മലയാളം നിർബന്ധമാക്കരുത്; പിണറായി വിജയനോട് സിദ്ധരാമയ്യ; മലയാള ഭാഷാ ബിൽ വിവാദത്തിലേക്ക്

കേരളം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ‘മലയാള ഭാഷാ ബിൽ 2025’ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. കേരളത്തിലെ കന്നഡ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ബില്ലിൽ നിന്ന് പിന്മാറണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം.

ബിൽ ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സിദ്ധരാമയ്യ വിശേഷിപ്പിച്ചു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്ന നടപടി ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് പ്രതീക്ഷിച്ചതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണപരമായി കാസർകോട് കേരളത്തിന്റെ ഭാഗമാണെങ്കിലും വൈകാരികമായി അത് കർണാടകയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കന്നഡ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ഭാഗമാണ് അവിടുത്തെ ജനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read : ലോകത്ത് ആദ്യമായി അച്ചടിക്കപ്പെട്ട മലയാളം വാക്ക് ‘തെങ്ങ്’; പുസ്തകം ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’

ഒരു ഭാഷയെ പ്രോത്സാഹിപ്പിക്കുന്നത് മറ്റൊരു ഭാഷയെ തഴഞ്ഞുകൊണ്ടാവരുത്. ‘പ്രോത്സാഹനം ഒരിക്കലും അടിച്ചേൽപ്പിക്കലാവരുത്’ (Promotion cannot become imposition) എന്ന് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ കുറിക്കുകയും ചെയ്തു. കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പത്താം ക്ലാസ് വരെ മലയാളം ഒന്നാം ഭാഷയായി നിർബന്ധമാക്കുന്നതാണ് ‘മലയാള ഭാഷാ ബിൽ 2025’. ഇത് നടപ്പിലായാൽ കാസർകോട് മേഖലയിലെ കന്നഡ മീഡിയം വിദ്യാർത്ഥികൾക്ക് സ്വന്തം മാതൃഭാഷയിൽ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന് കർണാടക ഭയപ്പെടുന്നു.

കർണാടക ബോർഡർ ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി പ്രതിനിധികൾ കഴിഞ്ഞ ദിവസം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് ബില്ലിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ബിൽ സൂക്ഷ്മമായി പരിശോധിക്കുമെന്നും ഭാഷാ ന്യൂനപക്ഷങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുമെന്നും ഗവർണർ ഉറപ്പുനൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ 29, 30 വകുപ്പുകൾ പ്രകാരം ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷയും സംസ്കാരവും സംരക്ഷിക്കാൻ അവകാശമുണ്ടെന്നും 350-ാം വകുപ്പ് മാതൃഭാഷയിൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നുണ്ടെന്നും സിദ്ധരാമയ്യ ഓർമ്മിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top