‘ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമം’! വിനായകനെ ട്രോളിയും യേശുദാസിനെ പുകഴ്ത്തിയും ജി വേണുഗോപാൽ

യേശുദാസിനെ വിമർശിച്ചുകൊണ്ട് വിനായകൻ നടത്തിയ പരാമർശങ്ങളിൽ പ്രതികരണവുമായി ഗായകൻ ജി വേണുഗോപാൽ. തന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ കൂടിയാണ് വേണുഗോപാൽ പ്രതികരണം നടത്തിയത്. “കേരളത്തിൽ ഇപ്പോൾ പഴയ ബിംബങ്ങളൊക്കെ തച്ചുടച്ച് പുതിയവ പണിയുകയാണ് നമ്മൾ. പൊളിറ്റിക്കൽ കറക്റ്റ്നസ് എന്ന കരിങ്കൽ ഭിത്തിയിൽ തല തല്ലി ഒട്ടുമിക്ക പ്രശസ്തർക്കും അടി പതറുന്നു. കമ്പ്യൂട്ടർ സ്ക്രീനിനു പിന്നിൽ കുമ്പിട്ടിരിക്കുന്ന സോഷ്യൽ മീഡിയ തൊഴിലാളികൾ ഊരിപ്പിടിച്ച വാളുമായി ചാടിവീണു വെട്ടിവീഴ്ത്തുന്നു. മുറിവുണക്കാൻ പോലും സമയം കൊടുക്കാതെ മീഡിയ ക്യാമറകൾ അവരെ ശരപഞ്ജരത്തിൽ കിടത്തുന്നു” എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

Also Read :തെറി പോസ്റ്റ് ഡിലീറ്റാക്കി വിനായകൻ; ന്യായീകരിക്കാൻ പുതിയ പോസ്റ്റ്

സംഗീതത്തോട് യേശുദാസിനുള്ള പ്രതിപത്തിയെ കുറിച്ചും മലയാള സംഗീത ലോകത്ത് അദ്ദേഹം നടത്തിയ വിപ്ലവാത്മകമായ പ്രവർത്തനങ്ങളെ കുറിച്ചും വേണുഗോപാൽ വിശദീകരിച്ചു. കേരളത്തിലെ ഏറ്റവും വലിയ കലാ വിപ്ലവകാരി എന്നാണ് വേണുഗോപാൽ യേശുദാസിനെ കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത്. “കേരളത്തിലെ ഏറ്റവും വലിയ കലാ വിപ്ലവകാരി ആരാണെന്ന് ചോദിച്ചാൽ യേശുദാസ് എന്നു നിസ്സംശയം പറയാം. കലയിലും സംഗീതത്തിലും സർവഥാ കർണാട്ടിക് ശാസ്ത്രീയ സംഗീതത്തിലും ബ്രാഹ്മണ്യത്വം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം പ്രതിഭ ഒന്നുകൊണ്ടു മാത്രം ഒരു പാവപ്പെട്ട ലത്തീൻ കത്തോലിക്കൻ വലിയൊരു പൊളിച്ചെഴുത്ത് നടത്തി അവിടെ സ്വയം പ്രതിഷ്ഠിച്ചു. ഒരു ഗായകനെ അടയാളപ്പെടുത്തുമ്പോൾ അവിടെ അയാളുടെ സ്വഭാവസവിശേഷതകൾ അല്ല, അയാളുടെ കാലത്തെ അതിജീവിച്ച ഗാനനിർജ്ജരി മാത്രം ശ്രദ്ധിച്ചാൽ മതി” എന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല .യേശുദാസ് യേശുദാസ് മാത്രമാകുന്ന ഇടത്താണ് കേരളത്തിന്റെ സുവർണ്ണ സംഗീത കാലഘട്ടം പിറന്നുവീണത് എന്ന് നമ്മൾ മറക്കാതെയിരിക്കുക. അത്യുന്നതങ്ങളിൽ അംബദ്കർ , അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, നാരായണ ഗുരു, ഇവർക്ക് മഹത്വം. ഭൂമിയിൽ ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമം! എന്ന് പറഞ്ഞ് കൊണ്ടാണ് വേണുഗോപാലിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top