ഷൈൻ ടോം ചാക്കോ ക്ലീൻ; ലഹരി ഉപയോഗിച്ചതിന് തെളിവില്ല

നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ അന്വേഷണസംഘത്തിന് കനത്ത തിരിച്ചടി. ഷൈൻ ലഹരി ഉപയോഗിച്ചുവെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. താരത്തിന്റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ, കേസിലെ തുടർനടപടികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഷൈൻ ടോം ചാക്കോയുടെ ശരീരത്തിൽ നിരോധിത ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്താൻ ഫോറൻസിക് പരിശോധനയിലൂടെ സാധിച്ചില്ല. പരിശോധനാ ഫലം അനുകൂലമായതോടെ ഷൈനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടാൻ ഒരുങ്ങുകയാണ്.
Also Read : പ്രതീക്ഷിച്ചപോലെ കേസിൽ നിന്നൂരി ഷൈൻ ടോം ചാക്കോ; ലഹരിക്കേസിൽ പെട്ട മോഡലുകളെയും വെറുതെവിട്ട് കോടതി
ചോദ്യം ചെയ്യലിനിടെ താൻ മുൻപ് ലഹരി ഉപയോഗിച്ചിരുന്നതായി ഷൈൻ മൊഴി നൽകിയിരുന്നെങ്കിലും, ഈ പ്രത്യേക കേസിനാസ്പദമായ ദിവസം താരം ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷൈൻ ടോം ചാക്കോയും സുഹൃത്തും ഹോട്ടലിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡാൻസാഫ് സംഘം പരിശോധനയ്ക്ക് എത്തിയിരുന്നു.
പരിശോധനാ സമയത്ത് ഷൈൻ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് ജനൽ വഴി ഇറങ്ങിയോടിയത് അന്ന് വലിയ വിവാദമായിരുന്നു. ആരോ തന്നെ ആക്രമിക്കാൻ വന്നതാണെന്ന് കരുതി പേടിച്ചോടിയതാണെന്നായിരുന്നു ഷൈൻ പിന്നീട് പൊലീസിന് നൽകിയ വിശദീകരണം. സംഭവസ്ഥലത്ത് നിന്ന് ലഹരിവസ്തുക്കൾ കണ്ടെടുത്തതിനെത്തുടർന്നാണ് കൊച്ചി നോർത്ത് പൊലീസ് ഷൈനിനെതിരെ കേസെടുത്തത്. ലഹരി വിമുക്തിക്കായി താൻ ചികിത്സ തേടിയിരുന്നതായും ലഹരി ഇടപാടുകളില്ലെന്നും ഷൈൻ മുൻപ് അന്വേഷണസംഘത്തോട് വ്യക്തമാക്കിയിരുന്നു. ശാസ്ത്രീയ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ കേസ് നിലനിൽക്കുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here