അമ്മയെ രക്ഷിച്ചതിന് ഇന്ത്യക്ക് നന്ദി; വധശിക്ഷ രാഷ്ട്രീയ പ്രതികാരമെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ജീവൻ രക്ഷിച്ചതിന് ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള നന്ദി പറഞ്ഞ് ഹസീനയുടെ മകൻ സാജീബ് വാസെദ് ജോയ്. തീവ്രവാദികളുടെ ഗൂഢാലോചനയിൽ നിന്ന് അമ്മയുടെ ജീവൻ രക്ഷിച്ചത് ഇന്ത്യയാണെന്നും, ഹസീനയ്ക്ക് വധശിക്ഷ വിധിച്ച ബംഗ്ലാദേശിലെ നടപടി രാഷ്ട്രീയ പ്രതികാരമാണെന്നും അദ്ദേഹം ആരോപിച്ചു.

ബംഗ്ലാദേശിൽ ഹസീന തുടരുകയായിരുന്നെങ്കിൽ തീവ്രവാദികൾ അവരെ വധിക്കുമായിരുന്നുവെന്നും, ഇന്ത്യ നൽകിയ രാഷ്ട്രീയ അഭയമാണ് അമ്മയുടെ ജീവൻ രക്ഷിച്ചതെന്നും സാജീബ് വാസെദ് ജോയ് പറഞ്ഞു. ബംഗ്ലാദേശിലെ ഇൻ്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച നടപടിയെ ജോയ് രൂക്ഷമായി വിമർശിച്ചു. ഇത് രാഷ്ട്രീയ പകപോക്കൽ ആണെന്നും, നീതിയുക്തമായ വിചാരണ നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

Also Read : ലാമ മുതൽ ഷേക്ക് ഹസീന വരെ; രാഷ്ട്രീയാഭയം തേടിയവരെ കൈവിടാത്ത ഇന്ത്യയുടെ ചരിത്രം

ഹസീനയുടെ വിചാരണയ്ക്ക് മുൻപ് 17 ജഡ്ജിമാരെ പിരിച്ചുവിട്ടെന്നും പാർലമെൻ്റിൻ്റെ അനുമതിയില്ലാതെ നിയമങ്ങൾ ഭേദഗതി ചെയ്തെന്നും ജോയ് പറഞ്ഞു. കൂടാതെ, ബംഗ്ലാദേശിലെ ഇപ്പോഴത്തെ ഇടക്കാല ഭരണകൂടം ഹസീനയുടെ ഭരണകാലത്ത് ശിക്ഷിക്കപ്പെട്ട പതിനായിരക്കണക്കിന് തീവ്രവാദികളെ മോചിപ്പിച്ചെന്നും ജോയ് ആരോപിച്ചു.

മുഹമ്മദ് യൂനുസിൻ്റെ ഭരണത്തിന് കീഴിൽ പാക് പിന്തുണയുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബ ബംഗ്ലാദേശിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നുണ്ടെന്നും ഇത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജോയ് മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ ഈ വർഷം നടന്ന തീവ്രവാദി ആക്രമണങ്ങൾക്ക് പിന്നിൽ ലഷ്കർ-ഇ-ത്വയ്ബയുടെ പ്രാദേശിക ശാഖയ്ക്ക് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

നിലവിലെ ബംഗ്ലാദേശ് ഭരണകൂടത്തിനെതിരായ ഈ ഗുരുതര ആരോപണങ്ങൾ ബംഗ്ലദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. 2024 ജൂലൈയിലെ പ്രതിഷേധങ്ങൾക്ക് പിന്നാലെ ഹസീനയുടെ ഭരണകൂടം വീണതിന് ശേഷം ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ന്യൂഡൽഹി ആശങ്ക അറിയിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top