വാക്കുകളും മുദ്രാവാക്യവും വേദനിപ്പിച്ചു; സിപിഐക്കെതിരെ ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറിയതിന് പിന്നാലെ സിപിഐ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഭക്ഷ്യമന്ത്രി ജി ആർ അനിലിനും സിപിഐ നേതാവ് പ്രകാശ് ബാബുവിനും എതിരെയാണ് ശിവൻകുട്ടി ആഞ്ഞടിച്ചത്. തന്നെ അപമാനിക്കാനും വർഗീയവാദിയാക്കി ചിത്രീകരിക്കാനും ശ്രമമുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു.

സിപിഐ ഓഫീസിന് മുന്നിൽ വച്ച് മന്ത്രി ജി ആർ അനിൽ തന്നെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്ന് ശിവൻകുട്ടി ആരോപിച്ചു. ബിനോയ് വിശ്വത്തെ കണ്ട് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് വിശദീകരിക്കാനാണ് താൻ സിപിഐ ഓഫീസിൽ പോയതെന്നും, അതിനുമുമ്പ് അനിലിനെ ഫോണിൽ വിളിച്ചിരുന്നുവെന്നും ശിവൻകുട്ടി വ്യക്തമാക്കി.

Also Read : വിദ്യാഭ്യാസ മന്ത്രിയെ അഭിനന്ദിച്ച് ABVP; ഇടതുപക്ഷത്തെ വഞ്ചിച്ച ശിവൻകുട്ടി ചേട്ടന് അഭിവാദ്യങ്ങൾ അറിയിച്ച് AISF

താനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്, “ഒരാൾ ഓഫീസിൽ വന്നാൽ സംസാരിക്കണമല്ലോ” എന്ന മട്ടിലാണ്. ഇത് മര്യാദയില്ലാത്ത സംസ്‌കാരമാണെന്നും തന്നെ അവഹേളിക്കുന്ന രീതിയിലുള്ള പ്രതികരണമായിരുന്നു അതെന്നും ശിവൻകുട്ടി തുറന്നടിച്ചു. “ഒരിക്കലും ആർക്കും വേദന ഉണ്ടാകുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ലായിരുന്നു. വാക്കുകൾ ശ്രദ്ധിച്ചു പ്രയോഗിക്കുന്നത് എല്ലാവർക്കും നല്ലതാണ്. വേദന തോന്നുന്ന പ്രതിഷേധം ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ഉണ്ടാകാൻ പാടില്ലെന്നും” മന്ത്രി ശിവൻകുട്ടി പറഞ്ഞു.

പ്രകാശ് ബാബു സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗം എംഎ ബേബിയെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. “എന്ത് അടിസ്ഥാനത്തിലാണ് ബേബി നിസ്സഹായനാണ് എന്ന് പറഞ്ഞത്, ബേബിയോട് സഹതാപം എന്നും പറഞ്ഞു. ഞങ്ങളുടെ പാർട്ടി ജനറൽ സെക്രട്ടറിയാണ്, തീരെ മര്യാദ കുറഞ്ഞ വാക്കുകളാണ് പ്രകാശ് ബാബു പറഞ്ഞത്,” ശിവൻ കുട്ടി പറഞ്ഞു.

സിപിഐയുടെ യുവജന, വിദ്യാർഥി സംഘടനകളായ എഐഎസ്എഫ്, എഐവൈഎഫ് എന്നിവ അതിരുകടന്ന് പ്രതിഷേധിച്ചതായും മന്ത്രി ആരോപിച്ചു. തന്റെ കോലം കത്തിച്ചത് എന്തിനാണെന്നും, വീട്ടിലേക്ക് രണ്ടു തവണ പ്രകടനം നടത്തിയെന്നും ശിവൻകുട്ടി ചോദിച്ചു. ഇത് സംബന്ധിച്ച് ബിനോയ് വിശ്വത്തെ വിളിച്ച് പരാതിപ്പെട്ടപ്പോൾ, ഇരുസംഘടനകളും ചെയ്തത് ശരിയായില്ലെന്ന് അദ്ദേഹം സമ്മതിച്ചതായും ശിവൻകുട്ടി വ്യക്തമാക്കി. തന്റെ ചരിത്രം അറിയാത്തവരാണ് തന്നെ വർഗീയവാദിയാക്കാൻ ശ്രമിക്കുന്നതെന്ന് ശിവൻകുട്ടി കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top