ശിവഗിരിയിലെ പോലീസ് അതിക്രമത്തിൽ പിണറായിയുടെ ആരോപണം തെറ്റ്; ജുഡീഷ്യല്‍ കമ്മിഷൻ റിപ്പോര്‍ട്ടില്‍ ആന്റണിക്കും പോലീസിനും ക്ലീന്‍ചിറ്റ്

ശിവഗിരി, മുത്തങ്ങ പോലീസ് നടപടികളെ ന്യായീകരിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടുകളുണ്ടായിട്ടും സിപിഎം തന്നെ നിരന്തരം വേട്ടയാടുമ്പോള്‍ കോണ്‍ഗ്രസുകാര്‍ മിണ്ടാതിരിക്കുന്നതില്‍ അമര്‍ഷം പൂണ്ട് എ കെ ആന്റണി. സ്വന്തം പ്രതിഛായ കളങ്കപ്പെടുന്നതില്‍ എന്നും ശ്രദ്ധാലുവായ ആന്റണിയുടെ തുറന്ന് പറച്ചില്‍ കോണ്‍ഗ്രസില്‍ ഇനി ചേരിപ്പോരിന് കളമൊരുക്കുമോ, അതോ സിപിഎമ്മിന്റെ കള്ളം പൊളിച്ചത് കോണ്‍ഗ്രസ് ആഘോഷിക്കുമോ എന്ന് കണ്ടറിയണം. തനിക്കെതിരെ സഭയ്ക്കുള്ളില്‍ ആരോപണങ്ങള്‍ വന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ വേണ്ടവിധം പ്രതിരോധിച്ചില്ല എന്ന വേദനയും പരിഭവവുമാണ് യഥാർത്ഥത്തിൽ ഇന്നലത്തെ വാർത്താ സമ്മേളനത്തില്‍ എ കെ ആന്റണി പങ്കുവെച്ചത്.
1995 ഒക്ടോബര്‍ 11നാണ് ശിവഗിരിയില്‍ പോലീസ് നടപടി ഉണ്ടായത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പോലീസ് നടപടി ഉണ്ടായതെന്നാണ് ആന്റണി പറയുന്നത്. ശിവഗിരി മoത്തിലെ സ്വാമിമാര്‍ തമ്മിലുണ്ടായ അധികാര തര്‍ക്കങ്ങളും കോടതി വ്യവഹാരങ്ങളുമാണ് ഒടുവില്‍ പോലീസ് നടപടിയിലേക്കെത്തിച്ചത്. കോണ്‍ഗ്രസിന് വലിയ തിരിച്ചടി ഉണ്ടാക്കിയ സംഭവമായിരുന്നു ശിവഗിരിയിലെ പോലീസ് നടപടി. 1996ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റു തുന്നം പാടി.
പിന്നിട് അധികാരത്തില്‍ വന്ന ഇകെ നായനാര്‍ സര്‍ക്കാര്‍ ശിവഗിരിയിലെ പോലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി വി ഭാസ്‌കരന്‍ നമ്പ്യാരെ നിയമിച്ചു. എന്നാൽ പോലീസ് നടപടിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് കൊടുക്കുകയാണ് ഉണ്ടായത്. പോലീസ് നടപടി അനിവാര്യമായിരുന്നുവെന്നും അതിന് നേതൃത്വം കൊടുത്ത അന്നത്തെ തിരുവനന്തപുരം റൂറല്‍ എസ് പി ശങ്കര്‍ റെഡിയെ റിപ്പോര്‍ട്ടില്‍ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. ഉത്തമനും മാതൃക പോലീസ് ഉദ്യോഗസ്ഥനും എന്നാണ് അദ്ദേഹത്തെ കമ്മീഷന്‍ വിശേഷിപ്പിച്ചത്.

പോലീസ് നടപടിയെ ന്യായീകരിച്ച്, അത് പൂർണമായും നീതികരിക്കത്തക്ക നടപടി ആയിരുന്നു എന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ 350-ാം പേജില്‍ വ്യക്തമാക്കുന്നത്.
The Commission has, in the previous Chapters, detailed under several heads its reasoning to uphold that the police interference was justified and that there was no police excess.
യഥാര്‍ത്ഥത്തില്‍ സിപിഎമ്മും പിണറായി വിജയനും ഇത് മറച്ചു വെച്ചാണ് ആന്റണിയേയും കോണ്‍ഗ്രസിനേയും ആക്രമിക്കുന്നത്. 1999 ഓഗസ്റ്റ് 28ന് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതേ വര്‍ഷം നവംബര്‍ 24 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് അംഗീകരിച്ച് ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് സഹിതം നിയമസഭയില്‍ സമര്‍പ്പിക്കുകയുംചെയ്തു.

പോലീസ് ബലപ്രയോഗം ഉണ്ടായോ, എങ്കില്‍ ആയതിന് വഴിതെളിച്ച സാഹചര്യങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു ആക്ഷന്‍ ടോക്കണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെയാണ് –
‘പോലീസ് ബലപ്രയോഗം നടത്തി, ഇത് അംഗീകരിക്കപ്പെടേണ്ടതാണ്. മoത്തിലേക്ക് പ്രവേശിക്കുന്നതിനും, തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനും, കല്ലേറില്‍ നിന്ന് സ്വയം രക്ഷപ്പെടുന്നതിനും ആമീന്‍മാരേയും സന്യാസിമാരേയും സമാധാനപരമായി ഓഫീസിലേക്ക് നയിക്കുന്നതിനുമാണ് അവർക്ക് ബലം പ്രയോഗിക്കേണ്ടി വന്നത്’ .
ബലപ്രയോഗം അമിതമായിരുന്നോ, അതോ നീതീകരിക്കത്തക്കതാണോ?
“വളരെ അതിശയോക്തിപരമായ വാങ്മൂല തെളിവുകളുടെ ബാഹുല്യത്തില്‍ പോലീസ് അതിക്രമം നടന്നില്ലെന്നാണ് കമ്മീഷന്റെ നിഗമനം. ജനക്കൂട്ടം രോഷാകുലരായപ്പോൾ ഒന്നോ രണ്ടോ പോലീസ് ഉദ്യോഗസ്ഥര്‍ ധൃതി പിടിച്ച് പ്രവര്‍ത്തിക്കുകയോ അല്‍പം അധികാര പരിധി കടക്കുകയോ ചെയ്താല്‍ വിന്യസിക്കപ്പെട്ട മുഴുവന്‍ പോലീസുകാരേയും ബാധിക്കും വിധം ഇതിനെ പോലീസ് അതിക്രമം എന്ന് പറയാനാവില്ല. എല്ലാ പ്രതികൂല കാലാവസ്ഥകളോടും പോലീസ് ഗണ്യമായ സംയമനത്തോടെയാണ് പെരുമാറിയത് ” – ഇങ്ങനെയായിരുന്നു നായനാര്‍ സര്‍ക്കാരിന്റെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലെ പരാമർശം. ഇത് മറച്ചുവച്ച് എകെ ആന്റണിയെ ഇപ്പോള്‍ പിണറായി വിജയനും സിപിഎമ്മും കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയമായ ദുരുദ്ദേശത്തോടെയാണെന്ന് വ്യക്തമാണ്.
റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ച കാലത്ത് എകെ ആന്റണി പ്രതിപക്ഷ നേതാവായിരുന്നു. 2001ല്‍ 100 സീറ്റ് നേടി ആന്റണിയുടെ നേതൃത്വത്തില്‍ യുഡി എഫ് അധികാരത്തില്‍ വന്നു. ഇക്കാലങ്ങളില്‍ കോണ്‍ഗ്രസിലെ സര്‍വശക്തനായിരുന്ന ആന്റണി ഈ റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് വേണ്ട രീതിയില്‍ ഡിഫന്റ് ചെയ്‌തോ എന്നാരും പറയുന്നില്ല. നായനാര്‍ സര്‍ക്കാര്‍ ഭാസ്‌കരന്‍ നമ്പ്യാര്‍ കമ്മീഷനെ നിയമിച്ച കാലത്ത് പിണറായി വിജയന്‍ അതേ മന്ത്രിസഭയിൽ സഹകരണ – വൈദ്യുതി വകുപ്പുകളുടെ മന്ത്രിയായിരുന്നു.
ഈയടുത്ത കാലത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ. കെ ഗോപിനാഥന്‍ തന്റെ ആത്മകഥയില്‍ ശിവഗിരി സംഭവത്തില്‍ മുഖ്യമന്ത്രി ആന്റണി നടത്തിയത് ചതി ആണെന്ന് എഴുതിയിരുന്നു. മാധ്യമ സിന്‍ഡിക്കറ്റാണ് ഈ വാര്‍ത്ത പുറത്തു കാണ്ടുവന്നത്. ഒരു ചതിപ്രയോഗത്തിലൂടെയാണ് അന്നത്തെ മുഖ്യമന്ത്രി ആന്റണി ശിവഗിരിയില്‍ പോലീസ് ബലപ്രയോഗം നടത്തിയത് എന്നായിരുന്നു ഗോപിനാഥന്റെ ആരോപണം. ഇത് ഏറ്റുപിടിച്ചാണ് സർക്കാരിൻ്റെയും സിപിഎമ്മിൻ്റെയും ഇപ്പോഴത്തെ ആരോപണങ്ങൾ എന്നു കരുതേണ്ടി വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here