“ചുറ്റുമുള്ള ഇരുട്ടിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു അത്”; ബഹിരാകാശത്തെ യാത്രനുഭവം പങ്കുവച്ച് ശുഭാൻഷു ശുക്ല

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും തിരിച്ചെത്തിയശേഷം തന്റെ യാത്രാനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ, ഗഗൻയാൻ സംഘത്തിന്റെ ഭാഗമായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബി നായർ എന്നിവർക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബഹിരാകാശത്തു നിന്ന് ഇന്ത്യയെ നോക്കുമ്പോൾ എങ്ങനെ തോന്നുന്നു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത് വൈകാരികമായാണ്. “ചുറ്റുമുള്ള ഇരുട്ടിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു അത്, ഇരുട്ടിന്റെ നടുവിൽ, ഇന്ത്യ കാണപ്പെട്ടത് പൂർണ്ണ മഹത്വത്തിൽ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മനുഷ്യരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ കഴിയുന്ന മൂന്നു വാഹനങ്ങളിൽ ഒന്നാണ് ‘ക്രൂ ഡ്രാഗൺ'(Crew Dragon). ഇതിൽ നാല് സീറ്റുകളുണ്ട്. ക്രൂ ഡ്രാഗണിന്റെ മിഷൻ പൈലറ്റ് ആയിരുന്നു താൻ. ഇന്ത്യൻ ഗവേഷകർ വികസിപ്പിച്ച് യാഥാർത്ഥ്യമാക്കിയ പരീക്ഷണങ്ങലും നടത്തി. വീഡിയോകളും ഫോട്ടോകളും എടുത്തു. ഇവിടെനിന്ന് കിട്ടിയ അറിവുകൾ ഗഗൻയാൻ ദൗത്യത്തിന് വളരെയധികം പ്രയോജനപ്പെടും.
ഒരു ബഹിരാകാശ യാത്രയിലൂടെ ലഭിക്കുന്ന അറിവുകൾ വിലമതിക്കാനാവാത്തതാണ്. കഴിഞ്ഞവർഷം താൻ ശേഖരിച്ച എല്ലാ വിവരങ്ങളും നമ്മുടെ സ്വന്തം ദൗത്യമായ ഗഗൻയാനും പ്രയോജനപ്പെടും. അതിനായി ഒരാളെ എത്രയും വേഗം തന്നെ നമ്മുടെ മണ്ണിൽ നിന്നും അയയ്ക്കും. ഭൂമിയിൽ നിന്നും പഠിക്കുന്ന അറിവുകളെക്കാൾ വളരെ വ്യത്യസ്തമാണ് ബഹിരാകാശത്തു നിന്നും ലഭിക്കുന്നത്. ശരീരം വളരെയധികം മാറ്റങ്ങളിലൂടെയാവും കടന്നുപോവുക. 20 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം ഗുരുത്വാകർഷണത്തിൽ എങ്ങനെ ജീവിക്കണം എന്ന് പോലും ശരീരം മറക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ദൗത്യം വിജയകരമായി നടപ്പാക്കാൻ സാധിച്ചത് തങ്ങളോടൊപ്പം നിന്ന സഹപ്രവർത്തകർ, ഐഎസ്ആർഒയിലെ ആളുകൾ, ഗവേഷകരുടെ സഹായം, ഇതെല്ലം കൊണ്ട് മാത്രമാണ്. കൂടാതെ ഈ ദൗത്യത്തിനായി എല്ലാ സഹായം ചെയ്തു നൽകിയ കേന്ദ്ര സർക്കാരിനും അദ്ദേഹം നന്ദി അറിയിച്ചു
ആക്സിയം മിഷൻ 4 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്ത ആദ്യ ഇന്ത്യക്കാരനായി ശുഭാൻഷു ശുക്ല മാറുകയായിരുന്നു. ജൂൺ 25 ന് നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ കയറിയ അദ്ദേഹം ജൂലൈ 15 ന് ഭൂമിയിൽ തിരിച്ചെത്തി. പിന്നീട് ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും നടത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here