ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി ഉദ്ധരിച്ച ആറ് തെളിവുകൾ !!

മാർച്ച് 24ന് വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ 24കാരിയായ ഐബി ഉദ്യോഗസ്ഥ, നേരെ പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപത്തെത്തി ട്രെയിനിന് മുന്നിലേക്ക് നടന്നുകയറി മരണം ഏറ്റുവാങ്ങുകയായിരുന്നു. ഫോൺകോൾ രേഖകളിൽ നിന്നും മറ്റുമായി സഹപ്രവർത്തകൻ സുകാന്തിൻ്റെ പങ്ക് തൊട്ടുപിന്നാലെ തന്നെ വ്യക്തമായിരുന്നു. ഇതോടെ അറസ്റ്റ് ഒഴിവാക്കാൻ മുങ്ങിയ സുകാന്തിൻ്റെ അവസാന വഴിയും അടഞ്ഞത് ഇന്നത്തെ ഹൈക്കോടതി ഉത്തരവിലൂടെയാണ്. മുൻകൂർ ജാമ്യം നിഷേധിച്ച് കൊണ്ട് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് എടുത്ത് ഉദ്ധരിച്ച ആറു കാര്യങ്ങൾ അതീവ നിർണായകമാണ്.

1) ഐബി ഉദ്യോഗസ്ഥയുമായി ബന്ധമുള്ളപ്പോൾ തന്നെ പ്രതി വേറെ രണ്ടിലേറെ സ്ത്രീകളുമായി ശാരീരിക ബന്ധം അടക്കം പുലർത്തിയിരുന്നു.
2) പ്രതി പെൺകുട്ടിയുടെ മേൽ വല്ലാത്ത അധികാരം പ്രയോഗിച്ചിരുന്നു, അതിന് തെളിവാണ് കഴിഞ്ഞ ഒക്ടോബർ മുതലുള്ള ശമ്പളം പൂർണ്ണമായും പ്രതിക്ക് അയച്ചു കൊടുത്തിരുന്നു എന്ന വസ്തുത.
3) പെൺകുട്ടി പ്രതിയിൽ നിന്ന് ഗർഭിണിയായി, തുടർന്ന് അയാളുടെ ഇടപെടലിൽ തന്നെ അബോർഷൻ നടത്തുകയും ചെയ്തു.
4) പെൺകുട്ടിയെ പ്രതി മാനസികമായി വല്ലാതെ പീഡിപ്പിക്കുകയും, മേധാവിത്തം പുലർത്തുകയും, എല്ലാത്തിലും അയാൾക്ക് വഴങ്ങാനായി നിർബന്ധിക്കുകയും ചെയ്തിരുന്നതായി വാട്സ്ആപ് ചാറ്റുകളിൽ നിന്ന് വ്യക്തം.
5) മരിക്കാനായി പെൺകുട്ടിയെ പ്രേരിപ്പിക്കുകയും, ജീവനൊടുക്കുന്ന തീയതി കുറിയ്ക്കാൻ എന്ന മട്ടിൽ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നതായി സാക്ഷിമൊഴികളിൽ നിന്നും വാട്സ്ആപ് ചാറ്റുകളിൽ നിന്നും തെളിയുന്നു.
6) മരണത്തിന് തൊട്ടുമുമ്പ് കടുത്ത സമർദത്തിലെന്ന മട്ടിൽ പെൺകുട്ടി ആർക്കോ മെസേജ് ടൈപ്പ് ചെയ്യുന്നത് കണ്ടവരുണ്ട്, അത് ആർക്കാണ് അയച്ചതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എങ്കിലും ട്രെയിനിന് മുന്നിൽ ചാടുന്നതിന് തൊട്ടുമുമ്പ് ഫോണിൽ സംസാരിച്ചത് പ്രതിയോട് ആണെന്ന് തെളിഞ്ഞിട്ടുണ്ട്.
സർക്കാർ അഭിഭാഷകയുടെ വാദം കേട്ടത് കൂടാതെ അന്വേഷണസംഘം ഹാജരാക്കിയ കേസ് ഡയറി കൂടി പരിശോധിച്ചാണ് ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന തീരുമാനത്തിലേക്ക് ഹൈക്കോടതി എത്തിയത്. അതുകൊണ്ട് തന്നെ ഈ കേസിൻ്റെ കാലത്തുടനീളം ഇക്കാര്യങ്ങൾ പ്രതിക്ക് തിരിച്ചടിയാകുമെന്നും ഉറപ്പായി. ഈ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് സുകാന്ത് പോലീസിന് മുന്നിൽ കീഴടങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here