വീണ്ടും ചികിത്സാപിഴവ്? യുവതി അണുബാധയേറ്റ് മരിച്ചതിൽ പ്രതിഷേധം ശക്തം

പ്രസവത്തെ തുടർന്ന് യുവതി അണുബാധയേറ്റ് മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും. തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ ശിവപ്രിയയാണ് മരിച്ചത്. യുവതിയുടെ മരണം ആശുപത്രിയിൽ നിന്നുള്ള അണുബാധ മൂലമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ മാസം 22-ന് പ്രസവവേദനയെ തുടർന്ന് ശിവപ്രിയയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസവത്തിന് ശേഷം മൂന്ന് ദിവസം ആശുപത്രിയിൽ കഴിഞ്ഞ് 25-ാം തീയതി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെ ശിവപ്രിയയ്ക്ക് പനിയും ശാരീരികാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടു. ഇതോടെ വീണ്ടും എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശരീരത്തിൽ അണുബാധ ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് യുവതിയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില മോശമായതോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രോഗം മൂർച്ഛിച്ച് അല്പം മുമ്പ് മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നാണ് അണുബാധയേറ്റതെങ്കിൽ എന്തുകൊണ്ട് നേരത്തെ വിവരം അറിയിച്ചില്ല എന്നാണ് കുടുംബം ചോദിക്കുന്നത്.
ചികിത്സാപ്പിഴവ് സംഭവിച്ചിട്ടുണ്ടെന്ന പരാതിയെ സാധൂകരിക്കുന്ന തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ബന്ധുക്കൾ പറയുന്നു. മരണത്തെ തുടർന്ന് ശിവപ്രിയയുടെ കുടുംബവും നാട്ടുകാരും എസ്.എ.ടി ആശുപത്രിക്കു മുന്നിൽ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here