‘ഹിന്ദു വിധവയെ കെട്ടിയിട്ട് പീഡിപ്പിച്ചു’; കടുത്ത പ്രതിഷേധവുമായി ശിഖർ ധവാൻ

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഹിന്ദു വിധവയെ ക്രൂരമായി പീഡിപ്പിക്കുകയും മരത്തിൽ കെട്ടിയിട്ട് മുടി മുറിച്ചുകളയുകയും ചെയ്ത സംഭവത്തെ ധവാൻ കടുത്ത ഭാഷയിൽ അപലപിച്ചു.
ബംഗ്ലാദേശിൽ ഹിന്ദു വിധവയ്ക്ക് നേരെ നടന്ന ക്രൂരമായ അതിക്രമം ഹൃദയഭേദകമാണ്. എവിടെയായാലും ആർക്കെതിരെയായാലും ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാവില്ല. ഇരയ്ക്ക് നീതി ലഭിക്കാനായി പ്രാർത്ഥിക്കുന്നു, എന്നാണ് ധവാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ടെലിവിഷൻ താരം സൗരഭ് രാജ് ജെയിനും ഈ ക്രൂരതയ്ക്കെതിരെ രംഗത്തെത്തി. സ്വന്തം നാട്ടിൽ മതത്തിന്റെ പേരിൽ മനുഷ്യർ കൊല്ലപ്പെടുന്നത് ഏറ്റവും വലിയ ക്രൂരതയാണ്. ഒരു മതവും മനുഷ്യത്വത്തേക്കാൾ വലുതല്ല. അങ്ങനെ ചിന്തിക്കാത്തവർ മനുഷ്യകുലത്തിന് തന്നെ നാണക്കേടാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് പിന്തുണ അറിയിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ബംഗ്ലാദേശിൽ സമര നേതാവ് ഷെരീഫ് ഉസ്മാൻ ഹാദി മരിച്ചതിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ ഹിന്ദുക്കൾക്ക് നേരെ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്. മോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം ഓടിച്ച യുവാവ് കനാലിൽ ചാടി മരിച്ച വാർത്ത ചർച്ചയായിരുന്നു. കൂടാതെ പത്രപ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ വെടിവെച്ചു കൊന്നതും ഖോകൻ ചന്ദ്ര ദാസ് എന്ന വ്യാപാരിയെ ജനക്കൂട്ടം മർദ്ദിച്ച ശേഷം തീയിട്ടു കൊന്നതും വിവാദമായിരുന്നു.
മതനിന്ദ ആരോപിച്ച് ദീപു ചന്ദ്ര ദാസ് എന്നയാളെ തല്ലിക്കൊന്ന ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചതും വാർത്തയായിരുന്നു. അമൃത് മണ്ഡൽ, ബജേന്ദ്ര വിശ്വാസ് തുടങ്ങിയവരും സമാനമായ രീതിയിൽ കൊല്ലപ്പെട്ടു.ബംഗ്ലാദേശിൽ ക്രമസമാധാനം തകരുകയും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുകയും ചെയ്യുന്ന ഈ അവസ്ഥയിൽ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here