‘സ്കിൻ ഫാസ്റ്റിംഗ്’! ക്രീമുകൾക്ക് അവധി നൽകാം; ഇതാണ് ഏറ്റവും പുതിയ സൗന്ദര്യ രഹസ്യം

സൗന്ദര്യ സംരക്ഷണത്തിൽ ഇന്ന് ഏറ്റവും ചർച്ചയാവുന്ന പുതിയ ട്രെൻഡാണ് ‘സ്കിൻ ഫാസ്റ്റിംഗ്’ (Skin Fasting). അതായത്, കുറഞ്ഞ സമയത്തേക്ക് സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നിർത്തി, ചർമ്മത്തെ അതിന്റെ സ്വാഭാവിക രീതിയിൽ സ്വയം നന്നാക്കാൻ അനുവദിക്കുന്ന രീതിയാണിത്. ഉൽപ്പന്നങ്ങൾ വാരിപ്പൂശാതെ ചർമ്മത്തിന് ശ്വാസം നൽകുകയും, സ്വന്തം കേടുപാടുകൾ പരിഹരിക്കാൻ അവസരം നൽകുകയുമാണ് ഈ ആശയത്തിന് പിന്നിൽ. ഇത് വെറുമൊരു ഓൺലൈൻ തരംഗമാണോ അതോ ഇതിന് ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന് പരിശോധിക്കാം.
റെറ്റിനോൾ, വിറ്റാമിൻ സി, എക്സ്ഫോളിയേറ്റിംഗ് ആസിഡുകൾ തുടങ്ങിയ ശക്തമായ രാസവസ്തുക്കൾ അടങ്ങിയ ക്രീമുകളും ലേപനങ്ങളും, ആളുകൾ അതിന്റെ ഗുണദോഷങ്ങൾ അറിയാതെ ഉപയോഗിക്കുന്നു. അങ്ങനെ ഒരുപാട് ഉൽപ്പന്നങ്ങൾ ഒരുമിച്ച് ഉപയോഗിക്കുമ്പോൾ, ചർമ്മത്തിന്റെ ഏറ്റവും പുറമെയുള്ള സംരക്ഷണ പാളിക്ക് (Skin Barrier) കേടുപാട് സംഭവിക്കും എന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്. ഈ പാളിയാണ് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുകയും, പുറത്തുനിന്നുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നത്. ഇത് കേടായാൽ ചർമ്മം പെട്ടെന്ന് ചുവക്കുക, ചൊറിച്ചിൽ, മുഖക്കുരു, മങ്ങൽ എന്നിവ കാണിച്ചു തുടങ്ങും. ഈ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്, ചർമ്മം ക്ഷീണിച്ചു എന്നതിന്റെ സൂചനയാണ്.
ഇതിനൊരു പ്രതിവിധി തന്നെയാണ് ‘സ്കിൻ ഫാസ്റ്റിംഗ്’. കൂടുതൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നിർത്തുമ്പോൾ, ക്ഷീണിച്ച ചർമ്മത്തിന് സ്വയം സുഖപ്പെടാൻ സമയം കിട്ടുന്നു. എന്നാൽ എല്ലാം ഒറ്റയടിക്ക് നിർത്തുകയല്ല പകരം നിയന്ത്രണങ്ങളാണ് വേണ്ടത്. അതിന് ഡോക്ടർമാർ നിർദ്ദേശിക്കുന്ന ലളിതമായ വഴി ഇതിക്കെയാണ്. രണ്ട്-മൂന്ന് ദിവസം മറ്റ് ക്രീമുകൾ, സെറം എന്നിവ ഒഴിവാക്കുക. മുഖം കഴുകാൻ മൈൽഡ് ആയ സോപ്പ്/ക്ലെൻസർ ഉപയോഗിക്കുക. ഈർപ്പം നിലനിർത്താൻ ലളിതമായ മോയ്‌സ്ചുറൈസർ ഉപയോഗിക്കാം. പുറത്ത് പോകുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കുക. ഈ ദിവസങ്ങൾ കഴിയുമ്പോൾ തന്നെ ചർമ്മത്തിന് ശാന്തതയും ഉന്മേഷവും തിരികെ കിട്ടും.
ചർമ്മം സാധാരണ നിലയിലായ ശേഷം, ഓരോ ഉൽപ്പന്നവും ശ്രദ്ധയോടെ മാത്രം തിരികെ കൊണ്ടുവരിക. എന്നാൽ വീണ്ടും ഉപയോഗിക്കുമ്പോൾ ഒരുപാട് ക്രീമുകൾ ഒരുമിച്ച് ഉപയോഗിക്കരുത്. പകരം ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോൾ ഓരോ ഉൽപ്പന്നമായി മാത്രം ഉപയോഗിച്ച് തുടങ്ങുക. ഇങ്ങനെ ചെയ്താൽ, ഏത് ഉൽപ്പന്നമാണ് നിങ്ങൾക്ക് ചേരുന്നതെന്നും അല്ലാത്തതെന്നും എളുപ്പത്തിൽ മനസ്സിലാക്കാം. എല്ലാ ക്രീമുകളും ഉപേക്ഷിക്കാനല്ല പറയുന്നത്. മറിച്ച്, മിതത്വം പാലിക്കുക. ചിലപ്പോൾ കുറഞ്ഞ പരിചരണം നൽകുന്നത് തന്നെയാണ് ചർമ്മത്തിന് ഏറ്റവും നല്ലത് എന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here