ശശി തരൂർ ഇടതുമുന്നണിയിലേക്കോ? വാതിൽ തുറന്നിട്ട് എൽഡിഎഫ്; ദുബായിൽ നിർണ്ണായക ചർച്ച നടന്നതായി സൂചന

കോൺഗ്രസ് നേതൃത്വവുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ശശി തരൂർ എംപി ഇടതുപക്ഷത്തേക്ക് നീങ്ങുന്നു എന്ന അഭ്യൂഹങ്ങൾ രാഷ്ട്രീയ കേരളത്തിൽ ചർച്ചയാകുന്നു. തരൂരിനായി എൽഡിഎഫിന്റെ വാതിലുകൾ തുറന്നുകിടക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കിയതോടെയാണ് മുന്നണി മാറ്റ ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചത്. സംസ്ഥാന സർക്കാരിന്റെ നയങ്ങളെയും വികസന പ്രവർത്തനങ്ങളെയും ശശി തരൂർ മുൻപ് പ്രകീർത്തിച്ചിരുന്നു. തരൂരിന്റെ പ്രസ്താവനകൾ വസ്തുതാപരമാണെന്നും ശരിയായ കാര്യങ്ങൾ പറയാൻ അദ്ദേഹം ആർജ്ജവം കാണിക്കുന്നുണ്ടെന്നും ടി.പി. രാമകൃഷ്ണൻ അത്തരം സാഹചര്യങ്ങളിൽ വ്യക്തമാക്കിയിരുന്നു. തരൂർ ഒരു രാഷ്ട്രീയ പ്രബുദ്ധനായ നേതാവാണ്. അദ്ദേഹത്തെപ്പോലെയുള്ളവർ എൽഡിഎഫിലേക്ക് വരുന്നത് ഇടതുപക്ഷത്തിന് കരുത്തേകും എന്ന് കഴിഞ്ഞ ദിവസങ്ങളിൽ കൺവീനർ ആവർത്തിച്ചു.
Also Read : നെഹ്‌റുവിന്റെ ചൈനീസ് തിരിച്ചടിയും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയും; അദ്വാനിക്കുവേണ്ടി വാദിച്ച് ശശി തരൂർ
കോൺഗ്രസ് പുനസംഘടനയിലും പാർട്ടി പരിപാടികളിലും തന്നെ അവഗണിക്കുന്നതിൽ തരൂർ കടുത്ത അതൃപ്തിയിലാണ്. രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടികളിൽ പോലും തന്നെ അവഗണിച്ചതിൽ പ്രതിഷേധിച്ച് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തരൂർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തരൂരിനെ ഇടതുപക്ഷത്തിന്റെ ഭാഗമാക്കാൻ സിപിഎം നേതൃത്വം ദുബായിൽ വെച്ച് നിർണ്ണായക ചർച്ചകൾ നടത്തിയതായാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. തരൂർ ദുബായ് സന്ദർശിച്ച വേളയിൽ മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള ഒരു വ്യവസായി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതായും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ധാരണയിലെത്തിയതായും രാഷ്ട്രീയ വൃത്തങ്ങളിൽ സംസാരമുണ്ട്.
അടുത്തിടെ കൊച്ചിയിൽ നടന്ന ‘മഹാപഞ്ചായത്ത്’ പരിപാടിയിൽ ശശി തരൂരിന്റെ പേര് രാഹുൽ ഗാന്ധി പരാമർശിക്കാതിരുന്നതും, തരൂർ വേദി വിട്ടിറങ്ങിയതും വലിയ വാർത്തയായിരുന്നു. കൂടാതെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾക്കായി ഡൽഹിയിൽ വിളിച്ചുചേർത്ത ഹൈക്കമാൻഡ് യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നതും ഈ അതൃപ്തിക്ക് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here