SV Motors SV Motors

മഴക്കാലത്തെ ചര്‍മപരിചരണം; ശ്രദ്ധിക്കാം ഈ അഞ്ചുകാര്യങ്ങള്‍

ചുട്ടുപൊള്ളുന്ന വേനൽച്ചൂട് കടന്ന് മണ്‍സൂണ്‍ സീസണെത്തിയിരിക്കുന്നു. ഏത് കാലാവസ്ഥയിലും എന്നതുപോലെ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്താൻ പ്രായഭേദമന്യേ, മൺസൂൺ കാലത്തും ശരിയായ ചർമസംരക്ഷണം ആവശ്യമാണ്. ഈർപ്പത്തിന്റെ നില ഉയരുന്നതടക്കം നിരവധി കാലാവസ്ഥാമാറ്റങ്ങളുണ്ടാകുന്ന മഴക്കാലത്ത് മുഖക്കുരു അടക്കം ചർമപ്രശ്നങ്ങളൊഴിവാക്കാന്‍ ഈ അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിക്കാം.

ക്ലെന്‍സിംഗ്: സാലിസിലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള ക്ലെൻസറുകളാണ് മഴക്കാല ക്ലെന്‍സിംഗിന് അനുയോജ്യം. അമിത സ്രവം ഒഴിവാക്കാന്‍ ഇതുസഹായിക്കും. ക്ലെന്‍സറുകള്‍ ഉപയോഗിക്കുമ്പോള്‍ വീര്യം കുറഞ്ഞവ തിരഞ്ഞെടുക്കുകയും ദിവസം രണ്ടുതവണയെങ്കിലും ഉപയോഗിക്കുകയും ചെയ്യാം.

എക്സ്ഫോളിയേഷൻ: മഴക്കാല ചർമ്മസംരക്ഷണ ദിനചര്യയുടെ ഭാഗമായി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ സ്ക്രബിംഗ് പോലുള്ള എക്സ്ഫോളിയേഷന്‍ ചെയ്യാം. അധികമായി എക്സ്ഫോളിയേറ്റ് ചെയ്യുന്നത് ചർമത്തിന്റെ സ്വാഭാവിക ഈർപ്പത്തെ ബാധിക്കും എന്നതിനാല്‍ അതത് ചർമത്തിന് അനിയോജ്യമായ രീതിയില്‍ എക്സ്ഫോളിയേഷന്‍ മാർഗങ്ങള്‍ പരിമിതപ്പെടുത്താം.

ചർമ്മത്തിലെ എണ്ണമയം: മൺസൂൺ കാലത്ത് ചർമത്തില്‍ അമിതമായ എണ്ണ ഉൽപ്പാദനമുണ്ടാകുന്നത് മുഖക്കുരുവിലേക്ക് നയിക്കാം. ചർമത്തിലെ എണ്ണമയം നിയന്ത്രിക്കാൻ നിയാസിനാമൈഡ്, ഗ്രീൻ ടീ, അല്ലെങ്കിൽ ടീ ട്രീ എന്നിവ അടങ്ങിയ ആൽക്കഹോളില്ലാത്ത സ്കിന്‍ മിസ്റ്റുകള്‍ ഉപയോഗിക്കാം. യാത്ര ചെയ്യുമ്പോള്‍ ബ്ലോട്ടിംഗ് പേപ്പറുകളോ ടിഷ്യൂകളോ കെെയ്യില്‍ കരുതുന്നത് ഗ്രീസീ ലുക്ക് ഒഴിവാക്കാന്‍ ഒരു പരിധി വരെ സഹായിക്കും.

സൺസ്‌ക്രീൻ: വേനല്‍ക്കാലം അവസാനിച്ചു എന്ന കാരണത്താല്‍ ഒരു കാരണവശാലും സണ്‍സ്ക്രീന്‍ ഉപയോഗത്തില്‍ വീഴ്ചവരുത്തരുത്. മഴയുള്ള ദിവസങ്ങളില്‍പോലും SPF 30 യോ അതിന് മുകളിലോ ഉള്ള സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. ഓരോ മണിക്കൂറിലും സൺസ്ക്രീൻ വീണ്ടും പുരട്ടുക. മഴ നനയുന്ന സാഹചര്യത്തിലും സണ്‍സ്ക്രീന്‍ വീണ്ടും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ ഒരു ജെല്‍ സണ്‍സ്ക്രീനിലേക്ക് മാറുക. ഈർപ്പം വില്ലനാകുന്ന മഴക്കാലത്ത് മിനിമല്‍ മേക്കപ്പ് ലുക്കുകള്‍ തിരഞ്ഞെടുക്കാം. വാട്ടർ പ്രൂഫ് മേക്കപ്പ് ഓപ്ഷനുകളിലേക്ക് മാറാനുള്ള സമയമാണിത്.

ആന്റി ഫംഗൽ മുന്‍കരുതലുകള്‍: മഴക്കാലത്തെ ഈർപ്പം ചർമ്മത്തിൽ ഫംഗസ്, ബാക്ടീരിയ എന്നിവയുടെ വളർച്ച വർദ്ധിപ്പിക്കുന്നു. ഫംഗസ് അണുബാധയ്ക്ക് സാധ്യതയുള്ള ശരീരഭാഗങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കുക. ആവശ്യമായി വന്നാല്‍ ഡെർമറ്റോളജിസ്റ്റിന്റെ നിർദ്ദേശപ്രകാരം ആന്റിഫംഗൽ പൗഡറോ ക്രീമോ ഉപയോഗിക്കുക. നനഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top