സ്ത്രീകളെ ഉൾപ്പെടെ പോലീസ് മർദ്ദിച്ചത് ആളുമാറി!! വിവാഹ സംഘത്തിന് നേരെ അക്രമം അഴിച്ചുവിട്ട എസ്ഐക്ക് സസ്പെൻഷൻ

പത്തനംതിട്ടയിൽ വിവാഹപരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തിന് നേരെ അകാരണമായി പോലിസ് ലാത്തി വീശിയ സംഭവത്തിൽ നടപടി. വകുപ്പുതല നടപടിയുടെ ഭാഗമായി ആദ്യം സ്ഥലംമാറ്റിയ എസ്ഐ എസ്.ജിനുവിനെ വൈകിട്ടോടെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട എസ്പി ഓഫീസിലേക്കാണ് എസ്ഐയെ മാറ്റി നിയമിച്ചത്.
വിശദമായ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവി ഡിഐജിക്ക് നൽകി. പരാതിക്കാരുടെ മൊഴിയെടുത്ത് ഡിവൈഎസ്പി ഗോപകുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത് . എസ്ഐക്കും സംഘത്തിനും വീഴ്ച പറ്റിയതായിട്ടാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ആളുമാറിയാണ് ആക്രമണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊലീസ് അതിക്രമത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മർദനമേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസും റജിസ്റ്റർ ചെയ്തു. വിവാഹത്തിന് ശേഷമുള്ള സത്ക്കാരം കഴിഞ്ഞ് മടങ്ങിയ മുണ്ടക്കയം സ്വദേശികളെയാണ് രാത്രി പതിനൊന്നരയോടെ പോലീസ് സംഘം ആക്രമിച്ചത്.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം വിശ്രമത്തിനായി വാഹനം നിർത്തിയപ്പോൾ അവിടേക്ക് എത്തിയ പോലീസ് സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. തൊട്ടടുത്ത ബാർ ഹോട്ടലിൽ സംഘർഷം ഉണ്ടായെന്ന് അറിഞ്ഞാണ് പോലീസ് സംഘം എത്തിയത്. എന്നാൽ ആരാണെന്ന് പോലും ചോദിക്കാതെ വഴിയരികിൽ നിന്നവരെ ആക്രമിക്കുകയായിരുന്നു.
സ്ത്രീകൾ അടക്കം വിവാഹസംഘത്തിൽ ഉണ്ടായിരുന്നവർക്ക് തലയ്ക്കും കൈയ്ക്കും തോളിനും പരുക്കേറ്റിട്ടുണ്ട്. വന്ന അതേ വാഹനത്തിൽ തന്നെ ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇരുപത് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here