‘രാഹുൽ പരാജിതനെപ്പോലെ പെരുമാറുന്നു’; തരൂരിൻ്റെ പോസ്റ്റ് ആയുധമാക്കി ബി ജെ.പി

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ചയെ പ്രശംസിച്ചുകൊണ്ടുള്ള കോൺഗ്രസ് നേതാവ് ശശി തരൂരിൻ്റെ പ്രതികരണം ആയുധമാക്കി ബി ജെ പി. ജനാധിപത്യപരമായ പെരുമാറ്റം സംബന്ധിച്ച തരൂരിൻ്റെ പ്രസ്താവനയിൽ നിന്ന് രാഹുൽ ഗാന്ധിക്ക് സന്ദേശം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബി ജെ പി വക്താവ് ഷെഹ്സാദ് പൂനവല്ല വ്യക്തമാക്കി.
ട്രംപും മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ എക്‌സിൽ പങ്കുവെച്ചുകൊണ്ടാണ് ശശി തരൂർ അഭിപ്രായപ്രകടനം നടത്തിയത്. “ജനാധിപത്യം ഇങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. തിരഞ്ഞെടുപ്പുകളിൽ നിങ്ങളുടെ കാഴ്ചപ്പാടിനായി ആവേശത്തോടെ പോരാടുക. എന്നാൽ അത് അവസാനിച്ചുകഴിഞ്ഞാൽ, നിങ്ങൾ സേവിക്കാൻ പ്രതിജ്ഞാബദ്ധരായ രാജ്യത്തിൻ്റെ പൊതു താൽപ്പര്യങ്ങൾക്കായി പരസ്പരം സഹകരിക്കാൻ രണ്ട് പേരും ശ്രമിക്കുക. ഇന്ത്യയിൽ ഇത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, എൻ്റെ പങ്ക് നിർവഹിക്കാൻ ഞാൻ ശ്രമിക്കുന്നു.” തരൂർ എക്‌സിൽ കുറിച്ചു.
Also Read : അപമാനം,അവഹേളനം; അവഗണിക്കല്‍; ശശി തരൂരിനെ പുകയ്ക്കാന്‍ കോണ്‍ഗ്രസിന്റെ ഫോര്‍മുല റെഡി
ഈ പ്രസ്താവന ബി.ജെ.പി കോൺഗ്രസ്സിനും രാഹുൽ ഗാന്ധിക്കുമെതിരെയുമുള്ള ആയുധമാക്കിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ട്കൊള്ള നടത്തിയാണ് ബി ജെ പി അധികാരത്തിലെത്തിയതെന്ന് തെളിവുകൾ അടക്കം പുറത്തുവിട്ട് രാഹുൽ ഗാന്ധി നിരന്തരം ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ തരൂരിൻ്റെ പ്രതികരണം കോൺഗ്രസ്സിന് തലവേദന സൃഷ്ടിക്കുകയാണ്.
ബി ജെ പി വക്താവ് ഷെഹ്‌സാദ് പൂനവല്ലയുടെ എക്‌സ് പോസ്റ്റ് ഇങ്ങനെയായിരുന്നു: “കുടുംബത്തിന് പകരം ഇന്ത്യയെ ഒന്നാമതെത്തിക്കണമെന്ന് ശശി തരൂർ ഒരിക്കൽ കൂടി കോൺഗ്രസിനെ ഓർമ്മിപ്പിക്കുന്നു. ജനാധിപത്യപരമായി പെരുമാറണം, പരാജിതരെപ്പോലെ പെരുമാറരുത്. പക്ഷേ രാഹുൽ ഗാന്ധിക്ക് സന്ദേശം മനസ്സിലാകുമോ?.
നരേന്ദ്ര മോദിയെയും ബി ജെ പി നേതാവ് എൽ കെ അദ്വാനിയെയും പുകഴ്ത്തി തരൂർ മുമ്പ് പ്രശംസിച്ചത് കോൺഗ്രസിനുള്ളിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ബി ജെ പിയുമായി യോജിക്കുന്നുണ്ടെങ്കിൽ തരൂർ എന്തിനാണ് കോൺഗ്രസിൽ തുടരുന്നതെന്ന് പോലും മുതിർന്ന കോൺഗ്രസ് നേതാക്കൾ ചോദ്യങ്ങൾ ഉയർത്തിയതിന് പിന്നാലെയാണ് വീണ്ടും കോൺഗ്രസ്സിനെ വലക്കുന്ന പുതിയ പോസ്റ്റുമായി തരൂർ രംഗത്തെത്തിയത്.
ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ പരസ്പരം രൂക്ഷമായി വിമർശിച്ച ട്രംപും മംദാനിയും വൈറ്റ് ഹൗസിൽ നടത്തിയ ഊഷ്മളമായ കൂടിക്കാഴ്ച അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായിരുന്നു. ഈ സാഹചര്യമാണ് തരൂർ ഇന്ത്യൻ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി അഭിപ്രായം പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here