ഭാരതാംബ ചിത്രത്തില്‍ പ്രകോപനം തുടര്‍ന്ന് ഗവര്‍ണര്‍, ഇടഞ്ഞത് മന്ത്രി ശിവന്‍കുട്ടി;പരിപാടിയ്ക്കിടെ ഇറങ്ങിപ്പോയി

രാജ്ഭവനില്‍ വീണ്ടും ഭാരതാംബ ചിത്ര വിവാദം. സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇത്തവണ പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്. സംസ്ഥാന സര്‍ക്കാരാണ് രാജ്ഭവനില്‍ പരിപാടി സംഘടിപ്പിച്ചത്. സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി മന്ത്രി എത്തുമ്പോള്‍ കണ്ടത് ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നത് ആണ്. ഇതോടെയാണ് അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി രാജ്ഭവനില്‍ നിന്ന് ഇറങ്ങിപ്പോയത്.
ഓഫീസിലേക്ക് അയച്ചു നല്‍കിയ കാര്യപരിപാടി നോട്ടീസില്‍ പുഷ്പാര്‍ച്ചന സംബന്ധിച്ച കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നില്ല. ഗവര്‍ണര്‍ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. നിഷ്‌കളങ്കരായ കുട്ടികളുടെ മുന്നില്‍ വര്‍ഗീയത കുത്തി നിറയ്ക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. ഇങ്ങനെയാണെങ്കില്‍ വിളിക്കുന്ന പരിപാടിയ്ക്ക് എല്ലാം ഭാരതാംബ ചിത്രവുമായി ഗവര്‍ണര്‍ എത്തുമോയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ കൃഷി വകുപ്പ് രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയിലും ഭാരതാംബ ചിത്രം ഇടംപിടിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രി പി. പ്രസാദ് പരിപാടി തന്നെ രാജ്ഭവനില്‍ നിന്ന് സെക്രട്ടറിയേറ്റ് വളപ്പിലേക്ക് മാറ്റി നടത്തുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here