നയങ്ങളെ വീണ്ടും പാടി പുകഴ്ത്താന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗത്തിന് ഒട്ടും മടി ഉണ്ടായില്ല. കൊച്ചിയില്‍ മലയാള മനോരമ സംഘടിപ്പിച്ച ‘ഹോര്‍ത്തൂസ്’ പരിപാടിയില്‍ പങ്കെടുത്താണ് മോദി സര്‍ക്കാരിന്റെ നിലപാടുകളെ വീണ്ടും പുകഴ്ത്തിയത്. പാര്‍ട്ടിക്കുളളിലെ തന്റെ അസ്വസ്ഥതകളും തരൂര്‍ പറയുന്നുണ്ട്.
‘കോണ്‍ഗ്രസ് പ്രവര്‍ത്തസമിതി അംഗമാണെങ്കിലും ഇപ്പോള്‍ നേതൃത്വത്തിന്റെ ഭാഗമാണെന്ന് പറയാന്‍ ധൈര്യമില്ല. 16 വര്‍ഷമായി കോണ്‍ഗ്രസിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു. പാര്‍ടി വിടാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. പാര്‍ടിയിലെ ചിലര്‍ ആവശ്യപ്പെട്ടുകാണും. നേതൃത്വത്തിന്റെ ഭാഗമാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. നേതൃപരമായ പദവികളൊന്നും തന്നിട്ടില്ലെ’ ഇതായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
പിഎം ശീയില്‍ കാവിവത്കരണം കാണുന്നില്ലെന്ന വാദമാണ് അദ്ദേഹം ഉന്നയിച്ചത്. മോദി സര്‍ക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാല്‍ മതിയോ? മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ മത വിവേചനം കണ്ടിട്ടില്ല. പൗരത്വ നിയമഭേദഗതിയോട് തനിക്ക് വിയോജിപ്പുണ്ട്. കേരള സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ വികസനം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നുമൊക്കെയുള്ള പരസ്യ വാഴ്ത്തലുകളാണ് തരൂര്‍ നടത്തിയത്.
ബിജെപിയിലെ എല്ലാവരും വര്‍ഗീയ വാദികളെല്ലെന്ന തരുരിന്റെ സര്‍ട്ടിഫിക്കറ്റ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെതിരെയുള്ള വെല്ലുവിളിയായിട്ടും ഹൈക്കമാണ്ട് നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ല. കോണ്‍ഗ്രസ് നേതൃത്വത്തെ പരമാവധി പ്രകോപിച്ച് പുറത്താക്കാനുള്ള വഴി വെട്ടുകയാണ് തരൂര്‍ എന്നാണ് അഭിപ്രായം ഉയരുന്നത്. എന്നാല്‍ തരൂരിന്റെ ട്രാപ്പില്‍ വീഴാന്‍ തല്‍ക്കാലം ഒരുക്കമല്ലെന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. എന്ത് പറഞ്ഞാലും അവഗണിച്ച് അപമാനിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
തരൂര്‍ എത്ര പ്രകോപനമു ണ്ടാക്കിയാലും മറുപടി പറയുകയോ നടപടി എടുക്കുകയോ ഉണ്ടാകില്ല. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ തിരഞ്ഞെടുപ്പ് ഗോദയില്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുമ്പോഴും വര്‍ക്കിംഗ് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമായ ശശി തരൂര്‍ ബിജെപി സര്‍ക്കാരിനെ പുകഴ്ത്തുന്ന തിരക്കിലാണ്. കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തിലൊന്നും തന്നെ മറ്റൊരു നേതാവും പാര്‍ട്ടിയെ വെട്ടിലാക്കുന്ന ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടില്ല. ഏത് വിധേനയും കോണ്‍ഗ്രസില്‍ നിന്ന് പുറത്തു ചാടാനുള്ള വ്യഗ്രതയിലാണ് തിരുവനന്തപുരം എംപി എന്ന് ഉറപ്പിച്ച് പറയാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here