കറുത്ത പുകയോ വെളുത്ത പുകയോ; പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി; സിസ്റ്റീന്‍ ചാപ്പലില്‍ ചിമ്മിനി സ്ഥാപിച്ചു

ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവനായ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലിന്റെ (Sistine Chapel) മേല്‍ക്കൂരയില്‍ പുകക്കുഴല്‍ (chimney) സ്ഥാപിക്കുന്ന പണികള്‍ ആരംഭിച്ചു. ഒപ്പം ചാപ്പലില്‍ യോഗം ചേരുന്നതിനാവശ്യമായ പ്രാഥമിക തയ്യാറെടുപ്പുകളും ആരംഭിച്ചു. ഈ മാസം ഏഴിനാണ് കര്‍ദിനാള്‍ സംഘം യോഗം ചേര്‍ന്ന് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നത്.പോപ്പ് ഫ്രാന്‍സിസ് അന്തരിച്ചതിനെ തുടര്‍ന്നാണ് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കേണ്ടി വരുന്നത്.

അടുത്ത ബുധനാഴ്ചയാണ് (മെയ് 7 ) കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവ് നടക്കുന്നത്. 80 വയസ്സിന് താഴെയുള്ള കര്‍ദ്ദിനാള്‍മാര്‍ക്ക് മാത്രമേ വോട്ടവകാശമുള്ളൂ. ഇവരാണ് പുതിയ സഭാ തലവനെ തിരഞ്ഞെടുക്കുന്നത്. 267മത്തെ മാര്‍പ്പാപ്പയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് അന്ത്യമായെന്ന് വിശ്വാസികളെ അറിയിക്കുന്നത് ഈ ചിമ്മിനിയിലൂടെ പുറത്ത് വിടുന്ന പുകയുടെ നിറം അടിസ്ഥാനമാക്കിയാണ്.

തുരുമ്പിന്റെ നിറമുള്ള ചിമ്മിനി പൈപ്പാണ് ജീവനക്കാര്‍ ടെറാക്കോട്ട ടൈലുകളുള്ള മേല്‍ക്കൂരയില്‍ സ്ഥാപിക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ദേവാലയമാണ് സിസ്റ്റീന്‍ചാപ്പല്‍. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ എവിടെ നിന്നും ദൃശ്യമാകുന്ന രീതിയിലാണ് ചിമ്മിനി സ്ഥാപിച്ചിട്ടുളളത്. കോണ്‍ക്ലേവ് നടക്കുന്ന ദിവസങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് എത്തുക.

ഏപ്രില്‍ 21നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചത്. സഭാ നിയമം അനുസരിച്ച് മാര്‍പ്പാപ്പയുടെ കബറടക്ക ശേഷം ഒമ്പത് ദിവസത്തെ ദു:ഖാചരണം കഴിഞ്ഞാണ് പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുന്നത്. വോട്ടവകാശമുള്ള 135 കര്‍ദിനാളമ്മാരുടെ സംഘമാണ് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനായി സിസ്റ്റീന്‍ ചാപ്പലില്‍ ഒത്തുചേരുന്നത്. കോണ്‍ക്ലേവിനായി ഇവര്‍ ചാപ്പലില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വാതിലുകള്‍ അടയ്ക്കും. പുതിയ പോപ്പിനെ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ മാത്രമേ ഇവര്‍ക്ക് പുറത്തു പോകാന്‍ കഴിയുകയുള്ളു. പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടത്തിയ ശേഷം ബാലറ്റ് പേപ്പര്‍ കത്തിക്കുന്ന പുകയുടെ നിറം കണ്ടാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തോ ഇല്ലയോ എന്ന് ലോകം അറിയുന്നത്. കറുത്ത പുക വന്നാല്‍ തീരുമാനം ആയില്ലെന്നും വെളുത്ത പുക വന്നാല്‍ പോപ്പിനെ തിരഞ്ഞെടുത്തു എന്നുമാണ് അര്‍ത്ഥം. ഈ പുക വരാനുള്ള കുഴലാണ് ചാപ്പലിന് മുകളില്‍ സ്ഥാപിക്കുന്നത്. പുതിയ മഹാ ഇടയനെ തിരഞ്ഞെടുത്ത ശേഷമേ സിസ്റ്റീന്‍ ചാപ്പല്‍ പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കയുള്ളു.

സിസ്റ്റീന്‍ ചാപ്പലില്‍ നടന്ന ആദ്യത്തെ കോണ്‍ക്ലേവ് 1492-ല്‍ ആയിരുന്നു. 1878 മുതല്‍ എല്ലാ കോണ്‍ക്ലേവുകളുടെയും സ്ഥിരം ആസ്ഥാനമാണിത്. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്ത ശേഷം ‘ഹേബമൂസ് പാപ്പാം’ ( നമുക്ക് ഒരു പോപ്പ് ഉണ്ട് ) എന്ന ലാറ്റിന്‍ ഭാഷയിലെ പ്രഖ്യാപനം സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന് നടത്തുമ്പോഴാണ് ലോകം പുതിയ സഭാ തലവനെ ആദ്യമായി കാണുന്നത്.

പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയകളില്‍ മലയാളിയായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന് നിര്‍ണായകമായ റോളാണുള്ളത്. കര്‍ദിനാള്‍ സംഘത്തിലെ ഒമ്പത് ഇലക്ടറല്‍മാര്‍ക്കു ചുമതലകള്‍ ഏല്‍പിക്കുന്നതിനായി നറുക്കെടുക്കുക അദ്ദേഹമാണ്. അതീവരഹസ്യമായി കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലിന്റെ വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലാകും. വോട്ട് പരിശോധനയ്ക്കു ശേഷം ബാലറ്റുകള്‍ കത്തിക്കാനുള്ള മേല്‍നോട്ടവും അദ്ദേഹത്തിനാണെന്നാണു സൂചന.

2024 ഡിസംബര്‍ 7ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം നടത്തിയത്. വൈദികനായിരിക്കെ കര്‍ദിനാള്‍ പദവിയിലേക്കെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. 2021 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിദേശയാത്രകളുടെ ചുമതല വഹിച്ചു. നിലവില്‍ വത്തിക്കാനില്‍ മതസൗഹാര്‍ദ ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top