‘ആരോപണങ്ങൾ അടിസ്ഥാനരഹിതം! നിരപരാധിത്വം തെളിയിക്കും’; 60 കോടി തട്ടിപ്പിൽ പ്രതികരിച്ച് ശില്പ ഷെട്ടി

‘ബെസ്റ്റ് ഡീൽ ടിവി’ തട്ടിപ്പ് കേസിൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ശില്പ ഷെട്ടി. മുംബൈ പോലീസ് ശില്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. വ്യവസായിയായ ദീപക് കോത്താരി നൽകിയ പരാതിയിലാണ് നടപടി.
നിലവിൽ പ്രവർത്തനരഹിതമായ ‘ബെസ്റ്റ് ഡീൽ ടിവി’ എന്ന ഹോം ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ടാണ് ഈ കേസ്. ഈ കമ്പനിയിൽ നിക്ഷേപമായി നൽകിയ 60 കോടി രൂപ ദമ്പതികൾ സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റി ഉപയോഗിച്ചു എന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാൽ, തനിക്ക് കമ്പനിയിൽ തീരുമാനങ്ങൾ എടുക്കുന്നതിലോ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലോ യാതൊരു പങ്കുമില്ലാത്ത ‘നോൺ-എക്സിക്യൂട്ടീവ്’ പദവി മാത്രമാണ് വഹിച്ചിരുന്നതെന്ന് ശില്പ വ്യക്തമാക്കി.
കമ്പനിയുടെ പരസ്യങ്ങളിൽ അഭിനയിച്ചതിന് തനിക്ക് ലഭിക്കേണ്ട തുക പോലും ഇതുവരെ കിട്ടിയിട്ടില്ല. കൂടാതെ, താനും ഭർത്താവും കമ്പനിക്ക് വായ്പയായി നൽകിയ 20 കോടി രൂപയും തിരിച്ചുകിട്ടാനുണ്ടെന്ന് താരം അവകാശപ്പെട്ടു. ഒമ്പത് വർഷത്തെ കാലതാമസത്തിന് ശേഷം ഇപ്പോൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. തന്റെ പേര് ചീത്തയാക്കാൻ വേണ്ടിയുള്ള ബോധപൂർവ്വമായ നീക്കമാണെന്നും ശില്പ പറഞ്ഞു.
2015നും 2023നും ഇടയിൽ 60 കോടി രൂപ കമ്പനിയിൽ നിക്ഷേപിക്കാൻ ദമ്പതികൾ പ്രേരിപ്പിച്ചുവെന്നും എന്നാൽ ഈ തുക അവർ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നുമാണ് ദീപക് കോത്താരിയുടെ പരാതി. എന്നാൽ, ഈ തുകയുടെ ഒരു ഭാഗം ബിപാഷ ബസു, നേഹ ധൂപിയ തുടങ്ങിയ താരങ്ങൾക്ക് ഫീസായി നൽകിയതാണെന്നാണ് രാജ് കുന്ദ്രയുടെ വാദം. തന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ഉത്തരവാദിത്തം കാണിക്കണമെന്നും, നിയമപരമായ പോരാട്ടം തുടരുമെന്നും ശില്പ ഷെട്ടി കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here