ആറുവയസ്സുകാരിയെ അച്ഛനും രണ്ടാനമ്മയും ചേർന്ന് തല്ലിക്കൊന്നു; ക്രൂരത വസ്ത്രം അഴുക്കാക്കിയതിന്

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് മനസാക്ഷിയെ നടുക്കിയ ക്രൂരത അരങ്ങേറിയത്. വെറും ആറുവയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛനും രണ്ടാനമ്മയും ചേർന്നാണ് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്. വസ്ത്രം അഴുക്കാക്കിയതിനായിരുന്നു കുട്ടിയോട് ഇവർ ഈ ക്രൂരത കാട്ടിയത്. ഗാസിയാബാദിലെ ദാസ്ന മേഖലയിലാണ് ഷിഫ എന്ന ആറുവയസ്സുകാരി കൊല്ലപ്പെട്ടത്.
ഞായറാഴ്ച വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന ഷിഫ അബദ്ധത്തിൽ അഴുക്കുചാലിൽ വീഴുകയും വസ്ത്രം അഴുക്കാവുകയും ചെയ്തു. ഇതുകണ്ട് പ്രകോപിതരായ അച്ഛൻ അക്രമും രണ്ടാനമ്മ നിഷയും ചേർന്ന് കുട്ടിയെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിന് ശേഷം കുട്ടിയെ വീടിന്റെ ടെറസിൽ കൊടും തണുപ്പത്ത് ഉപേക്ഷിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
അയൽക്കാരുടെ പരാതിയെത്തുടർന്ന് പൊലീസ് എത്തി നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കുട്ടിയുടെ ശരീരത്തിൽ 13 ഇടങ്ങളിൽ പരിക്കേറ്റ പാടുകളുണ്ട്. വാരിയെല്ലുകൾ ഒടിയുകയും തലയ്ക്കുള്ളിൽ രക്തം കട്ടപിടിക്കുകയും ചെയ്തിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അക്രമും രണ്ടാനമ്മ നിഷയും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. അക്രമിന്റെ ആദ്യ ഭാര്യ തരാന മൂന്ന് വർഷം മുൻപാണ് മരിച്ചത്. ആ ബന്ധത്തിലുള്ള മൂന്ന് കുട്ടികളിൽ ഒരാളാണ് കൊല്ലപ്പെട്ട ഷിഫ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here