കുഞ്ഞിന്റെ കരച്ചിലടക്കാൻ സ്മാർട് ഫോൺ കൊടുക്കാറുണ്ടോ? സൂക്ഷിക്കുക; കാത്തിരിക്കുന്നത് വലിയ വിപത്തുകൾ

വാശിപിടിച്ചു കരയുന്ന കുട്ടികളുടെ കരച്ചിൽ അടക്കാനായി അവരുടെ കൈകളിലേക്ക് സ്മാർട്ഫോൺ നൽകുന്നവരാണ് നമ്മളിൽ പലരും. കാക്കയെയും പൂച്ചയെയും കണ്ട് വളരേണ്ട ബാല്യം സ്മാർട് ഫോൺ സ്ക്രീനിലേക്ക് ഒതുങ്ങുമ്പോൾ ഭാവിയിൽ അവരെ കാത്തിരിക്കുന്നത് ആത്മഹത്യാ ചിന്തയും സ്വഭാവ വൈകല്യങ്ങളും ഉൾപ്പടെയുള്ള ഗുരുതര പ്രശ്നങ്ങളാണ്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജേണൽ ഓഫ് ഹ്യൂമൻ ഡവലപ്മെന്റ് ആൻഡ് കേപ്പബിലിറ്റീസ് (Journal of Human Development and Capabilities) ഒരു ലക്ഷത്തിലധികം കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
13 വയസ്സിന് മുമ്പ് സ്മാർട്ഫോൺ ഉപയോഗിച്ച് തുടങ്ങുന്ന കുട്ടികളിൽ 31 ശതമാനത്തിനും പിൽക്കാലത്ത് ആത്മഹത്യാ ചിന്തകൾ ഉണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു. ആൺകുട്ടികളെക്കാളും പെൺകുട്ടികളിലാണ് കുട്ടിക്കാലത്തെ സ്മാർട്ഫോൺ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുക. 14 വയസ്സ് വരെ സ്മാർട് ഫോണുകൾ നൽകാനേ പാടില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ താര ത്യാഗരാജൻ പറയുന്നു. സാമൂഹിക ചുറ്റുപാടുകൾ തലച്ചോറിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞയാണ് താര ത്യാഗരാജൻ.
Also Read : സ്കൂളുകളിൽ ‘ഹെൽപ്പ് ബോക്സ്’ വരുന്നു; കുട്ടികൾക്ക് ഇനി ധൈര്യമായി പരാതികൾ അറിയിക്കാം
കുട്ടിക്കാലത്തെ മൊബൈൽ ഉപയോഗം അമിത ദേഷ്യം, ജീവിതത്തോടുള്ള വിരക്തി എന്നിവക്ക് കാരണമാകുമെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. മദ്യത്തിന്റെയും പുകയിലൂടെയും ഉപയോഗത്തിന് പ്രായ നിയന്ത്രണം നടപ്പിലാക്കുന്നത് പോലെ മൊബൈൽ ഉപയോഗത്തിനും പ്രായ നിയന്ത്രണം കൊണ്ടുവരണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്.
14 വയസ്സിനു ശേഷം സ്മാർട്ഫോൺ, ഇന്റർനെറ്റ് എന്നിവ ഏത് രീതിയിൽ സുരക്ഷിതമായി ഉപയോഗിക്കണമെന്നും സുരക്ഷിതമല്ലാത്ത ഇന്റർനെറ്റ് ഉപയോഗം എന്തെല്ലാം ആപത്തുകൾ വരുത്തിവയ്ക്കും എന്നതിനെക്കുറിച്ചും കൃത്യമായ ഡിജിറ്റൽ സാക്ഷരത നൽകിയതിനു ശേഷമേ കുട്ടികളെ സ്മാർട് ഫോൺ ലോകത്തിലേക്ക് കൈപിടിച്ച് നടത്താൻ പാടുള്ളു എന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here