ഗായകൻ സുബീൻ ഗാർഗിന്റെ മരണം കൊലപാതകം; വെളിപ്പെടുത്തലുമായി ബാൻഡ് അംഗം

പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണം ആസൂത്രിത കൊലപാതകം എന്ന് ദൃക്സാക്ഷി. ഗായകന്റെ മരണം സംഭവിച്ചത് സ്‌കൂബ ഡൈവിങ്ങിനിടെ അല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ദൃക്സാക്ഷിയായ സുബീന്റെ ബാൻഡ് അംഗം ശേഖർ ജ്യോതി ഗോസ്വാമി ആരോപണവുമായി രംഗത്തെത്തിയത്.

സുബീൻ ഗാർഗിന്റെ മാനേജർ സിദ്ദാർത്ഥ് ശർമ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മാനേജർ ശ്യാംകാനു മഹന്ത എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഗോസ്വാമി വെളിപ്പെടുത്തിയത്. വിഷബാധയും ചികിത്സ നൽകുന്നതിലെ പിഴവുമാണ് മരണത്തിലേക്ക് നയിച്ചത്. കൊലപാതകം അപകടമരണമായി ചിത്രീകരിക്കാനാണ് വിദേശ രാജ്യം തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ് സുബീൻ സിംഗപ്പൂരിൽ എത്തിയത്. അന്ന് വൈകിട്ട് സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെയാണ് ശ്വാസ തടസ്സം കാരണം ഗായകൻ മുങ്ങി മരിച്ചതെന്നാണ് പുറത്തുവന്ന വാർത്തകൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അങ്ങനെ തന്നെയാണ് വന്നത്. എന്നാൽ ഒരു നീന്തൽ വിദഗ്ധനായ സുബീന് മുങ്ങി മരിക്കാൻ ഉള്ള സാധ്യത ഇല്ലെന്നാണ് ഗോസ്വാമി പറയുന്നത്.

കടലിൽ നീന്തുമ്പോൾ സുബീനോടൊപ്പം ഗോസ്വാമിയും ഉണ്ടായിരുന്നു. എന്നാൽ ഇവരോടൊപ്പം ഉണ്ടായിരുന്ന സിദ്ദാർത്ഥ് ശർമ്മയുടെ പെരുമാറ്റം സംശയങ്ങൾ വർധിപ്പിച്ചിരുന്നു. അപകടത്തിൽപ്പെട്ട സുബീനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവനെ പോവാൻ അനുവദിക്കൂയെന്നാണ് സിദ്ധാർത്ഥ് പറഞ്ഞത്. കൂടാതെ അടിയന്തര ചികിത്സ നൽകാൻ തടസ്സം വരുത്തിയെന്നും ഗോസ്വാമി വ്യക്തമാക്കി.

സുബീന് കുടിക്കാനുള്ള വസ്തുക്കൾ നൽകിയിരുന്നത് സിദ്ദാർത്ഥ് ആയിരുന്നു. മറ്റുള്ളവരെയൊന്നും ഇതിൽ ഇടപെടാൻ സമ്മതിച്ചില്ല. സുബീന് വേണ്ടി കൊണ്ടുവന്ന സ്ത്രീകളെ കുറിച്ചും ഒരു വിവരവുമില്ല. മദ്യം നൽകിയ വിവരവും ആർക്കും അറിയില്ല. കൂടാതെ സ്‌കൂബ ഡൈവിങ്ങിന്റെ ദൃശ്യങ്ങൾ പൊലീസിന് നൽകരുതെന്നും പറഞ്ഞിരുന്നതായി ഗോസ്വാമി മൊഴി നൽകി.

അതേസമയം മരണവുമായി ബന്ധപ്പെട്ട് ഗോസ്വാമി, ഗായിക അമൃത്പ്രവ എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നിലവിൽ സിദ്ദാർത്ഥ് ശർമ്മ, ശ്യാകാനു മഹന്ത എന്നിവർക്കെതിരെ ഗൂഢാലോചന, മനപൂർവ്വമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് സുബീന്റെ മൃതദേഹം രണ്ടാം തവണയും പോസ്‌റ്റ്‌മോർട്ടം ചെയ്തിരുന്നു. റിപ്പോർട്ട് ഭാര്യയെ ഏൽപ്പിച്ചതായാണ് വിവരം. ശക്തമായ അന്വേഷണം വേണമെന്നും കുറ്റവാളികളെ എത്രയും പെട്ടെന്ന് തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഭാര്യയായ ഗരിമയും ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top