‘ചോരപ്പണം’ വേണ്ടന്ന് സിദ്ധാർത്ഥിന്റെ അമ്മ; നഷ്ടപരിഹാര ഉത്തരവ് മുക്കി സർക്കാർ

പൂക്കോട് വെറ്ററിനറി സര്‍വകലാശലയിൽ റാഗിങ് ക്രൂരതയ്ക്ക് ഇരയായി ജീവനൊടുക്കിയ സിദ്ധാർത്ഥിന്റെ മരണത്തിൽ നഷ്ടപരിഹാര ഉത്തരവ് നടപ്പാക്കാതെ സംസ്ഥാന സർക്കാർ. ഏഴു ലക്ഷം രൂപ നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ 2024 ഒക്ടോബറിൽ ഉത്തരവ് ഇറക്കിയിരുന്നു.
എട്ട് ശതമാനം പലിശയടക്കം നൽകണമെന്ന് കമ്മീഷൻ ഉത്തരവ് വീണ്ടും വന്നെങ്കിലും സർക്കാർ അതും മുഖവിലയ്ക്ക് എടുത്തില്ല. സർക്കാരിന്റെ അവഗണനയിൽ വിശദീകരണം ചോദിയ്ക്കാൻ ചീഫ് സെക്രട്ടറിയോട് ജൂലൈ 10ന് നേരിട്ട് ഹാജരാവാൻ കമ്മീഷൻ നിർദേശം നൽകിയിരിക്കുകയാണ്.
അതേസമയം നഷ്ടപരിഹാരത്തുക വേണ്ടെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനോട് നന്ദിയുണ്ടെന്നും സിദ്ധാര്‍ഥിന്റെ അമ്മ പ്രതികരിച്ചു. മകന് പകരമായി എന്ത് കിട്ടിയാലും വേണ്ട. നീതിയാണ് ആവശ്യം. മനുഷ്യാവകാശ കമ്മിഷനോടുള്ള ബഹുമാനം മുൻനിർത്തികൊണ്ട് തന്നെ നഷ്ടപരിഹാര തുക വേണ്ടന്ന് വെക്കുകയാണ്. നീതി ലഭിക്കുംവരെ നിയമ പോരാട്ടം തുടരുമെന്നും സിദ്ധാർത്ഥിന്റെ അമ്മ പറഞ്ഞു.
2024 ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർഥിന്റെ മൃതദേഹം കണ്ടെത്തിയത്. എസഎഫ്ഐ പ്രവർത്തകരായ സീനിയർ വിദ്യാർഥികൾ 19 പേർക്കെതിരെയാണ് സി ബി ഐ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. റാഗിങും മർദനമേറ്റതും പരസ്യവിചാരണയിൽ മാനസികമായി തകർന്നതും സിദ്ധാർഥനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here