ഞെട്ടിക്കുന്ന ചികിൽസാ പിഴവ്; ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ വിരൽ മുറിച്ചു മാറ്റി നഴ്‌സ്!

മധ്യപ്രദേശിലെ ഇൻഡോറിൽ സർക്കാർ ആശുപത്രിയിൽ നഴ്‌സിന്റെ അശ്രദ്ധയെത്തുടർന്ന് ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ വിരൽ മുറിഞ്ഞു. ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു (MY) ഹോസ്പിറ്റലിൽ കഴിഞ്ഞ ബുധനാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. കുഞ്ഞിന്റെ കയ്യിലെ ഐവി കാനുല (IV Cannula) മാറ്റുന്നതിനിടെ കത്രിക ഉപയോഗിച്ചപ്പോൾ അബദ്ധത്തിൽ വിരൽ മുറിഞ്ഞുപോവുകയായിരുന്നു.

ബെത്മ സ്വദേശിനിയായ അഞ്ജുഭായിയുടെ മകനെ ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന് ഡിസംബർ 24നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ കയ്യിൽ വീക്കം കണ്ടതിനെത്തുടർന്ന് മെഡിക്കൽ ടേപ്പ് നീക്കം ചെയ്യാൻ എത്തിയ നഴ്‌സ് കത്രിക ഉപയോഗിച്ചപ്പോൾ കുഞ്ഞിന്റെ തള്ളവിരൽ അറ്റുപോവുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ കുഞ്ഞിനെ മറ്റൊരു സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. പ്ലാസ്റ്റിക് സർജന്മാരുടെ നേതൃത്വത്തിൽ നടന്ന അടിയന്തര സർജറിയിലൂടെ അറ്റുപോയ വിരൽ വിജയകരമായി വച്ചുപിടിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.

സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ നഴ്‌സിംഗ് ഓഫീസർ ആരതി ശ്രോത്രിയയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കൂടാതെ, ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് നഴ്‌സിംഗ് ഇൻ-ചാർജുമാരുടെ ഒരു മാസത്തെ ശമ്പളം തടഞ്ഞുവെക്കാനും ഉത്തരവിട്ടു.
ആശുപത്രി സൂപ്രണ്ട് ഡോ അശോക് യാദവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. കുഞ്ഞിന് മതിയായ ചികിൽസയും സുരക്ഷയും ഉറപ്പാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top