‘പത്താം ക്ലാസിൽ പഠിച്ച കുട്ടിയെ എട്ടാം ക്ലാസിൽ ഇരുത്താൻ പറ്റില്ലല്ലോ’; ആര്യയ്ക്ക് സീറ്റ് നിഷേധിച്ചതിൽ മന്ത്രിയുടെ മറുപടി

മുൻ മേയർ ആര്യ രാജേന്ദ്രന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമായ വിശദീകരണം നൽകി. വിദ്യാർത്ഥിയുടെ ഉദാഹരണം പറഞ്ഞുകൊണ്ടാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ‘പത്താം ക്ലാസിൽ പഠിച്ച കുട്ടിയെ എട്ടാം ക്ലാസിൽ കൊണ്ടുവന്ന് വീണ്ടും ഇരുത്താൻ പറ്റില്ലല്ലോ?’ എന്നാണ് ശിവൻകുട്ടി പറഞ്ഞത്.
‘തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ എന്ന വലിയ പദവി വഹിച്ച ആളാണ് ആര്യ രാജേന്ദ്രൻ. അതിനാൽ, അവർക്ക് വീണ്ടും അതേ തദ്ദേശ സ്ഥാപനത്തിൽ തന്നെ അവസരം നൽകേണ്ട കാര്യമില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. മേയർ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആര്യ ഇനി നിയമസഭയിലേക്കോ പാർലമെന്റിലേക്കോ മത്സരിക്കുന്നത് പോലുള്ള ഉയർന്ന സ്ഥാനങ്ങളിലേക്ക് ശ്രദ്ധിക്കണം. കഴിവുള്ള പുതിയ ആളുകൾക്ക് അവസരം നൽകുക എന്ന പാർട്ടിയുടെ നയത്തിന്റെ ഭാഗം കൂടിയാണ് ഈ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു’.
ആര്യ തന്‍റെ പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാന്‍ പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, ഉള്ളൂരിൽ സിപിഎമ്മിന്റെ വിമത സ്ഥാനാർത്ഥി വന്നതിനെക്കുറിച്ച് ശിവൻകുട്ടി പ്രതികരിച്ചു. ‘വലിയ രാഷ്ട്രീയ പാർട്ടികൾക്ക് ഇടയിൽ ഇത്തരം അപശബ്ദങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. വിമത സ്ഥാനാർത്ഥികൾ ജനാധിപത്യം തുടങ്ങിയ കാലം മുതൽക്കേ ഉള്ളതാണ്. 101 സ്ഥാനാർത്ഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ. സീറ്റ് കിട്ടാത്ത ചിലർ ഇത്തരം വിമതരാകും. എന്നാൽ ബിജെപിയിൽ ഉള്ളതുപോലുള്ള മോശം അവസ്ഥ പാർട്ടിയിൽ ഇല്ലെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here